09 May 2024 Thursday

കേരളത്തില്‍ ഇനി ക്രിക്കറ്റ് ലഹരി; ഇന്ത്യ- ഓസ്‌ട്രേലിയ ടീമുകള്‍ ഇന്ന് തിരുവനന്തപുരത്ത് എത്തും

ckmnews



തിരുവനന്തപുരം: ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ശേഷം കേരളം രാജ്യാന്തര ക്രിക്കറ്റ് ആവേശത്തിലേക്ക്. രണ്ടാം ട്വന്‍റി 20 മത്സരത്തിനായി ഇന്ത്യ, ഓസ്ട്രേലിയ ടീമുകൾ ഇന്ന് തിരുവനന്തപുരത്ത് എത്തും. വൈകിട്ട് ആറരയോടെ വിമാനമിറങ്ങുന്ന ടീമുകൾ നാളെ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങും. മറ്റന്നാളാണ് (26-11-2023) മത്സരം. ആദ്യമായാണ് തിരുവനന്തപുരത്ത് ഇന്ത്യയും ഓസ്ട്രേലിയയും ഏറ്റുമുട്ടുന്നത്. നാലാമത്തെ അന്താരാഷ്ട്ര ട്വന്‍റി 20 മത്സരത്തിനാണ് കാര്യവട്ടം വേദിയാവാൻ ഒരുങ്ങുന്നത്. അടുത്തിടെ ഏകദിന ലോകകപ്പ് സന്നാഹ മത്സരങ്ങള്‍ക്ക് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയായിരുന്നു. 


ടീം ഇന്ത്യക്ക് ഹയാത്ത് റീജന്‍സിയിലും ഓസീസിന് വിവാന്ത ബൈ താജിലുമാണ് താമസം. ശനിയാഴ്‌ച (25-11-2023) ഉച്ചയ്‌ക്ക് ഒരു മണി മുതല്‍ നാല് മണി വരെ ഓസ്ട്രേലിയന്‍ ടീമും അഞ്ച് മണി മുതല്‍ എട്ട് മണി വരെ ടീം ഇന്ത്യയും സ്‌പോര്‍ട്‌സ് ഹബ്ബില്‍ പരിശീലനത്തിനിറങ്ങും. ഞായറാഴ്‌ചത്തെ രണ്ടാം ട്വന്‍റി 20 കഴിഞ്ഞ് തിങ്കളാഴ്‌ചയാണ് ഇന്ത്യ, ഓസീസ് ടീമുകള്‍ അടുത്ത മത്സരത്തിനായി ഗുവാഗത്തിയിലേക്ക് പറക്കുക. അഞ്ച് ടി20കളാണ് പരമ്പരയിലുള്ളത്.