09 May 2024 Thursday

തെരഞ്ഞെടുപ്പ് അട്ടിമറിച്ചു; ഡൊണാൾഡ് ട്രംപ് വീണ്ടും അറസ്റ്റിൽ

ckmnews


2020-ലെ യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പുഫലം അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയെന്നകേസിൽ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറസ്റ്റിലായി. നാല് മാസത്തിനിടെ ട്രംപ് കുററക്കാരനെന്ന് കണ്ടെത്തിയ മൂന്നാമത്തെ കേസാണിത്. കോടതിയിൽ ട്രംപ് കുറ്റം നിഷേധിച്ചു. തുടർന്ന് ഡൊണാൾഡ് ട്രംപിനെ ജാമ്യത്തിൽ വിട്ടയച്ചു. കേസ് ഓഗസ്റ്റ് 28-ന് കേൾക്കുന്നതിനായി മാറ്റി.

നാല്‌ കുറ്റങ്ങളാണ് നീതിന്യായവകുപ്പിന്റെ സ്പെഷ്യൽ കൗൺസൽ ജാക്ക് സ്മിത്തിന്റെ നേതൃത്വത്തിലുള്ള ജൂറി ട്രംപിനുമേൽ ചുമത്തിയിട്ടുള്ളത്. തെരഞ്ഞെടുപ്പ് പ്രക്രിയ തടസ്സപ്പെടുത്തി യു.എസിനെ വഞ്ചിക്കൽ, സാക്ഷികളെ സ്വാധീനിക്കൽ, പൗരരുടെ അവകാശങ്ങൾക്കെതിരായ ഗൂഢാലോചന, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തലും അതിനുള്ള ശ്രമവും എന്നിവയാണ് കുറ്റങ്ങൾ.


അധികാരത്തിൽ തുടരുന്നതിനായി ട്രംപ് ബോധപൂർവം തന്നെ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ചെന്നും സ്വന്തം നേട്ടത്തിനായി രാജ്യത്ത് അവിശ്വാസത്തിന്റേയും രോഷത്തിന്റേയും അന്തരീക്ഷം സൃഷ്ടിച്ചെന്നും തെരഞ്ഞെടുപ്പിലുള്ള ജനങ്ങളുടെ വിശ്വാസം തകർക്കാൻ ശ്രമിച്ചെന്നും സ്പെഷ്യൽ കൗൺസിൽ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.