09 May 2024 Thursday

ഇസ്രായേൽ ബന്ധം വിച്ഛേദിച്ച് ബാഴ്‌സലോണ;ഫലസ്തീന്‍ രാഷ്ട്രം അംഗീകരിക്കണമെന്ന് ഇ.യുവിനോട് സ്‌പെയിൻ

ckmnews

ഇസ്രായേൽ ബന്ധം വിച്ഛേദിച്ച് ബാഴ്‌സലോണ;ഫലസ്തീന്‍ രാഷ്ട്രം അംഗീകരിക്കണമെന്ന് ഇ.യുവിനോട് സ്‌പെയിൻ


മാഡ്രിഡ്: ബാഴ്‌സലോണ നഗരസഭാ ഭരണകൂടം ഇസ്രായേലുമായുള്ള ബന്ധം വിച്ഛേദിച്ചതിനു പിന്നാലെ ഫലസ്തീൻ വിഷയത്തിൽ നിലപാട് കടുപ്പിച്ച് സ്‌പെയിൻ. യൂറോപ്യൻ യൂനിയൻ(ഇ.യു) ഫലസ്തീനെ സ്വതന്ത്രരാഷ്ട്രമായി പ്രഖ്യാപിച്ചിക്കണമെന്നാണ് സ്‌പെയിൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഇല്ലെങ്കിൽ സ്വന്തം നിലയ്ക്കു വേണ്ട നടപടികളുമായി മുന്നോട്ടുപോകുമെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചെസ് വ്യക്തമാക്കിയിട്ടുണ്ട്.


അന്താരാഷ്ട്ര സമൂഹം, പ്രത്യേകിച്ച് യൂറോപ്യൻ യൂനിയനും അംഗരാജ്യങ്ങളും ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കേണ്ട സമയമാണിതെന്ന് സാഞ്ചെസ് ഈജിപ്തിലെ റഫാ അതിർത്തിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അഭിപ്രായപ്പെട്ടു. അംഗരാജ്യങ്ങളുടെയെല്ലാം പിന്തുണയോടെ ഒട്ടും ആലോചിക്കാതെ, എത്രയും വേഗം ഈ അംഗീകാരം വരണം. അതുണ്ടായില്ലെങ്കിൽ സ്‌പെയിൻ സ്വന്തം നിലയ്ക്കു തീരുമാനം കൈക്കൊണ്ടുമുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗസ്സയിൽ താൽക്കാലികമായി ആക്രമണം നിർത്തിവച്ചതുകൊണ്ടായില്ലെന്നും സ്ഥായിയായ വെടിനിർത്തലാണു വേണ്ടതെന്നും പെഡ്രോ സാഞ്ചെസ് ആവശ്യപ്പെട്ടു.


ഗസ്സയിൽ യുദ്ധക്കെടുതി അനുഭവിക്കുന്ന ഫലസ്തീനികൾക്കു കൂടുതൽ മാനുഷികസഹായം എത്തിക്കുമെന്നും സാഞ്ചെസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഈജിപ്ത് വഴിയാണു സഹായം എത്തിക്കുന്നത്. ഫലസ്തീനു വേണ്ട മിക്ക സഹായങ്ങളും തങ്ങൾ എത്തിക്കുമെന്ന് സ്പാനിഷ് പ്രധാനമന്ത്രിയുമായുള്ള ചർച്ചയ്ക്കു പിന്നാലെ ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസീസി അറിയിച്ചു. അന്താരാഷ്ട്രസമൂഹം കൂടുതൽ സഹായവാഗ്ദാനങ്ങളുമായി രംഗത്തുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റഫാ അതിർത്തി അടക്കില്ലെന്നും സീസി വ്യക്തമാക്കിയിട്ടുണ്ട്.


ഗസ്സ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഇസ്രായേലുമായുള്ള ബന്ധം വിച്ഛേദിച്ചുകൊണ്ടുള്ള പ്രമേയം കഴിഞ്ഞ ദിവസമാണ് സ്‌പെയിനിലെ പ്രധാന നഗരമായ ബാഴ്‌സലോണയിലെ നഗരസഭാ ഭരണകൂടം പാസാക്കിയത്. ഇസ്രായേൽ ഫലസ്തൻ ജനതയുടെ മൗലികമായ അവകാശങ്ങളെ മാനിക്കുകയും ഗസ്സയിൽ സ്ഥായിയായ വെടിനിർത്തൽ പ്രഖ്യാപിക്കുകയും ചെയ്യുന്നതുവരെ ഇസ്രായേലുമായി സഹകരണമുണ്ടാകില്ലെന്നാണു പ്രഖ്യാപനം.


ഇതാദ്യമായല്ല ബാഴ്‌സലോണ ഇസ്രായേലുമായുള്ള ബന്ധം വിച്ഛേദിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലും അന്നത്തെ ബാഴ്‌സ മേയർ അഡ കൊളാവു ഇസ്രായേലുമായുള്ള ബന്ധം വിച്ഛേദിച്ചതായും തെൽഅവീവുമായുള്ള ഇരട്ടനഗര കരാറിൽനിന്നു പിന്മാറിയതായും പ്രഖ്യാപിച്ചിരുന്നു. എന്നാൽ, മാസങ്ങൾക്കുമുൻപ് സോഷ്യലിസ്റ്റ് നേതാവ് ജാം കോൽബോണിയുടെ നേതൃത്വത്തിലുള്ള പുതിയ ഭരണകൂടം അധികാരമേറ്റ ശേഷം ഇസ്രായേലുമായുള്ള ബന്ധത്തിൽ പൂർവസ്ഥിതിയിലേക്കു മടങ്ങിയിരുന്നു. ഗസ്സ ആക്രമണത്തോടെ കൊളാവുവിന്റെ തീവ്ര ഇടതു പാർട്ടിയായ എൻ കമ്യൂൺ ആണ് പ്രമേയം കൊണ്ടുവന്നത്. കോൽബോണിയുടെ സോഷ്യലിസ്റ്റ് പാർട്ടിയും ഇടത് കക്ഷിയായ ഇ.ആർ.സിയും ഇതിനെ പിന്താങ്ങുകയും ചെയ്തു.