11 May 2024 Saturday

ലോണ്‍ അനുവദിച്ച് കിട്ടിയതായി അറിയിപ്പ് നല്‍കി തട്ടിപ്പ് പെരുമ്പിലാവ് സ്വദേശിക്ക് നഷ്ടമായത് 7000 രൂപ

ckmnews

ലോണ്‍ അനുവദിച്ച് കിട്ടിയതായി അറിയിപ്പ് നല്‍കി തട്ടിപ്പ്


പെരുമ്പിലാവ് സ്വദേശിക്ക് നഷ്ടമായത് 7000 രൂപ


പെരുമ്പിലാവ്:ബജാജ് ഫിനാൻസിൽ നിന്നും ലോൺ പാസായിട്ടുണ്ടെന്ന ഫോൺ വിളിയോടു പ്രതികരിച്ച ആൾക്കു 7000 രൂപ നഷ്ടപ്പെട്ടു. 


കടവല്ലൂർ സ്വദേശി മേലേപ്പാട്ട് രാധാകൃഷ്ണനാണു തട്ടിപ്പിനിരയായത്.

പലിശയില്ലാത്ത 20000 രൂപ ലോൺ പാസായിട്ടുണ്ടെന്ന് അറിയിച്ച് കഴിഞ്ഞ ദിവസം രാവിലെ എത്തിയ ഫോൺ വിളിയിലാണു തട്ടിപ്പിന്റെ തുടക്കം. ആധാർ കാർഡും ബാങ്ക് പാസ് ബുക്കിന്റെ പകർപ്പും അയക്കാൻ ആവശ്യപ്പെട്ട തട്ടിപ്പുകാരൻ 2500 രൂപ സർവീസ് ചാർജായി അയാളുടെ അക്കൌണ്ടിലേക്ക് മാറ്റാനും ആവശ്യപ്പെടുകയായിരുന്നു.


തുടർന്ന് രാധാകൃഷ്ണൻ രേഖകളും 2500 രൂപയും അയച്ചു കൊടുത്തു. പിന്നീട് ഇയാൾ ഇൻഷുറൻസ് തുകയായി 4500 രൂപ കൂടി ആവശ്യപ്പെട്ടു. അതിനിടെ 20000 രൂപ രാധാകൃഷ്ണന്റെ അക്കൌണ്ടിൽ ക്രെഡിറ്റ് ആയി എന്ന വ്യാജ സന്ദേശവും എത്തിയിരുന്നു. ഇതോടെ 4500 രൂപ കൂടി ഇദ്ദേഹം അയച്ചു കൊടുക്കുകയായിരുന്നു.

ജിഎസ്ടി എന്ന പേരിൽ 6150 രൂപ കൂടി ആവശ്യപ്പെട്ടു വീണ്ടും വിളി വന്നതോടെയാണ് തട്ടിപ്പാണെന്നു സംശയം ഉയർന്നത്. 


വിശ്വാസം സ്ഥാപിക്കാൻ, ബജാജ് ഫിനാസിന്റെ തിരിച്ചറിയൽ കാർഡും ആധാർ കാർഡും പാൻ കാർഡും അടക്കം ചില രേഖകൾ തട്ടിപ്പുകാരൻ രാധാകൃഷ്ണന് അയച്ചു കൊടുക്കുകയും ചെയ്തിരുന്നു. രേഖകൾ വ്യാജമാണെന്നു പിന്നീടു തിരിച്ചറിഞ്ഞു.

എസ്ബിഐ ബാങ്കിന്റെ മുംബൈ മെയിൻ ബ്രാഞ്ചിന്റെ ഐഎഫ്ഏസ്സി കോഡിലേക്കാണ് പണം അയച്ചതെന്ന് രാധാകൃഷ്ണൻ പറഞ്ഞു, കുന്നംകുളം പൊലീസിനു പരാതി നൽകിയിട്ടുണ്ട്.