09 May 2024 Thursday

ട്രെയിൻ തീവയ്പ്പ് കേസ്; പ്രതി ഷാറൂഖ് സെയ്ഫിയുടെ തിരിച്ചറിയൽ പരേഡ് നടത്തി

ckmnews



എലത്തൂർ ട്രെയിൻ തീവയ്പ് കേസില്‍ പ്രതി ഷാറൂഖ് സെയ്ഫിയുടെ തിരിച്ചറിയൽ പരേഡ് നടത്തി അന്വേഷണസംഘം. കേസിലെ സാക്ഷികളെ ഉൾപ്പെടെ കോഴിക്കോട് പൊലീസ് ക്യാമ്പിലെത്തിച്ചാണ് തിരിച്ചറിയൽ പരേഡ് നടത്തുന്നത്. എഡിജിപി എം ആര്‍ അജിത് കുമാറും ഐ ജി നീരജ് കുമാര്‍ ഗുപ്തയും പൊലീസ് ക്യാമ്പിലെത്തിയിട്ടുണ്ട്. കേസില്‍ സാക്ഷികളിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം ഇന്നലെ മൊഴി രേഖപ്പെടുത്തിയിരുന്നു.


ആക്രമണ സമയത്ത് ഇയാൾ ധരിച്ചിരുന്നത് ചുവന്ന ഷർട്ടായിരുന്നു എന്നാണ് ദൃക്സാക്ഷികൾ നൽകിയ മൊഴി. എന്നാൽ കണ്ണൂരിൽ വന്നിറങ്ങുമ്പോൾ ഇയാളുടെ വസ്ത്രം വേറെയായിരുന്നു എന്നതാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ട്രെയിനിനകത്ത് വെച്ച് ഇയാൾ സ്വമേധയാ വസ്ത്രം മാറിയോ അതോ ആരെങ്കിലും കൊടുത്തതാണോ എന്ന് അറിയാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്.


എലത്തൂർ ട്രെയിൻ തീവെയ്പ് കേസ് പ്രതി ഷാറൂഖ് സെയ്ഫിക്കായി ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. ലീഗൽ എയ്ഡ് ഡിഫൻസ് കൗൺസലിലെ ചീഫ് ഡിഫൻസ് കൗൺസിൽ അഡ്വ പീതാംബരനാണ് മൂന്നാം ക്ലാസ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത്. ജാമ്യാപേക്ഷ ഈ മാസം 18 ന് പരിഗണിക്കാനായി മാറ്റി.


പൊലീസ് കസ്റ്റഡിയിലുള്ള ഷാറൂഖുമായി തെളിവെടുപ്പ് അടക്കമുള്ള നടപടികൾ പുരോഗമിക്കുകയാണ്. കേസിൽ കൂടുതൽ തെളിവ് കണ്ടെത്താനാണ് ശ്രമം. പ്രതിക്ക് കേരളത്തിൽ ആരെങ്കിലുമായി ബന്ധമുണ്ടോയെന്നതടക്കം കാര്യങ്ങളിൽ വിശദമായ അന്വേഷണം നടക്കുകയാണ്.