09 May 2024 Thursday

കമ്മ്യൂണിറ്റി ബേസ്‍ഡ് ഇന്റർവൻഷൻ സെന്റർ പ്രവർത്തനം ആരംഭിച്ചു

ckmnews

കമ്മ്യൂണിറ്റി ബേസ്‍ഡ് ഇന്റർവൻഷൻ സെന്റർ പ്രവർത്തനം ആരംഭിച്ചു


എടപ്പാൾ: പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണം 2023-24 വാർഷികപദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന കമ്മ്യൂണിറ്റി ബേസ്‍ഡ് ഇന്റർവൻഷൻ സെന്റർ  എടപ്പാൾ കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രവർത്തനം ആരംഭിച്ചു. കേരളത്തിൽ തന്നെ ഏറ്റവും കൂടുതൽ ശാരീരിക-മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുള്ള ജില്ലയാണ് മലപ്പുറം. ഇതുതന്നെയാണ് എടപ്പാൾ സി.എച്ച്.സി യിൽ കമ്മ്യൂണിറ്റി ബേസ്ഡ് ഇൻറർവെൻഷൻ സെൻറർ ആരംഭിക്കുന്നതിന് പൊന്നാനി ബ്ലോക്ക് പഞ്ചായത്തിനെ പ്രേരിപ്പിച്ചതും. നാളെയുടെ പ്രതീക്ഷകളായ കുട്ടികൾ ശാരീരിക-മാനസിക വെല്ലുവിളികൾ നേരിടുന്നതു മൂലം യാതൊരു കാരണവശാലും പാർശ്വവൽക്കരിക്കപ്പെടരുത് എന്ന ലക്ഷ്യത്തിലാണ് എടപ്പാൾ FHC യിൽ  ഈ സമഗ്ര തെറാപ്പി കേന്ദ്രം പ്രവർത്തനമാരംഭിച്ചത്. ഫിസിയോതെറാപ്പി, സ്പീച്ച് ലാംഗ്വേജ് തെറാപ്പി , സ്പെഷ്യൽ എഡ്യൂക്കേഷൻ, ക്ലിനിക്കൽ സൈക്കോളജി ,ഒക്കുപേഷണൽ തെറാപ്പി എന്നീ ഡിപ്പാർട്ട്മെന്റുകൾ   ഈ കേന്ദ്രത്തിൽ പ്രവർത്തിക്കുന്നുണ്ട്. സംസാരിക്കാൻ ബുദ്ധിമുട്ട് നേരിടുന്ന കുട്ടികൾ,പഠന വൈകല്യം നേരിടുന്ന കുട്ടികൾ, വളർച്ചാ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾ, ഓർമ്മക്കുറവ്,ശ്രദ്ധക്കുറവ്  എന്നിവ നേരിടുന്നവർ, ഓട്ടിസം ബാധിച്ച കുട്ടികൾ എന്നിവർക്കെല്ലാം ഉള്ള ചികിത്സ  ഇവിടെ ലഭ്യമാകും.  ശാരീരികവും മാനസികവും ആയി കുട്ടികൾ നേരിടുന്ന പ്രശ്നങ്ങളെ തരണം ചെയ്ത് അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടിയാണ് പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് 2023-2024 വർഷം ഇത്തരം ഒരു പദ്ധതി ഏറ്റെടുത്തത്. ഈ സെൻറർ മലപ്പുറം ജില്ലയ്ക്ക് മാത്രമല്ല സംസ്ഥാനത്തിന് ആകമാനം മാതൃകയാകുന്ന വിധത്തിൽ സജ്ജമാക്കുന്നതിനാണ് ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. സാമ്പത്തിക പരാധീനതകൾ കുട്ടികളുടെ ശാരീരിക മാനസിക വികാസത്തിന് ഒരു തരത്തിലും വിലങ്ങുതടിയാകാൻ പാടില്ല കുട്ടികളെ ആത്മവിശ്വാസത്തോടെ നാളെയെ നേരിടാൻ പ്രാപ്തരാക്കുന്നതിനായി ഗ്രാമപഞ്ചായത്തുകൾ, NHM എന്നിവയുടെ സഹകരണത്തോടെയാണ് പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ഈ പദ്ധതി ആരംഭിച്ചിട്ടുള്ളത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.രാമകൃഷ്ണൻ, വൈസ് പ്രസിഡണ്ട് അഡ്വ: ആർ.ഗായത്രി, വട്ടംകുളം പഞ്ചായത്ത് പ്രസിഡണ്ട് കഴുങ്കിൽ മജീദ്, എടപ്പാൾ പഞ്ചായത്ത് പ്രസിഡണ്ട് സി.വി.സുബൈദ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ  എൻ.ആർ അനീഷ്, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രേമലത ,ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ, ഗ്രാമപഞ്ചായത്തംഗങ്ങൾ, ആരോഗ്യ വകുപ്പ് ജീവനക്കാർ, ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.