09 May 2024 Thursday

പെരുമണ്‍ എന്ന കണ്ണീരോര്‍മ; ട്രെയിന്‍ ദുരന്തത്തിന് 35 വയസ്സ്

ckmnews


 മഴചാറിക്കൊണ്ടിരുന്ന ആ വൈകുന്നേരം പതിവിലും അല്‍പ്പം നേരത്തെയാണ് ഐലന്‍റ് എക്സ്പ്രസ് എത്തിയത്. നിറയെ ആളുകളുമായുള്ള ആ യാത്രയുടെ ഗതിമാറിയത്, പെരിനാടിനടുത്തുള്ള പരുമണ്‍ പാലത്തില്‍ വെച്ചായിരുന്നു. ഞെട്ടലോടെയല്ലാതെ ആ ദുരന്ത ദിവസത്തെ മലയാളികള്‍ക്ക്  ഓര്‍ക്കാനാവില്ല. ഓര്‍മകളിലേയ്ക്ക് ഇടയ്ക്കിടെ മരണത്തിന്‍റെ ചൂളം വിളിച്ചെത്തുന്ന ദുരന്തത്തിന് ഇന്ന് 35 വർഷം

 1988ന് കൊല്ലം ജില്ലയിലെ പെരിനാടിനടുത്തുള്ള പെരുമണ്‍പാലത്തില്‍ നിന്ന് ബംഗളൂര്‍–കന്യാകുമാരി ഐലന്‍റ് എക്സ്പ്രസ് പാളം തെറ്റി അഷ്ടമുടിക്കായലിലേയ്ക്ക് പതിക്കുകയായിരുന്നു. ദുരന്തത്തില്‍ 105 പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നാണ് കണക്കുകള്‍. ഇരുനൂറിലധികം പേര്‍ക്ക് പരുക്കേറ്റു.  ഉറ്റവരെ നഷ്ടമായ നിരവധിപേര്‍ ഒരിക്കലുമുണങ്ങാത്ത മുറിവുകളുമായി ഇന്നും ജീവിച്ചിരിക്കുന്നു.

 എഞ്ചിന്‍ പെരുമണ്‍ പാലം പിന്നിട്ട് നിമിഷങ്ങള്‍ക്കകം ട്രെയിനിന്‍റെ പതിനാലു ബോഗികള്‍ പൊടുന്നനെ അഷ്ടമുടിക്കായലിലേയ്ക്ക് പതിച്ചു. എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയും മുന്‍പ് ആ ബോഗികളിലെ നൂറുകണക്കിന് യാത്രക്കാര്‍ വെള്ളത്തില്‍ മുങ്ങിത്താണിരുന്നു. കായലോളങ്ങളില്‍ കൂട്ടനിലിവിളികള്‍ ഉയര്‍ന്നു. രക്ഷാപ്രവര്‍ത്തനത്തിന് ആദ്യമെത്തിയ നാട്ടുകാര്‍ കഴിയുന്നത്ര ആളുകളെ ചെറുവള്ളങ്ങളിലും വഞ്ചികളിലും മറ്റും കയറ്റി രക്ഷപെടുത്തി. ജീവന്‍ പണയപ്പെടുത്തിയുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ പരുക്കേറ്റ് ജീവിതം താളംതെറ്റിയ കുറേയധികം മനുഷ്യരും ഉണ്ടായിരുന്നു. ഒപ്പം മനസാക്ഷിമരവിപ്പിക്കുന്ന മറ്റൊരു വാര്‍ത്തയും കേരളം കേട്ടു. മൃതദേഹങ്ങിള്‍ നിന്ന് ഒരുസംഘം ആളുകള്‍ സ്വര്‍ണവും പണവും മോഷ്ടിച്ചു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും എല്ലാ മൃതദേഹങ്ങളും കണ്ടെടുക്കാനായില്ല. വെള്ളത്തിലാണ്ട് പോയ ബോഗികളില്‍ ആളുകള്‍ പിന്നെയും കുടുങ്ങി കിടന്നിരുന്നു. മരണത്തിന്‍റെ മരവിപ്പില്‍ തണുത്തുറഞ്ഞ കായല്‍പ്പരപ്പുകളില്‍ നിന്ന് അവരെ കണ്ടെടുക്കുകയും പ്രയാസമേറിയ കാര്യമായിരുന്നു.  പെരുമണ്‍ പാലത്തിന് സമീപം ഉണ്ടായ മിന്നല്‍ ചുഴലിയാണ് അപകടകാരണമെന്നാണ് അന്വേഷണസംഘത്തിന്‍റെ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ വിചിത്രവാദം റെയില്‍വേ അല്ലാതെ ആരും വിശ്വസിക്കാന്‍ കൂട്ടാക്കിയില്ല. റെയില്‍വേ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് അപകടകാരണെമെന്നുള്ള ആരോപണങ്ങളും ഉയര്‍ന്നു. അപകടത്തെ കുറിച്ചുള്ള പല നിഗമനങ്ങളും ചര്‍ച്ചകളും എങ്ങും നിറഞ്ഞു. എന്നാല്‍ തീവണ്ടി പാളം തെറ്റിയതിന്‍റെ യഥാര്‍ഥകാരണം ഇന്നും അജ്ഞാതമാണ്. ഒഡീഷയില്‍ 293 പേരുടെ ജീവനെടുത്ത ട്രെയില്‍ ദുരന്തത്തോടെ റെയില്‍ സുരക്ഷ വീണ്ടും ചോദ്യഛിന്നമായി മാറുകയാണ്.