09 May 2024 Thursday

വെളിയംകോട് പാലപ്പെട്ടി പൊന്നാനി മേഖലയിൽ കടലാക്രമണം രൂക്ഷം അജ്‌മീർ നഗറിൽ മൂന്നു വീടുകൾ തകർന്നു നിരവധി വീടുകൾ തകർച്ചാ ഭീഷണിയിൽ

ckmnews

വെളിയംകോട് പാലപ്പെട്ടി പൊന്നാനി മേഖലയിൽ കടലാക്രമണം രൂക്ഷം


അജ്‌മീർ നഗറിൽ മൂന്നു വീടുകൾ തകർന്നു നിരവധി വീടുകൾ തകർച്ചാ ഭീഷണിയിൽ


പാലപ്പെട്ടി:കനത്ത മഴ തുടരുന്നതിനിടെ വെളിയംകോട് പാലപ്പെട്ടി പൊന്നാനി മേഖലയിൽ കടലാക്രമണം രൂക്ഷമാകുന്നു.നിരവധി വീടുകളിലേക്ക് തിരമാലകൾ അടിച്ച് കയറുന്നുണ്ട്.പലയിടത്തും വീടുകൾ തകർച്ചാ ഭീഷണിയിലാണ്.കടലാക്രമണം കനത്തതോടെ പാലപ്പെട്ടി അജ്‌മീർനഗറിൽ മൂന്നുവീടുകൾ തകർന്നു.പാടൂക്കാരൻ ഖദീജ, വടക്കേപ്പുറത്ത് റഹ്‌മത്ത്, കള്ളികളപ്പിൽ ദൈന എന്നിവരുടെ വീടുകളാണ് തകർന്നത്.ഖദീജയുടെ വീടിന്റെ ഒരുഭാഗം കടലിലേക്ക് നിലംപൊത്തി.ദൈനയും കുടുംബവും ബന്ധുവീട്ടിലേക്ക് മാറിയിട്ടുണ്ട്. വെളിയങ്കോട് പത്തുമുറിയിലും തണ്ണിത്തുറയിലും കടലേറ്റം ശക്തമാണ്. തണ്ണിത്തുറ ജിന്നൻ കോളനിയോട് ചേർന്നു ട്രാൻസ്‌ഫോർമർ സ്ഥാപിച്ചിരുന്ന വൈദ്യുതിത്തൂണുകൾ കടലിലേക്ക് നിലംപൊത്തി.വൈദ്യുതിത്തൂണുകൾ തകരുമെന്നതിനാൽ വൈദ്യുതിബന്ധം നേരത്തെ വിച്ഛേദിച്ചതിനാൽ വലിയഅപകടം ഒഴിവായി.ജില്ലാ അതിർത്തിയായ കാപ്പിരിക്കാട് മേഖലയിൽ മാത്രം ഇരുപതോളം വീടുകൾ കടലേറ്റത്തിൽ തകരുമെന്ന നിലയിലാണ്. കാപ്പിരിക്കാട് തെക്കൂട്ട് ഹനീഫയുടെ വീട് ഏതുനിമിഷവും കടലെടുക്കാവുന്ന അവസ്ഥയിലാണ്.


പാലപ്പെട്ടി കാപ്പിരിക്കാട്,അജ്‌മീർനഗർ എന്നിവിടങ്ങളിലും വെളിയങ്കോട് കടലോരമേഖലയിലുമായി അമ്പതോളം വീടുകളാണ് തകർച്ചാഭീഷണിയിൽ കഴിയുന്നത്.അജ്‌മീർനഗറിലെ അജ്‌മീർ പള്ളിയും കാപ്പിരിക്കാട് അലിയാർ ജുമാഅത്ത് പള്ളിയും ഹിളർ പള്ളിയും കടലേറ്റത്തിൽ തകരുമെന്ന അവസ്ഥയിലാണ്.അലിയാർ ജുമാഅത്ത് പള്ളിയുടെ അഞ്ച് മീറ്റർ മാത്രം ദൂരത്തിലാണ് കടൽ എത്തി നിൽകുന്നത്. ദുരിത പ്രദേശങ്ങളിലെല്ലാം ജില്ലാ പഞ്ചായത്ത് മെമ്പർ കൂടിയായ എകെ സുബൈറിന്റെ നേതൃത്വത്തിൽ പൊതുപ്രവർത്തകർ സന്ദർശിച്ചു.


വീടുകൾ നഷ്ടപ്പെട്ടവരെയും കടലേറ്റം കൊണ്ട് ഭീഷണിയുള്ളവരെയും ദുരിതാശ്വാസ കേന്ദ്രമായ ഷെൽട്ടറിൽ താമസിപ്പിക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചതായും റവന്യൂ ഉദ്യോഗസ്ഥരുമായും, ഉത്തരവാദിത്വപ്പെട്ടവരുമായും സ്ഥിതിഗതികൾ ചർച്ച ചെയ്തതായും ജില്ലാ പഞ്ചായത്ത് മെമ്പർ പറഞ്ഞു.


ഇതിനിടെ പൊന്നാനി പുതുപൊന്നാനി മേഖലയിലും  വലിയ രീതിയിൽ കടൽ ക്ഷോഭം അനുഭവപ്പെടുന്നത് കടലോരവാസികൾക്ക് ഭീഷണിയാവുന്നുണ്ട്.കഴിഞ്ഞ ദിവസം ഇവിടെ സന്ദർശിച്ച എംഎൽഎ പി നന്ദകുമാറിനെതിരെ കടലോരവാസികളുടെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉണ്ടായത്.കടൽ ഭിത്തി അടക്കമുള്ള മത്സ്യ ത്തൊഴിലാളികളുടെ അടിസ്ഥാന പ്രശ്നങ്ങൾ കടലാസിലാണെന്നാണ് ഇവരുടെ ആരോപണം.കടലാക്രമണവും ട്രോളിങ് നിരോധനവും മത്സ്യത്തൊഴിലാളികളെ പട്ടിണിയിലേക്ക് തള്ളി വിടുകയാണെന്നും അർഹമായ ആനുകൂല്യങ്ങൾ സർക്കാരിന്റെ ഭാഗത്ത് നിന്ന് ലഭ്യമാകുന്നില്ലെന്നുമാണ് മത്സ്യത്തൊഴിലാളികളുടെ പരാതി.മത്സ്യത്തൊഴിലാളികളുടെ പ്രശ്നത്തിന് പരിഹാരം ആയില്ലെങ്കിൽ ഒരു ജനപ്രതിനിധികളെ പ്രദേശത്തേക്ക് വരാൻ അനുവധിക്കില്ലെന്ന നിലപാടിലാണ് മത്സ്യത്തൊഴിലാളികൾ