09 May 2024 Thursday

‘രാത്രി മാനത്തു നോക്കിയിരിക്കാം’; പെഴ്സിയിഡിസ് ഉല്‍ക്ക വര്‍ഷം ഇന്ന്

ckmnews


133 വർഷം കൂടുമ്പോള്‍ ക്ഷീരപഥത്തിന്റെ ഉല്‍ക്കകള്‍ നിറഞ്ഞ അതിര്‍ത്തിയായ ഉര്‍ട്ട് മേഘങ്ങളില്‍ നിന്നുവരുന്ന സ്വിഫ്റ്റ്-ടട്ട്ൽ എന്ന ഛിന്നഗ്രഹം സൗരയൂഥത്തിലൂടെ കടന്നു പോകാറുണ്ട്. ഇത് ഒരു തവണ സൂര്യനെ ചുറ്റിവരാന്‍ എടുക്കുന്ന സമയമാണ് 133 വര്‍ഷം. 1992 ഡിസംബറിലാണ് അവസാനമായി സ്വിഫ്റ്റ്- ടട്ട്ൽ ഭൂമിയുടെ സമീപത്തു കൂടി പോയത്. ഈ സമയം ഇതിൽ നിന്ന് പുറത്തു വന്ന പൊടിപടലങ്ങളും മഞ്ഞും മറ്റും ഇപ്പോഴും സൗരയൂഥത്തിൽ തങ്ങി നിൽക്കുന്നുണ്ട്. വർഷത്തിലൊരിക്കൽ ഈ അവശിഷ്ടങ്ങൾക്കിടയിലൂടെ ഭൂമി കടന്നു പോകുമ്പോഴാണ് പെർസീഡ് ഉല്‍ക്കാ വര്‍ഷം ഉണ്ടാകുന്നത്. 2026 ജൂലൈയിലായിരിക്കും ഇനി സ്വിഫ്റ്റ് ടട്ടില്‍ എന്ന ഛിന്നഗ്രഹം ഭൂമിക്കരികിലൂടെ കടന്നുപോകുക.

മണിക്കൂറില്‍ 60-100 ഉല്‍ക്കകളായിരിക്കും ഇത്തവണ ആകാശത്ത് ദൃശ്യമാകുക. ജൂലൈ 17ന് ആരംഭിച്ച ഉല്‍ക്ക വര്‍ഷം സെപ്തംബര്‍ ഒന്നു വരെ നീളുകയും ചെയ്യും. എന്നാല്‍ ഓഗസ്റ്റ് രണ്ടാംവാരത്തിന്റെ ഒടുവിലും മൂന്നാംവാരത്തിന്റെ തുടക്കത്തിലുമാണ് പെഴ്സിയിഡിസ് ഉല്‍ക്കാവര്‍ഷം പാരമ്യത്തില്‍ എത്തുന്നത്. പതിമൂന്നിന് പുലര്‍ച്ചെ, മണിക്കൂറില്‍ ശരാശരി നൂറ് ഉല്‍ക്കകളെയെങ്കിലും കാണാനാവും. ഭൂമിയില്‍ എല്ലായിടത്തും ഉല്‍ക്കാവർഷം ദൃശ്യമാകും. നഗ്നനേത്രങ്ങള്‍കൊണ്ട് കാണാം എന്നതാണ് മറ്റൊരു സവിശേഷത.

നഗരത്തിരക്കുകളില്‍ നിന്നും മാറി പ്രകാശ മലിനീകരണമില്ലാത്ത ഇടങ്ങളില്‍ പോയാല്‍ രാത്രിയില്‍ ഉല്‍ക്കാവര്‍ഷം ദൃശ്യമാകും. lightpollutionmap.info അല്ലെങ്കില്‍ darksitefinder.com/maps/world.html എന്നീ വെബ്സൈറ്റുകള്‍ ഉപയോഗിച്ച് ഉല്‍ക്കാ വര്‍ഷം കാണാനനുയോജ്യമായ ഇടങ്ങള്‍ കണ്ടെത്താം. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കില്‍ എവിടെ നിന്നാലും നഗ്ന നേത്രങ്ങള്‍ കൊണ്ടു പോലും ആകാശപ്പൂരം കാണാം. ആകാശത്ത് വടക്കു കിഴക്കു ഭാഗത്തുള്ള പെഴ്സിയൂസ് നക്ഷത്ര സമൂഹത്തിന്റെ ഭാഗത്തേക്കാണ് നോക്കേണ്ടത്. എങ്കിലും ആകാശത്ത് ഏതു ഭാഗത്താണ് ഉല്‍ക്ക പ്രത്യക്ഷപ്പെടുകയെന്ന് കൃത്യമായി പ്രവചിക്കാനാവില്ല.