09 May 2024 Thursday

ഒടുവില്‍ ആശ്വാസം: റാഫ ഇടനാഴി തുറന്നു, മരുന്നുമായി ട്രക്കുകള്‍ ഗാസയിലേക്ക്

ckmnews



ഗാസയിലേക്ക് ഭക്ഷണവും മരുന്നും എത്തുന്നു. ഇസ്രയേല്‍ ഹമാസ് യുദ്ധത്തില്‍ ഒറ്റപ്പെട്ട ഗാസയിലേക്ക് 15-ാം ദിവസമാണ് ഭക്ഷണവും മരുന്നും എത്തുന്നത്. തെക്കന്‍ ഗാസയെ ഈജിപ്തുമായി ബന്ധിപ്പിക്കുന്ന റാഫ ഇടനാഴി തുറന്നു. ട്രക്കുകള്‍ കടന്നു പോകാന്‍ വേണ്ടി റാഫ അതിര്‍ത്തി തുറന്നതോടെ ഈജിപ്തില്‍ നിന്ന് ഗാസയിലേക്കുള്ള റെഡ് ക്രെസന്റിന്റെ ആദ്യ ട്രക്ക് അതിര്‍ത്തി കടന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പിന്നാലെ മറ്റുള്ള ട്രക്കുകളും അതിര്‍ത്തി പിന്നിടുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രാദേശിക സമയം രാവിലെ പത്ത് മണിയോടെ ഈജിപ്തിനും ഗാസയ്ക്കും ഇടയിലുള്ള റാഫ അതിര്‍ത്തി തുറന്നുവെന്ന വിവരം ലഭിച്ചതായി ജെറുസലേമിലുള്ള യു.എസ്. എംബസി അറിയിച്ചു. 20 ട്രക്കുകളാണ് ആദ്യ ഘട്ടത്തില്‍ കടത്തി വിടുന്നതിന് ഈജിപ്ത് അനുമതി നല്‍കിയത്.


എന്നാല്‍ 23 ലക്ഷത്തോളം ആളുകള്‍ വസിക്കുന്ന ഗാസയില്‍ 20 ട്രക്ക് സഹായം കൊണ്ട് ഒന്നുമാകില്ലെന്ന റെഡ് ക്രസന്റ് പറഞ്ഞു. റഷ്യയടക്കം വിവിധ രാജ്യങ്ങള്‍ പലസ്തീനിനുവേണ്ടി ഈജിപ്തിലേക്ക് സഹായം എത്തിച്ചിട്ടുണ്ട്. 100 ട്രക്കുകളിലെങ്കിലും അവശ്യസാധനങ്ങള്‍ എത്തിച്ചാലേ നേരിയ ആശ്വാസമെങ്കിലും ഗാസ ജനതയ്ക്ക് ലഭിക്കൂവെന്ന് യുഎന്‍ അറിയിച്ചതായി നോര്‍വീജിയന്‍ അഭയാര്‍ഥി കൗണ്‍സില്‍ പ്രതികരിച്ചു.ഗാസയില്‍ മാനുഷികപ്രതിസന്ധി സാംക്രമികരോഗ മുന്നറിയിപ്പുണ്ടെങ്കിലും മലിനജലം കുടിക്കുകയല്ലാതെ ആളുകള്‍ക്ക് വേറെ മാര്‍ഗമില്ല. കടകളിലും ബേക്കറികളിലും ഭക്ഷണസാധനങ്ങളില്ല. ശൗചാലയങ്ങളടക്കമുള്ള അടിസ്ഥാനസൗകര്യങ്ങളെല്ലാം ആക്രമണത്തില്‍ തകര്‍ന്നിരിക്കയാണ്. വൈദ്യുതിവിതരണം പൂര്‍ണമായും നിലച്ചതോടെ ജനറേറ്ററിന്റെ സഹായത്താലാണ് ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നത്.