09 May 2024 Thursday

വെള്ളപ്പൊക്ക ദുരിതാശ്വാസമായി നെൽ കർഷകർക്ക് വിത്ത് വിതരണം നടത്തി

ckmnews

എരമംഗലം:പെരുമ്പടപ്പ് അയിരൂർ പാടശേഖരത്തിൽ രണ്ടാഴ്ച മുമ്പുണ്ടായ ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും രണ്ടാം വിളക്കായി തയ്യാറാക്കിയ ഞാറും വയലുകളിൽ നട്ട ഞാറും ഉൾപ്പെടെ 50 ഏക്കറോളം നെൽകൃഷി വെള്ളത്തിൽ മുങ്ങി നശിച്ചിരുന്നു. ഇതിന് പരിഹാരമായാണ് നശിച്ച അതേ ഇനം നെൽ വിത്തായ ഉമ കർഷകർക്ക് ഒരാഴ്ചയ്ക്കുള്ളിൽ വിതരണം ചെയ്തത്.പാടശേഖര സമിതിയുടെയും ജനപ്രതിനിധികളുടെയും കൃഷി ഉദ്യോഗസ്ഥരുടെയും അവസരോചിതമായ ഇടപെടൽ മൂലം ദിവസങ്ങൾക്കകം തന്നെ കർഷകർക്ക് ആനുകൂല്യം ലഭിച്ചു. കേരള വിത്ത് വികസന അതോറിറ്റിയിൽ നിന്ന് ലഭിച്ച വിത്തിന്റെ വിതരണ ഉദ്ഘാടനം  പൊന്നാനി എം.എൽ.എ. പി. നന്ദകുമാർ നിർവ്വഹിച്ചു.പെരുമ്പടപ്പ് കൃഷി അസിസ്റ്റന്റ് ഡയറക്ടർ വിനയൻ.എം.വി. സ്വാഗതം പറഞ്ഞ ചടങ്ങിൽ പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിനീഷ മുസ്തഫ അദ്ധ്യക്ഷത വഹിച്ചു.പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ സൗദാമിനി, ജില്ലാ പഞ്ചായത്ത് മെമ്പർ എ.കെ സുബൈർ, വാർഡ് മെമ്പർ ഉണ്ണികൃഷ്ണൻ,എന്നിവർ ആശംസ പ്രസംഗം നടത്തി.പാടശേഖര സമിതി സെക്രട്ടറി ഷംസുദ്ദീൻ കൃതജ്ഞത രേഖപ്പെടുത്തി.ചടങ്ങിൽ കർഷകരും കൃഷി ഉദ്യോഗസ്ഥരും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. ഉദ്ഘാടന ചടങ്ങിന് ശേഷം എം.എൽ.എയും മറ്റു ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പാടശേഖരം സന്ദർശിച്ചു.