09 May 2024 Thursday

മൃതദേഹങ്ങൾ സംസ്കരിക്കാനാകുന്നില്ല; ശ്മശാന സമാനമായി ഗാസയിലെ അല്‍ ഷിഫ ആശുപത്രി

ckmnews


ഇസ്രായേലും പലസ്തീനും തമ്മിലുള്ള യുദ്ധം തുടരുന്നതിനിടെ, ശ്മശാന സമാനമായി ഗാസയിലെ അല്‍ ഷിഫ ആശുപത്രി. മരിച്ചവരെ സംസ്‌കരിക്കാൻ കഴിയാത്തതിനാൽ ഗാസയിലെ ഏറ്റവും വലിയ ആശുപത്രി അക്ഷരാർത്ഥത്തിൽ ഒരു സെമിത്തേരിയായി മാറിയിരിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) പറഞ്ഞു.


അല്‍ ഷിഫ ആശുപത്രി ഹമാസ് ഭീകരരുടെ താവളങ്ങളിലൊന്നാണ് എന്നാണ് ഇസ്രായേല്‍ ആരോപിക്കുന്നത്. എന്നാൽ ഈ ആരോപണങ്ങളെല്ലാം ഹമാസ് തള്ളുകയാണുണ്ടായത്. നിലവിൽ പോരാട്ടത്തിന്റെ കേന്ദ്രസ്ഥാനങ്ങളിലൊന്നു കൂടിയാണ് ഇവിടം. നൂറുകണക്കിന് രോഗികളും അഭയാർഥികളും നവജാതശിശുക്കളും കഴിയുന്ന ഗാസയിലെ പ്രധാനപ്പെട്ട ആശുപത്രിയാണ് അല്‍-ഷിഫ.

“ആശുപത്രിയിൽ മൃതദേഹങ്ങൾ വേണ്ട വിധം സംരക്ഷിക്കാനോ ഇവിടെ നിന്നും മറ്റെവിടെങ്കിലും കൊണ്ടുപോയി സംസ്‌കരിക്കാനോ വേറെ മോർച്ചറിയിലേക്ക് മാറ്റാനോ കഴിയില്ല. ഈ ആശുപത്രി ഇപ്പോൾ സാധാരണ നിലയിൽ പ്രവർത്തിക്കുന്നുമില്ല. ആശുപത്രി ഒരു സെമിത്തേരി പോലെ ആയിക്കഴിഞ്ഞു”, ഡബ്ല്യുഎച്ച്ഒ വക്താവ് ക്രിസ്റ്റ്യൻ ലിൻഡ്‌മെയർ പറഞ്ഞു.


പവർ കട്ടും ഇന്ധനക്ഷാമവും നേരിടുന്നതിനാൽ ആശുപത്രിയിൽ പരിചരണത്തിൽ കഴിയുന്ന നവജാതശിശുക്കളെക്കുറിച്ചുള്ള ആശങ്കകളും വർധിച്ചിരിക്കുകയാണ്. “ഇന്നലെ ഇവിടെ 39 കുഞ്ഞുങ്ങളാണ് ഉണ്ടായിരുന്നത്. ഇന്ന് അത് 36 ആയി. ഇനി എത്ര കുഞ്ഞുങ്ങളുടെ ജീവൻ ബാക്കിയാകുമെന്ന് അറിയില്ല”, അൽ ഷിഫയിലെ പീഡിയാട്രിക് വിഭാഗം മേധാവി ഡോ. മുഹമ്മദ് തബാഷ റോയിട്ടേഴ്സിന് നൽകിയ ടെലിഫോൺ അഭിമുഖത്തിൽ പറഞ്ഞു.

മാസം തികയാതെ ജനിച്ച കുഞ്ഞുങ്ങളെ താപനിലയും ഈർപ്പവും നിയന്ത്രിക്കാൻ കഴിയുന്ന ഇൻക്യുബേറ്ററിൽ വെയ്ക്കേണ്ടതുണ്ടെന്നും വൈദ്യുതി നിലച്ചതിനാൽ അതിനു സാധിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർച്ചു. അവരെ സാധാരണ ബെഡുകളിലേക്ക് മാറ്റിയതായും ഡോ. മുഹമ്മദ് തബാഷ പറഞ്ഞു.


കുട്ടികളെ ഇവിടെ നിന്നും മാറ്റാൻ ഇസ്രായേൽ പ്രായോ​ഗികമായ ചില നിർദേശങ്ങൾ മുന്നോട്ടു വെച്ചിരുന്നു എന്നും എന്നാൽ, ഹമാസ് അവരുടെ നിർദേശങ്ങൾ നിരസിച്ചതായും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ മുതിർന്ന ഉപദേഷ്ടാവ് മാർക്ക് റെഗെവ് പറഞ്ഞു