09 May 2024 Thursday

ഹമാസിനെതിരെ അരനൂറ്റാണ്ടിന് ശേഷം ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിച്ച് ഇസ്രയേല്‍

ckmnews


ടെല്‍അവീവ് : ഹമാസ് ആക്രമണം രൂക്ഷമായതിന് പിന്നാലെ ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിച്ച് ഇസ്രയേല്‍. സുരക്ഷാകാര്യ മന്ത്രിസഭാ യോഗം ചേര്‍ന്നാണ് പലസ്തീന്‍ സായുധ സംഘടനയായ ഹമാസിനെതിരെ യുദ്ധം പ്രഖ്യാപിച്ചത്. ഇതോടെ 1973ന് ശേഷം ആദ്യമായാണ് ഇസ്രയേല്‍ ഔദ്യോഗികമായി യുദ്ധപ്രഖ്യാപനം നടത്തുന്നത്.


നീണ്ടു നില്‍ക്കുന്ന യുദ്ധത്തിനാണ് ഇസ്രയേല്‍ തുടക്കം കുറിച്ചിരിക്കുന്നതെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. യുദ്ധത്തില്‍ ഇസ്രയേലിന് വേണ്ട സാമ്പത്തികവും സൈനികവുമായ സഹായം അമേരിക്ക നല്‍കും. അധിക സാമ്പത്തിക-സൈനിക സഹായം ഇന്ന് പ്രഖ്യാപിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കന്‍ വ്യക്തമാക്കി.


സഹായം സംബന്ധിച്ച് ഇസ്രയേല്‍ അമേരിക്കയുടെ മുന്‍പാകെ സമര്‍പ്പിച്ച അഭ്യര്‍ത്ഥനകള്‍ അവലോകനം ചെയ്യുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹമാസ് ആക്രമണത്തില്‍ ഇസ്രയേലില്‍ അമേരിക്കന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടു എന്ന റിപ്പോര്‍ട്ടിനെ പറ്റിയുള്ള വിശദവിവരങ്ങള്‍ ശേഖരിച്ച് വരികയാണ്.


ശനിയാഴ്ച രാവിലെ നടന്ന മിന്നലാക്രമണത്തില്‍ ഹമാസിന്‍റെ 5,000 റോക്കറ്റുകളാണ് ഇസ്രയേല്‍ നഗരങ്ങളില്‍ വര്‍ഷിച്ചത്. 36 മണിക്കൂര്‍ പിന്നിട്ട ശേഷവും ഇസ്രയേലില്‍ ഹമാസിന്റെ ആക്രമണം തുടരുകയാണ്. ഇതിനോടകം 600ല്‍ അധികം ആളുകള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് വന്നിരുന്നു