09 May 2024 Thursday

ദുബായിലെ ഏറ്റവും വിലയേറിയ വീട് വിൽപനയ്ക്ക്; വാങ്ങാൻ ആഗ്രഹം പ്രകടിപ്പിച്ച് ഇന്ത്യക്കാരും

ckmnews


ദുബായ് : ദുബായിലെ ഏറ്റവും വിലയേറിയ വീട് വില്‍പ്പനയ്ക്ക്. 750 ദശലക്ഷം ദിര്‍ഹമാണ് വീടിന്റെ വില. അതായത് ഏകദേശം 2000 കോടി രൂപ. 60,000 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് വീട് പണിതിരിക്കുന്നത്. അവിടെ ഏറ്റവും ഉയര്‍ന്ന ചെലവില്‍ നിര്‍മിച്ച ആഡംബര വീടാണിത്. ഇന്ത്യയില്‍ നിന്നുള്ള ശതകോടീശ്വരന്‍ അടക്കമുള്ളവര്‍ വീട് വാങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.


എമിറേറ്റ്സ് ഹില്‍സിന് സമീപമാണ് വീട് സ്ഥിതി ചെയ്യുന്നത്. അഞ്ച് പ്രധാന കിടപ്പുമുറികളാണ് ഈ വീട്ടിൽ ഉള്ളത്. 4000 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് കിടപ്പുമുറി പണിതിരിക്കുന്നത്. താഴത്തെ നിലയില്‍ ഡൈനിങ്ങിനും വിനോദത്തിനുമായി പ്രത്യേകം മുറികളും ഉണ്ട്. ഒരു വീടിന്റെ വലിപ്പമുണ്ട് ഓരോ റൂമിനും. 19 ബാത്ത്‌റൂമുകളും 15-കാര്‍ ഗാരേജ്, ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ പൂളുകളും രണ്ട് ഡോമുകള്‍, 80,000 ലിറ്റര്‍ കോറല്‍ റീഫ് അക്വേറിയം, ഒരു പവര്‍ സബ്‌സ്റ്റേഷന്‍ എന്നിവയും ഇവിടുത്തെ സൗകര്യങ്ങളില്‍ ഉള്‍പ്പെടും.


2,500 ചതുരശ്ര അടിയിൽ ആണ് മറ്റു മുറികൾ നിര്‍മ്മിച്ചിരിക്കുന്നത്. 1,000 ചതുരശ്ര അടി വിസ്തീര്‍ണത്തിൽ ഗസ്റ്റ് റൂമുകളും ഉണ്ട്. വൈന്‍ സൂക്ഷിക്കാനായും പ്രത്യേകമുറിയും ക്രമീകരിച്ചിരിച്ചിട്ടുണ്ട്. 25 പേര്‍ക്കുള്ള 12 സ്റ്റാഫ് റൂമുകളും രണ്ട് നിലവറകളുമുണ്ട്. ഏറെ ആഗ്രഹിച്ചാണ് ഇങ്ങനെയൊരു വീട് ഉടമസ്ഥൻ പണിതത്. എന്നാൽ വിവാഹമോചനത്തെത്തുടര്‍ന്ന് ഇദ്ദേഹം ഇവിടെ ഒറ്റയ്ക്കായി. മാര്‍ബിള്‍ പാലസ് എന്നാണ് ഈ വീട് അറിയപ്പെടുന്നത്.


80 ദശലക്ഷം ദിര്‍ഹം മുതല്‍ 100 ദശലക്ഷം ദിര്‍ഹം വരെ ചെലവ് വരുന്ന ഇറ്റാലിയന്‍ മാര്‍ബിള്‍ ഉപയോഗിച്ചാണ് ഇത് പണിതത്. 12 വര്‍ഷമെടുത്താണ് ഈ വീടിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. ഒന്‍പത് മാസത്തിലധികം 70 അതിവിദഗ്ധ തൊഴിലാളികളാണ് വീടിന്റെ പ്രത്യേക അലങ്കാരപണികള്‍ക്കായി പണിയെടുത്തത്. പ്രതിമകളും പെയിന്റിംഗുകളുമടക്കം 400 കലാശേഖരങ്ങളും ഈ വീട്ടിലുണ്ട്. വില്‍പനയില്‍ വീട്ടിലെ ഫര്‍ണിച്ചറും ഈ അലങ്കാര വസ്തുക്കളുമെല്ലാം ഉള്‍പ്പെടും.