26 April 2024 Friday

സുരേഷ് റെയ്നയുടെ കുടുംബാംഗങ്ങളുടെ കൊലപാതകം ; മൂന്ന് പേർ അറസ്റ്റിൽ

ckmnews

ചണ്ഡീഗഡ്: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്നയുടെ ബന്ധുക്കളെ ആക്രമിച്ച് രണ്ട് പേരെ കൊലപ്പെടുത്തുകയും മൂന്ന് പേരെ മാരകമായി പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ മൂന്ന് പേരെ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാന്‍ സ്വദേശികളായ രണ്ട് പേരും ഉത്തര്‍പ്രദേശ് സ്വദേശിയുമാണ് അറസ്റ്റിലായത്. കേസില്‍ ഇനിയും 11 പേരെ കൂടി പിടികൂടാനുണ്ടെന്നും പഞ്ചാബ് ഡിജിപി ദിനകര്‍ ഗുപ്ത  പറഞ്ഞു.


വിവിധ സംസ്ഥാനങ്ങളിൽ മോഷണവും പിടിച്ചുപറിയും നടത്തി ജീവിക്കുന്ന കൊള്ളസംഘത്തിന്റെ ഭാഗമാണ് അറസ്റ്റിലായ മൂന്നുപേരുമെന്നും ഡിജിപി വ്യക്തമാക്കി. സാവൻ, മുഹോബത്ത്, ഷാരൂഖ് ഖാൻ എന്നിവരാണ് പഞ്ചാബ് പോലീസിന്റെ പിടിയിലായത്. മുൻപ് ഉത്തർപ്രദേശ്, ജമ്മു കശ്മീർ, പഞ്ചാബിന്റെ മറ്റു പ്രദേശങ്ങൾ എന്നിവിടങ്ങളിലെല്ലാം ഇവർ കൊള്ള നടത്തിയിട്ടുണ്ട്. പ്രദേശവാസിയായ ഒരാളുടെ സഹായത്തോടെയാണ് കൊള്ളസംഘം റെയ്നയുടെ ബന്ധുവീട്ടിൽ മോഷണത്തിന് എത്തിയത്. ഇതിനിടെയാണ് കുടുംബാംഗങ്ങളെ ആക്രമിച്ചത്.


റെയ്നയുടെ ബന്ധുവീട്ടിൽനിന്ന് മോഷ്ടിച്ച പണവും ആഭരണങ്ങളും ഇവർ സംഘാംഗങ്ങൾക്കിടയിൽ പങ്കുവച്ചു. ഇതിൽ ചില ആഭരണങ്ങളും 1500 രൂപയും പിടിയിലായവരിൽനിന്ന് കണ്ടെടുത്തു. മൂന്ന് പ്രതികള്‍ അറസ്റ്റിലായതോടെ സുരേഷ് റെയ്നയുടെ കുടുംബത്തെ ആക്രമിച്ച കേസിന് പരിഹാരമായിരിക്കുകയാണെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് വ്യക്തമാക്കി.


പഞ്ചാബിലെ പഠാൻകോട്ട് ജില്ലയിൽ കഴിഞ്ഞ മാസം 19നാണ് റെയ്നയുടെ പിതൃസഹോദരി ആശാ റാണിയുടെ കുടുംബം ആക്രമിക്കപ്പെട്ടത്. രാത്രി ടെറസിൽ കിടന്നുറങ്ങുകയായിരുന്ന കുടുംബത്തിനുനേരെ നടന്ന ആക്രമണത്തിൽ പിതൃസഹോദരീ ഭർത്താവ് അശോക് കുമാർ(58) കൊല്ലപ്പെട്ടു. ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇവരുടെ മകൻ കൗശൽ കുമാർ(32) ഓഗസ്റ്റ് 31ന് മരണത്തിനു കീഴടങ്ങി.


ആശാ റാണി ഇപ്പോഴും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. മറ്റൊരു മകന്‍ അപിന്‍ കുമാറും അശോക് കുമാറിന്റെ അമ്മ സത്യദേവിയും  ചികിത്സയ്ക്കുശേഷം ആശുപത്രി വിട്ടു. അക്രമികളെ പിടികൂടാൻ സുരേഷ് റെയ്ന ആവശ്യപ്പെട്ടതിനു പിന്നാലെ അന്വേഷണത്തിന് പ്രത്യേക സംഘത്തെ മുഖ്യമന്ത്രി അമരീന്ദർ സിംഗ് നിയോഗിച്ചിരുന്നു. തുടർന്ന് നൂറോളം പേരടങ്ങുന്ന സംഘമാണ് അക്രമികളെ കണ്ടെത്താനായി ശ്രമം നടത്തിയത്.