09 May 2024 Thursday

ബാലമിത്ര 2.0:കുട്ടികളിലെ കുഷ്ഠരോഗ നിർണ്ണയ ക്യമ്പയിന് ജില്ലയിൽ തുടക്കം

ckmnews


എടപ്പാൾ:രണ്ട് വയസ് മുതൽ 18 വയസ്സുവരെയുള്ള കുട്ടികളിൽ കുഷ്ഠരോഗ നിർണ്ണയം നടത്തുന്നതിനും സൗജന്യ ചികിത്സ ഉറപ്പു വരുത്തുന്നതിനുമായി നടത്തുന്ന 'ബാലമിത്ര 2.0' ക്യാമ്പയിന് ജില്ലയിൽ തുടക്കമായി. ദേശിയ കുഷ്ഠരോഗ നിർമാർജനത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പ്, ആരോഗ്യകേരളം എന്നിവർ സംയുക്തമായി നടപ്പിലാക്കുന്ന പരിപാടിയിൽ വനിതശിശുവികസന വകുപ്പിന്റെ സഹകരണത്തോടെയാണ് കുഷ്ഠരോഗ നിർണ്ണയ ക്യാമ്പ് നടത്തുന്നത്.കുട്ടികളിലെ കുഷ്ഠരോഗം തുടക്കത്തിലെ കണ്ടെത്തി ചികിത്സ നൽകാനാണ് ബാലമിത്രയിലൂടെ ലക്ഷ്യമിടുന്നത്. സ്‌കൂൾ, അങ്കണവാടി തലത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. സ്‌കൂൾ അധ്യാപകർ, അങ്കണവാടി പ്രവർത്തകർ എന്നിവർക്ക് പ്രത്യേക പരിശീലനം നൽകി രോഗ നിർണ്ണയ പ്രക്രിയയിൽ പങ്കാളിയാക്കും. ആദ്യപടിയിൽ രോഗ സാധ്യതയുള്ളവരുടെ പട്ടിക തയ്യാറാക്കും. തുടർന്ന് ആരോഗ്യ പ്രവർത്തകർ വീടുകളിലെത്തി രോഗ നിർണ്ണയം നടത്തി ചികിത്സ ഉറപ്പാക്കും.സമൂഹ മാധ്യമങ്ങളുടെ സഹായത്തോടെ കുഷ്ഠരോഗ നിർമാർജന പ്രവർത്തനത്തിൽ ബഹുജന പങ്കാളിത്തം ഉറപ്പാക്കുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.എടപ്പാൾ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നടന്ന ബാലമിത്ര 2.0 പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി സുബൈദ നിർവഹിച്ചു.പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ആർ ഗായത്രി അധ്യക്ഷത വഹിച്ചു. ജില്ലാ മാസ്സ് മീഡിയ ഓഫിസർ പി രാജു മുഖ്യപ്രഭാഷണം നടത്തി.അസിസ്റ്റന്റ് ലെപ്രസി ഓഫീസർ സി.ആർ രാജ്‌മോഹൻ വിഷയാവതരണം നടത്തി.വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മജീദ് കഴുങ്ങിൽ, ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. വിജിത്ത് വിജയശങ്കർ, എടപ്പാൾ സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ജാസ്മിൻ യൂസുഫ്,ഹെൽത്ത് സൂപപർവൈസർ ശിവപ്രസാദ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.