09 May 2024 Thursday

ഇന്ന് ദീപാവലി; നിറദീപങ്ങളൊരുക്കി ആഘോഷം പൊടിപൊടിച്ച് ജനങ്ങള്‍

ckmnews

ഇന്ന് ദീപാവലി; നിറദീപങ്ങളൊരുക്കി ആഘോഷം പൊടിപൊടിച്ച് ജനങ്ങള്‍


ഇന്ന് ദീപാവലി. ദീപപ്രഭയുടെ,ഐശ്വര്യത്തിന്റെ ഉത്സവമാണ് ദീപാവലി. മനുഷ്യമനസിനെ ബാധിക്കുന്ന പലതരം അന്ധതയുടെ ഇരുട്ടിന് മേല്‍ ദീപങ്ങളുടെ പൊന്‍വെളിച്ചം വീശി വെളിച്ചുമുണ്ടാകട്ടെയെന്നാണ് ഈ ദിവസം ആശംസിക്കുന്നത്.


ദീപാലപി എന്ന് കേള്‍ക്കുമ്പോള്‍ മനസിലേക്ക് ആദ്യം ഒാടിവരിക സ്കൂളില്‍ പഠിച്ച ഈ കവിതാശകലമാണ്. കവി പറയും പോലെ ദീപങ്ങളുടെ, പാട്ടിന്റെ, നൃത്തത്തിന്റെ, മധുരവിതരണത്തിന്റെ ആചാരാനുഷ്ഠാനങ്ങളുടെ ഉല്‍സവാഘോഷസമയമാണ് ദീപാവലി. ദൃക് പഞ്ചാംഗപ്രകാരം കാര്‍ത്തിക മാസത്തിലെ അമാവാസി ദിവസമാണ് ദീപാവലി ആഘോഷം. രാവണനിഗ്രഹത്തിന് ശേഷം വിജയശ്രീലാളിതനായി അയോധ്യയിലേക്ക് തിരികെയെത്തുന്ന ശ്രീരാമനെ ദീപങ്ങള്‍ തെളിയിച്ചും, മധുരം വിതരണം ചെയ്തും, പടക്കം പൊട്ടിച്ചും ആഘോഷമായി എതിരേറ്റതിന്റെ ഒാര്‍മപുതുക്കലാണ് എന്നതാണ് ഒരു വിശ്വാസം. രാമക്ഷേത്ര നിര്‍മാണം നടക്കുന്ന ഇന്നത്തെ അയോധ്യയില്‍ ദീപാവലി ആഘോഷങ്ങള്‍ പൊടിപൊടിക്കുകയാണ്. 21ലക്ഷം ചിരാതുകള്‍ സരയൂതീരത്ത് ഒരുക്കി ലോക റെക്കോര്‍ഡ് നേടാനുള്ള ശ്രമത്തിലാണ് 25000വളന്‍ഡിയര്‍മാര്‍. വീടിന് ഐശ്വര്യം പ്രദാനം ചെയ്യുന്ന ലക്ഷ്മി ദേവിയെ പൂജിക്കുന്നതാണ് മറ്റൊരു വിശ്വാസം. ഇത്തവണത്തെ ലക്ഷമി പൂജയ്ക്കുള്ള ഉത്തമ  സമയം പുലര്‍ച്ചെ അഞ്ചുമണി മുതല്‍ ഏഴ് മണിവരെയാണ്. വീടും പരിസരവും വൃത്തിയാക്കി, വീടിന് മുന്നില്‍ വിവിധ നിറമുള്ള പൊടികളുപയോഗിച്ച് രംഗോലിക്കോലങ്ങളുണ്ടാക്കി, മണ്‍ചിരാതുകളില്‍ ദീപപ്രഭയുമായാണ് ലക്ഷമിദേവിയെ എതിരേല്‍ക്കുന്നത്.  ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ യാദവകുല ദേവനായ ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഗോവര്‍ദ്ധന പര്‍വതം ഉയര്‍ത്തി ഗോകുലത്തെ മുഴുവന്‍ മഴപ്രളയത്തില്‍ നിന്ന് രക്ഷിച്ചതിന്റെ സ്മരണയാണ് ദീപാവലി. വിശ്വകര്‍മ പൂജാദിനമായും ഈ ദിവസം കൊണ്ടാടുന്ന പതിവുണ്ട്. ‍‍ഡാന്‍ഡിയ നൃത്തമാടിയും, ഗര്‍ഭാ നൃത്തച്ചുവടുകള്‍ വെച്ചും ഉത്തരേന്ത്യന്‍ തെരുവോരങ്ങളെല്ലാം ആടിത്തിമിര്‍ക്കുന്നു. വിവിധ രുചികളിലുള്ള മധുരപലഹാരങ്ങള്‍ യഥേഷ്ടം കിട്ടും. ദീവാലിയും ചോട്ടി ദീവാലിയും ഇത്തവണ ഒന്നിച്ച് വന്നതിന്റെ ആഹ്ളാദത്തിലാണ് ഉത്തരേന്ത്യ. വായുമലിനീകരണം അതിന്റെ ഉച്ചസ്ഥായിയിലായതിനാല്‍ പടക്കങ്ങള്‍ പൂര്‍ണമായും ഉത്തരേന്ത്യയില്‍ നിരോധിച്ചത് നിരാശയുടെ നേരിയ നിഴല്‍ വീഴ്ത്തുന്നുണ്ട്. പന്നിഹാരം മുതല്‍ റവ കേസരിവരെയുണ്ടാക്കി വിതരണം ചെയ്തും, പുതുവസ്ത്രങ്ങളും കൈനിറയെ കുപ്പിവളകളും അണിഞ്ഞും ദക്ഷിണേന്ത്യയും ദീവാലി നല്‍വാഴ്ത്തുക്കള്‍ നേരുകയാണ്. മനുഷ്യരാശിക്കുമേല്‍ വീണ അശനിപാതങ്ങളെല്ലാം നീങ്ങി എങ്ങും പരക്കട്ടെ സ്നേഹപ്രഭ.