09 May 2024 Thursday

ഇസ്രായേല്‍ – പലസ്തീന്‍ സംഘര്‍ഷം യുദ്ധത്തിലേക്ക്: റോക്കറ്റുകള്‍ വിക്ഷേപിച്ച് ഹമാസ്

ckmnews



പശ്ചിമേഷ്യയെ അസ്വസ്ഥമാക്കിക്കൊണ്ട് ഇസ്രായേല്‍ – പലസ്തീന്‍ സംഘര്‍ഷം യുദ്ധത്തിലേക്ക് നീങ്ങുന്നു. പലസ്തീൻ സായുധസംഘമായ ഹമാസ് ഇസ്രായേൽ നഗരങ്ങളെ ലക്ഷ്യമിട്ട് അയ്യായിരം റോക്കറ്റുകൾ തൊടുത്തതായിട്ടാണ് റിപ്പോര്‍ട്ട്. തങ്ങള്‍ യുദ്ധത്തിന് തയ്യാറാണെന്നും കനത്ത തിരിച്ചടി നല്‍കുമെന്നും ഇസ്രായേല്‍ മുന്നറിയിപ്പ് നല്‍കി.


ശക്തമായ ആക്രമണത്തിനാണ് പലസ്തീൻ സായുധ സംഘമായ ഹമാസ് ഇന്ന് പുലർച്ചെ തുടക്കമിട്ടത്. തുരുതുരാ റോക്കറ്റുകൾ തൊടുത്ത് ഇസ്രായേൽ നഗരങ്ങൾക്കുനേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. യന്ത്ര തോക്കുകളുമായി അതിർത്തി കടന്ന് ഇസ്രായേലിനുള്ളിൽ കടന്ന ഹമാസ് സായുധ സംഘം ആളുകൾക്കുനേരെ ഗ്രനേഡ് ആക്രമണവും വെടിവെയ്പ്പും നടത്തി. ഒരാൾ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കുണ്ട്. ജെറുസലേം, ടെൽ അവീവ് അടക്കം പ്രധാന ഇസ്രയേൽ നഗരങ്ങളിലെല്ലാം ആക്രമണമുണ്ടായി.

ആക്രമണത്തിന് ഹമാസ് ഭീകരസംഘം വലിയ വില നൽകേണ്ടി വരുമെന്ന് ഇസ്രയേൽ പ്രതിരോധ വക്താവ് പറഞ്ഞു. അൽ അഖ്‌സ പള്ളിക്കുനേരെ നടന്ന ഇസ്രായേലി അതിക്രമങ്ങൾക്ക് മറുപടിയാണ് ആക്രമണമെന്നാണ് ഹമാസിന്റെ വിശദീകരണം.