11 May 2024 Saturday

അയ്യപ്പ ഭക്തർക്കും താലമെടുത്ത മഹിളകൾക്കും സൗഹാർദത്തിന്റെ തണ്ണീർ പന്തൽ ഒരുക്കി ഒറ്റപ്പിലാവ് മഹല്ല് കമ്മറ്റി

ckmnews

അയ്യപ്പ ഭക്തർക്കും താലമെടുത്ത മഹിളകൾക്കും സൗഹാർദത്തിന്റെ തണ്ണീർ പന്തൽ ഒരുക്കി ഒറ്റപ്പിലാവ് മഹല്ല് കമ്മറ്റി


പെരുമ്പിലാവ് :അയ്യപ്പ ഭക്തർക്കും താലമെടുത്ത മഹിളകൾക്കും മത സൗഹാർദ തണ്ണീർ പന്തൽ ഒരുക്കി ഒറ്റപ്പിലാവ് മഹല്ല് കമ്മറ്റി മാതൃകയായി.കറുപ്പു മുടുത്ത് മുദ്രയും ചാർത്തി കലിയുഗവരദാനായ അയ്യപ്പ സ്വാമിയെ ധ്യാനിച്ച് ശരണം വിളികളുമായി എത്തിയ ശ്രീ പൊതിയഞ്ചേരിക്കാവ് ദേശവിളക്കിനാണ് ഒറ്റപ്പിലാവ് നൂറുസ്സലാം മദ്രസ്സ ആന്റ് മഹല്ല് മസ്ജിദ് കമ്മറ്റിയുടെ നേതൃത്വത്തിൽ പള്ളി പരിസരത്ത് സ്വീകരണമൊരുക്കി വേറിട്ട മാതൃകയായത്.ചാലിശ്ശേരി മുലയംപറമ്പ്  ക്ഷേത്രത്തിൽ നിന്നും എഴുന്നൊള്ളിച്ച് ഒറ്റപ്പിലാവ് സെന്ററിൽ എത്തിയ ദേശവിളക്ക് സംഘത്തിനും താലമെടുത്ത വനിതകൾക്കും ശീതള പാനീയവും പലഹാരവും  നൽകിയാണ് മഹല്ല് കമ്മറ്റി ഇവരെ സ്വീകരിച്ചത്. ഒമ്പതു വർഷം മുൻപ് മതേതര വിശ്വാസികൾ രൂപം കൊടുത്ത വിളക്കിന് ക്ഷേത്രകമ്മറ്റി ജാതിമത ഭേദമന്യേ മുഴുവനാളുകളേയും വിളക്കിലേക്കും അന്നദാന ചടങ്ങിലേക്കും ക്ഷണിച്ചിരുന്നു.അയ്യപ്പഭക്തർക്ക് നൽകിയ സ്വീകരണത്തിന് മഹല്ല് പ്രസിഡന്റ് എൻ.എ.  ഉസ്മാൻ , വാർഡംഗം എൻ.എ.ഫസലുറഹ്മാൻ ,ഷാജി ഒറ്റപ്പിലാവ്, മഹല്ല് കമ്മറ്റി ഭാരവാഹികളായ പി.എം. മുഹമ്മ താലി , സി.ഐ. ഷെറീഫ്, വി.എ. ഹുസൈൻ , നസീർ വി.എ. എന്നിവർ നേതൃത്വം നൽകി. ക്ഷേത്ര കമ്മറ്റി ഭാരവാഹി കെ.വി. മണികണ്ഠൻ സ്വീകരണത്തിനു നന്ദി പറഞ്ഞു.