26 April 2024 Friday

വിഴിഞ്ഞത്തെ സമരപ്പന്തൽ പൊളിച്ചു നീക്കണമെന്ന് ഹൈക്കോടതി

ckmnews

കൊച്ചി: വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരെ ലത്തീൻ അതിരൂപത നിർമിച്ച സമരപ്പന്തൽ പൊളിച്ച് നീക്കാൻ ഹൈക്കോടതിയുടെ നിർദേശം. ഉടൻ പൊളിച്ച് നീക്കണമെന്ന് സമരസമിതിക്ക് തന്നെയാണ് കോടതി നിർദേശം നൽകിയിരിക്കുന്നത്. ഗെയ്റ്റിന് മുന്നിലെ സമരപ്പന്തൽ കാരണം നിർമാണ സ്ഥലത്തേക്ക് പ്രവേശിക്കാൻ സാധിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി അദാനി ഗ്രൂപ്പ് നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്.


തുറമുഖ നിർമാണം തടസ്സപ്പെടുത്തരുതെന്ന് നേരത്തെ തന്നെ ഹൈക്കോടതി നിർദേശം നൽകിയിട്ടുള്ളതാണ്. നിർമാണ പ്രവൃത്തികൾക്ക് പോലീസ് സംരക്ഷണവും ഏർപ്പെടുത്തിയിരുന്നു. നിർമാണ പ്രവർത്തനങ്ങൾ സമരപ്പന്തൽ കാരണം തടസ്സപ്പെടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി വീണ്ടും അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ വീണ്ടും സമീപിക്കുകയായിരുന്നു.


വിഴിഞ്ഞം തുറമുഖ നിർമാണ മേഖലയിലേക്ക് പ്രവേശിക്കുന്ന പ്രധാന ഗെയ്റ്റിന് മുന്നിലെ സമരപ്പന്തൽ ഉടൻ തന്നെ പൊളിച്ച് നീക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. ലത്തീൻ അതിരൂപത ആർച്ച്ബിഷപ്പ് അടക്കമുള്ളവർ അദാനി ഗ്രൂപ്പ് നൽകിയ ഹർജിയിൽ എതിർ കക്ഷികളാണ്.


നേരത്തെ കോടതി നൽകിയ നിർദേശങ്ങളൊന്നും പാലിക്കപ്പെടുന്നില്ലെന്നും പോലീസ് നിഷ്ക്രിയത്വം പാലിക്കുകയാണെന്നും ചൂണ്ടിക്കാട്ടി കോടതിയലക്ഷ്യ ഹർജിയായിട്ടാണ് അദാനി ഗ്രൂപ്പ് വീണ്ടും സമീപിച്ചിരുന്നത്. ഇതേ തുടർന്ന് കോടതി റിപ്പോർട്ട് തേടിയിരുന്നു. അത്തരം പ്രശ്നങ്ങളൊന്നുമില്ലെന്ന് പോലീസ് റിപ്പോർട്ട് നൽകിയെങ്കിലും എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് സമരപ്പന്തൽ നിർമാണത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ടെന്ന റിപ്പോർട്ടാണ് കൈമാറിയത്.