09 May 2024 Thursday

എം.ഗംഗാധരൻ വൈദ്യർക്കും ഡോ.വി.എം ദാമോദരൻ നമ്പൂതിരിയ്ക്കും പൂമുള്ളി ആറാം തമ്പുരാൻ പുരസ്ക്കാരം.

ckmnews



എടപ്പാൾ:പെരിങ്ങോട് പൂമുള്ളി ആറാം തമ്പുരാൻ സ്മാരക ട്രസ്റ്റ്‌ ഏർപ്പെടുത്തിയ പ്രഥമ  വൈദ്യശ്രേഷ്ഠ പുരസ്കാരം പ്രഖ്യാപിച്ചു.പാരമ്പര്യ ആയുർവ്വേദ കുലപതി എം.ഗംഗാധരൻ വൈദ്യരും, പ്രമുഖ സൈക്യാട്രിസ്റ്റ് ഡോ.വി.എം. ദാമോദരൻ നമ്പൂതിരിയും പുരസ്കാരത്തിന് അർഹരായതായി പൂമുള്ളി ആറാം തമ്പുരാൻ സ്മാരക ട്രസ്റ്റ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ആയുർവേദ രംഗത്തെ ബാല ചികിത്സാ വിഭാഗത്തിലാണ് മേഴത്തൂർ സി.എൻ.എസ്. ചികിത്സാലയത്തിലെ എം.ഗംഗാധരൻവൈദ്യർ പുരസ്ക്കാരത്തിന് അർഹനായത്. അലോപ്പതി രംഗത്ത് മന:ശാസ്ത്ര രോഗ വിദഗ്ദൻ എന്ന നിലയിലാണ് ഡോ.വി.എം ദാമോദരൻ നമ്പൂതിരി (ഡോ.വി.എം.ഡി നമ്പൂതിരി) പുരസ്ക്കാരത്തിനർഹനായത്.

ഏപ്രിൽ 26ന് പൂമുള്ളി മന അങ്കണത്തിൽ വിശിഷ്ട വ്യക്തികളുടെ സാന്നിദ്ധ്യത്തിൽ നടക്കുന്ന സാംസ്ക്കാരിക ചടങ്ങിൽ അവാർഡ് ജേതാക്കൾക്ക് പുരസ്കാരവും ഫലകവും പ്രശംസാപത്രവും പതിനായിരത്തി ഒന്ന് രൂപയും സമ്മാനിക്കുമെന്നും ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു. പൂമുള്ളി നാരായണൻ നമ്പൂതിരി, വൈദ്യമഠം വാസുദേവൻ നമ്പൂതിരി, ഡോ.ദേവൻ നമ്പൂതിരി, ഡോ.രാജേഷ് കൃഷ്ണൻ നമ്പൂതിരി എന്നിവരടങ്ങിയ ജൂറിയാണ് പുരസ്ക്കാര ജേതാക്കളെ തെരഞ്ഞെടുത്തത്.

പെരിങ്ങോടിന്റെ കലാ സാംസ്കാരിക ഭൂപടത്തിൽ ഏറെ പ്രാധാന്യമേറിയതാണ് പൂമുള്ളി മന. കല, സാഹിത്യം, സംഗീതം, വൈദ്യം, കളരിപ്പയറ്റ് തുടങ്ങി വിവിധ മേഖലകളിൽ അഗാധ പാണ്ഡിത്യമുള്ള വ്യക്തിയായിരുന്നു അറിവിന്റെ തമ്പുരാൻ എന്നറിയപ്പെടുന്ന പൂമുള്ളി നീലകണ്ഠൻ നമ്പൂതിരിപ്പാട്. അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി വൈദ്യശാസ്ത്ര രംഗത്ത് വിലപ്പെട്ട സംഭാവനകൾ നൽകിയ രണ്ട് വ്യക്തികളെയാണ് ഇത്തവണ പുരസ്കാരം നൽകി ആദരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പെരിങ്ങോട് വിപുലമായ സ്വാഗത സംഘം ചേരുമെന്നും, മനയിൽ ഇപ്പോഴും ചികിത്സക്കൊപ്പം, കളരിപ്പയറ്റ്, യോഗ എന്നിവ നടത്തിവരുന്നതായും പൂമുള്ളി ആറാം തമ്പുരാൻ സ്മാരക ട്രസ്റ്റ് ഭാരവാഹികളായ പി.എം. നീലകണ്ഠൻ പൂമുള്ളി, പി.എം.വാസുദേവൻ പൂമുള്ളി, കമ്മിറ്റി അംഗങ്ങളായ ടി.രാജീവ് മാസ്റ്റർ, വി.സുരേഷ് മാസ്റ്റർ എന്നിവർ അറിയിച്ചു.