09 May 2024 Thursday

ഒളമ്പക്കടവ് പാലം രണ്ടാംഘട്ട പ്രവൃത്തിക്ക് 31.12 കോടിയുടെ അനുമതി

ckmnews



എടപ്പാള്‍: മാറഞ്ചേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഒളമ്പക്കടവ് പാലത്തിന്റെ രണ്ടാംഘട്ട പ്രവര്‍ത്തനത്തിന് കിഫ്ബിയില്‍ നിന്ന് 31.12 കോടിയുടെ അനുമതി ലഭിച്ചതായി കെ ടി ജലീല്‍ എംഎല്‍എ അറിയിച്ചു. പാലത്തിന്റെ സൂപ്പര്‍ സ്ട്രക്ച്ചര്‍ വര്‍ക്കുകള്‍, ഇരുവശത്തുമുള്ള അപ്രോച്ച് റോഡുകളുടെ നിര്‍മാണം, 96 ഗര്‍ഡറുകള്‍, പാലത്തിന്റെ ഡെക്ക് സ്ലാബ്, ഇരുവശത്തും കൈവരിയോടുകൂടിയ നടപ്പാതകള്‍, പാലത്തിനുമുകളില്‍ മാസ്റ്റിക് ആസ്ഫാള്‍ട്ട് ആന്‍ഡ് ബി സി ഉള്‍പ്പെടെയുള്ള ടാറിങ് പ്രവൃത്തികള്‍, റോഡ് സുരക്ഷാ സൂചകങ്ങള്‍ എന്നിവയാണ് പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ പൂര്‍ത്തികരിക്കേണ്ടത്. ആദ്യഘട്ടത്തില്‍ 12.82 കോടിരൂപയാണ് ചെലവഴിച്ചത്. 25.7 മീറ്റര്‍ നീളമുള്ള എട്ട് സ്പാനുകളും 26 മീറ്റര്‍ നീളമുള്ള 15 സ്പാനുകളും ഉള്‍പ്പെടെ 607 മീറ്റര്‍ നീളമാണ് പാലത്തിനുള്ളത്. കൂടാതെ പാലം തുടങ്ങുന്ന കോലൊളമ്പ് ഭാഗത്ത് 50 മീറ്ററും, അവസാനിക്കുന്ന മാറഞ്ചേരി ഭാഗത്ത് 200 മീറ്ററും നീളത്തില്‍ അപ്രോച്ച് റോഡും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.