09 May 2024 Thursday

കുളങ്കര താലപ്പൊലി മഹോത്സവം ബ്രോഷർ പ്രകാശനം ചെയ്തു

ckmnews


 കൊടിയേറ്റം നാളെ, ഉത്സവം 21 ന്


എടപ്പാൾ: ശുകപുരം കുളങ്കര ഭഗവതീക്ഷേത്രത്തിലെ 15 ദിവസം നീളുന്ന താലപ്പൊലി മഹോത്സവത്തിന് ഞായറാഴ്ച കൊടിയേറും. തന്ത്രി കെ.ടി.നാരായണൻ നമ്പൂതിരിപ്പാട്, ശബരിമല മുൻ മേൽശാന്തി തെക്കിനിയേടത്ത് കൃഷ്ണൻ നമ്പൂതിരി, ക്ഷേത്രം മേൽശാന്തി പി.ശ്രീധരൻ നമ്പൂതിരി, ദേവദാസ് നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിലാണ് കൊടിയേറ്റം നടക്കുക. പുവ്വത്താൻ കണ്ടി കൃഷ്ണൻ സ്മാരക കൂത്തു കമ്മിറ്റിയുടെ വകയായി വൈകുന്നേരം 6.30-ന് കേളി, കേരള കലാമണ്ഡലത്തിലെ സുരേഷ് കാളിയത്തിന്റെ ഓട്ടൻതുള്ളൽ, തായമ്പക, മേളം, എഴുന്നള്ളിപ്പ്, പാവക്കൂത്ത് എന്നിവയാണ് ആദ്യദിന പരിപാടികൾ.

ജനുവരി 21-ന് നടക്കുന്ന താലപ്പൊലി വരെ വിവിധ കൂത്തുത്സവകമ്മിറ്റികളുടെ വകയായി

കലാമണ്ഡലം ഷംല രാജേഷ്, നയനനാരായണൻ, ചെന്നൈ നൃത്യതരംഗം, സൃഷ്ടി നൃത്തകലാലയം, തപസ്യ നൃത്തനൃത്യങ്ങൾ, വൈഷ്ണവ, ശ്രീഭദ്ര എന്നീ സംഘങ്ങളുടെ തിരുവാതിരക്കളി, എടപ്പാൾ ഹോസ്പിറ്റൽ ഗായകസംഘത്തിന്റെ ഗാനമേള, കലാമണ്ഡലത്തിന്റെ ശീതങ്കൻ തുള്ളൽ, അഭിരാമി ദേവിയുടെ നാട്യനാടകം, താലം വരവുകൾ, വട്ടംകുളം ഗ്രാമീണ വായനശാലയുടെ അക്ഷരശ്ലോകസദസ്, ശുകപുരം വാദ്യകലാക്ഷേത്രത്തിന്റ പഞ്ചാരിമേളം തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ നടക്കും. 21-ന് താലപ്പൊലി നാളിൽ രാവിലെ ഓട്ടൻതുള്ളൽ, നാദസ്വരം, അഞ്ച് ആനയോടെ എഴുന്നള്ളിപ്പ്, പഞ്ചവാദ്യം, മേളം, കാളവേല, നാടൻ കലാപ്രകടനങ്ങൾ, ശുകപുരം കുളങ്കര വെടിക്കെട്ട് കമ്മിറ്റി, ടീം നടുവട്ടം എന്നിവരുടെ വെടിക്കെട്ട് എന്നിവ പകൽപൂരത്തിൽ നടക്കും. രാത്രി ത്രിബിൾ തായമ്പക, കേളി, ആയിരത്തിരി എന്നിവയും നടക്കും.

ബ്രോഷർ പ്രകാശനം ചെയ്തു

ഉത്സവത്തിന്റെ ബ്രോഷർ പ്രകാശനം മേൽശാന്തി പി.ശ്രീധരൻ നമ്പൂതിരിക്ക് നൽകി സെക്രട്ടറി മോഹൻദാസ് ഞാണത്തിൽ നിർവഹിച്ചു. ട്രഷറർ യു.വിശ്വനാഥൻ, ഷോണ കൃഷ്ണൻ, എൻ.പ്രദീപ്, സന്തോഷ് പിഷാരടി, രാമകൃഷ്ണൻ ശുകപുരം, രഞ്ജിത് ശുകപുരം എന്നിവർ പ്രസംഗിച്ചു.