09 May 2024 Thursday

12 ലക്ഷത്തിന് സ്ഥലം വിറ്റു, 4 മക്കളുമായി പാക്ക് വനിത ഇന്ത്യയിൽ; ഒരു പബ്‌ജി പ്രണയകഥ’

ckmnews

12 ലക്ഷത്തിന് സ്ഥലം വിറ്റു, 4 മക്കളുമായി പാക്ക് വനിത ഇന്ത്യയിൽ; ഒരു പബ്‌ജി പ്രണയകഥ’


നോയിഡ∙ പബ്ജി വഴി പ്രണയിച്ച് ഇന്ത്യയിലെത്തിയ പാക്ക് വനിത സീമ ഹൈദറിനും യുപി സ്വദേശി സച്ചിൻ മീണയ്ക്കും ജാമ്യം. നാലു കുട്ടികൾക്കൊപ്പം ഇന്ത്യയിലെത്തിയ പാക്ക് യുവതിയെ ജൂലൈ നാലിനാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ത്യയിലെത്തിയ സീമയെ സച്ചിൻ നിയമവിരുദ്ധമായി താമസിപ്പിക്കുകയായിരുന്നു. ‘‘എന്റെ ഭർത്താവ് ഹിന്ദുവാണ്. അതുകൊണ്ട് ഞാനും ഹിന്ദുവാണ്. ഇപ്പോൾ ഞാനൊരു ഇന്ത്യക്കാരിയാണെന്നാണ് എനിക്കു തോന്നുന്നത്’’– ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം സീമ പറഞ്ഞു. ബോളിവുഡ് സിനിമാക്കഥകളെ പോലും വെല്ലുന്നതാണ് ഈ ദമ്പതികളുടെ പ്രണയകഥ. കോവിഡ് കാലത്താണ് ഇരുവരും ഓൺലൈൻ ഗെയിമായ പബ്ജിയിലൂടെ പരിചയപ്പെട്ടത്.


മുപ്പതു വയസ്സുകാരിയായ സീമയും 25 വയസ്സുകാരനായ സച്ചിനും ഈ വർഷം മാർച്ചില്‍ നേപ്പാളിൽ വച്ചാണ് വിവാഹിതരായത്. ‘‘അതൊരു നീണ്ടയാത്രയായിരുന്നു. എനിക്ക് വലിയ ആശങ്കയും ഭയവും ഉണ്ടായിരുന്നു. കറാച്ചിയില്‍നിന്ന് ദുബായിലേക്കാണ് ഞാൻ ആദ്യം പോയത്. പതിനൊന്നു മണിക്കൂറോളം ഉറക്കമില്ലാതെ ഞങ്ങൾ അവിടെ കാത്തിരുന്നു. തുടർന്ന് ഞങ്ങൾ വിമാനമാർഗം നേപ്പാളിലെത്തി. പൊഖാറയിലെത്തിയത് റോഡ് മാർഗമാണ്. അവിടെ വച്ചാണ് സച്ചിനെ കണ്ടത്.’’– സീമ പറഞ്ഞു


തുടർന്ന് സീമ പാക്കിസ്ഥാനിലേക്കും സച്ചിൻ ഇന്ത്യയിലേക്കും തിരിച്ചു പോയി. വീട്ടിൽ തിരിച്ചെത്തിയ സീമ 12 ലക്ഷം രൂപയ്ക്കു സ്ഥലം വിറ്റു. ഈ പണം ഉപയോഗിച്ച് തനിക്കും നാലു മക്കൾക്കുമുള്ള ടിക്കറ്റും നേപ്പാൾ വീസയും എടുത്തു. മേയിൽ ദുബായ് വഴി നേപ്പാളിലെത്തിയ സീമയും കുട്ടികളും പൊഖാറയിൽ കുറച്ചു നാൾ ചെലവഴിച്ചു. അതിനു ശേഷം കഠ്മണ്ഡുവിൽനിന്നു ഡൽഹിയിലേക്കു ബസ് കയറി. മേയ് 13ന് ഗ്രേറ്റർ നോയിഡയിൽ എത്തി. അവിടെ സീമയ്ക്കും കുട്ടികൾക്കും കഴിയാനായി സച്ചിൻ താമസസൗകര്യം ഒരുക്കിയിരുന്നു. സീമ പാക്ക് വനിതയാണെന്ന കാര്യം മറച്ചുവച്ചു.


അതിർത്തി കടന്നെത്തിയ സീമയുടെ സംഭവബഹുലമായ പ്രണയകഥയ്ക്ക് ജൂലൈ നാലിനു താൽക്കാലികമായി തിരശ്ശീലവീണു. നിയമംലംഘിച്ച് ഇന്ത്യയിൽ പ്രവേശിച്ചതിനെ തുടർന്ന് സീമയെ പൊലീസ് അറസ്റ്റ് ചെയ്തു. അനധികൃത കുടിയേറ്റക്കാരെ സംരക്ഷിച്ചതിൽ സച്ചിനെതിരെയും പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം സീമയ്ക്ക് ജാമ്യം ലഭിച്ചു. സീമയ്ക്ക് ഇന്ത്യയിൽ തുടരുന്നതിനുള്ള ഔദ്യോഗികമായ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.


‘‘ഈ വാർത്ത കേട്ടപ്പോൾ എനിക്കു വളരെ സന്തോഷം തോന്നി. മാസങ്ങളോളം ജയിലിൽ കഴിയേണ്ടിവരുമെന്നാണ് ഞാൻ കരുതിയത്. ’’– ജാമ്യം ലഭിച്ച ശേഷം സീമ പറഞ്ഞു. അതേസമയം തന്റെ ഭാര്യയെ തിരികെ ലഭിക്കണമെന്ന ആവശ്യവുമായി സീമയുടെ ആദ്യ ഭർത്താവ്‍ ഗുലാം ഹൈദറും രംഗത്തെത്തി. ഭാര്യയെ തിരികെ ലഭിക്കുന്നതിനായി ഇന്ത്യൻ സർക്കാർ സഹായിക്കണമെന്ന് വിഡിയോ സന്ദേശത്തിലൂടെ ഗുലാം ഹൈദർ ആവശ്യപ്പെട്ടു. എന്നാൽ ഗുലാം ഹൈദറിനൊപ്പം പോകാൻ തനിക്ക് ആഗ്രഹമില്ലെന്ന് സീമ വ്യക്തമാക്കി. പാക്കിസ്ഥാനിലേക്കു തിരികെ പോയാൽ തന്റെ ജീവനു തന്നെ ഭീഷണിയാണെന്നും അവർ പറഞ്ഞു.