09 May 2024 Thursday

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കം നീക്കം ചെയ്യണം; മുന്നറിയിപ്പുമായി ഐടി മന്ത്രാലയം

ckmnews


ടെലിഗ്രാം, എക്‌സ് , യൂട്യൂബ് എന്നിവയുള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിന്നും കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതടക്കമുള്ള ഉള്ളടക്കം അടിയന്തരമായി നീക്കം ചെയ്യണമെന്ന് കേന്ദ്ര ഐടി മന്ത്രാലയം.അല്ലാത്ത പക്ഷം കര്‍ശനമായ നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നും മന്ത്രാലയം വെള്ളിയാഴ്ച അയച്ച നോട്ടീസില്‍ പറയുന്നു. 


എക്‌സ്, യൂട്യൂബ്, ടെലിഗ്രാം എന്നിവയുടെ പ്ലാറ്റ്‌ഫോമുകളില്‍ ബാലലൈംഗിക ദുരുപയോഗ സാമഗ്രികള്‍ ഇല്ലെന്ന് ഉറപ്പാക്കാൻ കര്‍ശന നടപടി സ്വീകരിച്ചിരിക്കുകയാണെന്ന് കേന്ദ്ര ഇലക്‌ട്രോണിക്‌സ് & ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. "ഐടി നിയന്ത്രണങ്ങള്‍ പ്രകാരം, വിശ്വസനീയവും സുരക്ഷിതവുമായ ഇന്‍റര്‍നെറ്റ് സൃഷ്ടിക്കാൻ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്," എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കം ഇൻറര്‍നെറ്റിലെ ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്നാണ്. ഫെബ്രുവരിയില്‍, യുഎസ് ആസ്ഥാനമായുള്ള നാഷണല്‍ സെന്‍റര്‍ ഫോര്‍ മിസ്സിംഗ് ആൻഡ് എക്‌സ്‌പ്ലോയിറ്റഡ് ചില്‍ഡ്രൻ മധ്യപ്രദേശില്‍ മാത്രം കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതായി സംശയിക്കുന്ന ഉള്ളടക്കം പ്രചരിപ്പിച്ച 30,000-ത്തിലധികം അക്കൗണ്ടുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.