09 May 2024 Thursday

'എല്ലാം ഉത്തരവും തിങ്കളാഴ്ച പിൻവലിക്കും, നവകേരള സദസിന് വിദ്യാർത്ഥികളെ ഉപയോഗിക്കില്ല', സർക്കാർ ഹൈക്കോടതിയിൽ

ckmnews



കൊച്ചി : നവകേരള സദസിനായി ഇനി വിദ്യാർത്ഥികളെ ഉപയോഗിക്കില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. കുട്ടികളെ പങ്കെടുപ്പിക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ ഇറക്കിയ എല്ലാ ഉത്തരവുകളും തിങ്കളാഴ്ചയോടെ പിൻവലിക്കും. നവകേരള സദസ്സിന് ആളുകളെ എത്തിക്കാൻ സ്കൂൾ ബസുകൾ വിട്ടു നൽകണമെന്ന് നിർദേശം നൽകിയ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവും ഉടനെ പിൻവലിക്കും. കഴിഞ്ഞ ദിവസം നവകേരള സദസ്സിനു അഭിവാദ്യമർപ്പിക്കാനായി വിദ്യാർത്ഥികളെ പൊരിവെയിലത്ത് നിറുത്തി മുദ്രാവാക്യം വിളിപ്പിച്ചതടക്കമുള പെറ്റിഷനുകൾ പരിഗണിച്ചപ്പോഴാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. സ്കൂൾ ബസുകൾ വിട്ടു നൽകണം എന്നു നിർദേശം നൽകിയ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് ചോദ്യം ചെയ്തു കാസർഗോഡ് കോട്ടോടി സ്വദേശി ഫിലിപ്പ് ജോസഫ് നൽകിയ ഹർജ്ജി, ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പരിഗണിച്ചപ്പോഴാണ് സർക്കാർ നിലപാട് അറിയിച്ചത്.

കുട്ടികളെ വെയിലത്ത് നിർത്തിയതിന്റെ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ വലിയ പ്രതിഷേധമാണ് കഴിഞ്ഞ ദിവസം ഉയർന്നത്. തലശ്ശേരിയിൽ സ്കൂൾ കുട്ടികളെ വെയിലത്ത് നിർത്തിയത് വിവാദമായതോടെ, മന്ത്രിമാരുടെ ബസിന് കൈകാണിക്കാൻ കുട്ടികളെ ഇറക്കിനിർത്തേണ്ടെന്ന് മുഖ്യമന്ത്രി ഇന്നലെ നിർദേശം നൽകിയിരുന്നു. പ്രത്യേക സമയത്ത് സ്കൂൾ കുട്ടികളെ ഇറക്കി നിർത്തുന്നത് ഗുണകരമല്ലെന്നായിരുന്നു മാധ്യമങ്ങളെ കണ്ട വേളയിൽ പിണറായി വിജയന്റെ വിശദീകരണം. 

വഴിനീളെ കുട്ടികളുടെ പങ്കാളിത്തം നവകേരള സദസ്സിന്ർറെ വിജയമായി മുഖ്യമന്ത്രി അവതരിപ്പിക്കുമ്പോഴാണ് എൽപി സ്കൂൾ കുട്ടികളെ വെയിലത്ത് നിർത്തി മുദ്രാവാക്യം വിളിപ്പിക്കുന്ന അധ്യാപകരുടെ ദൃശ്യങ്ങൾ തലശ്ശേരി ചമ്പാട്ട് നിന്നും വന്നത്. പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ടപ്പോൾ, കുട്ടികളെ റോഡരികിൽ നിർത്തിയെന്നായിരുന്നു കുട്ടികളെ വെയിലത്ത് നിർത്തിയതിൽ അധ്യാപകരുടെ വിശദീകരണം. പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകൾ ബാലാവകാശ കമ്മീഷനടക്കം പരാതി നൽകി. വിവാദമായതോടെ സ്കൂളിന് കുട്ടികളെ ഇറക്കിയുളള അഭിവാദ്യം ആവർത്തിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രിയും നിലപാടെടുത്തു. വെയിലത്ത് അസംബ്ലിയിൽ പോലും നിർത്തരുതെന്ന് നിർദേശമുളളപ്പോഴായിരുന്നു നിർബന്ധിച്ചുളള അഭിവാദ്യം. ഇതുൾപ്പെടെ നവകേരള സദസ്സിൽ കുട്ടികളെ ഉപയോഗിക്കുന്നതിന് എതിരെ ഹൈക്കോടതിയിൽ കെഎസ് യു അടക്കം ഹർജി നൽകിയിട്ടുമുണ്ട്.