08 December 2023 Friday

ദുബൈയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടം; ഒരു മലയാളി കൂടി മരിച്ചു, മരണം മൂന്നായി

ckmnews



ദുബൈ: ദുബൈ അൽ കരാമയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിൽ ഒരു മലയാളി കൂടി മരിച്ചു. തലശ്ശേരി പുന്നോൽ സ്വദേശി നഹീൽ നിസാറാണ് മരിച്ചത്. 26 വയസായിരുന്നു. ഇതോടെ അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം മൂന്നായി.


ഒക്ടോബർ 17 ന് രാത്രിയായിരുന്നു താമസ സ്ഥലത്തെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം ഉണ്ടായത്. സംഭവത്തിൽ മലപ്പുറം സ്വദേശിയും ബർദുബായിലെ ഫ്രൂട്ട്സ് ഷോപ്പിലെ ജീവനക്കാരനുമായ തിരൂർ പറവണ്ണ സ്വദേശി യാക്കൂബ് അബ്ദുല്ല (38), വിസിറ്റ് വിസയിൽ ജോലി തേടിയെത്തിയ തലശ്ശേരി ടെമ്പിൾ ​ഗേറ്റ് നിട്ടൂർ വീട്ടിൽ നിധിൻ ദാസ് (24) എന്നിവര്‍ നേരത്തെ മരിച്ചിരുന്നു. അപകടത്തില്‍ പരിക്കേറ്റ ഒരു യുവാവ് ചികിത്സയിൽ തുടരുകയാണ്.

കറാമ 'ഡേ ടു ഡേ' ഷോപ്പിങ് കേന്ദ്രത്തിന് സമീപം ബിൻഹൈദർ ബിൽഡിങിലാണ് അപകടം ഉണ്ടായത്. മൂന്ന് മുറികളിലായി 17 പേരാണ് ഫ്ലാറ്റിൽ താമസിച്ചിരുന്നത്. ഗ്യാസ് ചോർച്ചയുണ്ടായി സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തെ കുറിച്ച് പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.