26 April 2024 Friday

എല്‍പിജി ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്! ഒരു വര്‍ഷത്തില്‍ 15 സിലിണ്ടറുകള്‍ മാത്രമേ ലഭ്യമാകൂ, മാസത്തിന്റെ ക്വാട്ടയും നിശ്ചയിച്ചു

ckmnews

ഗാര്‍ഹിക എല്‍പിജി ഉപഭോക്താക്കള്‍ക്ക് ഇനി സിലിണ്ടറുകള്‍ക്കുള്ള റേഷന്‍ പ്രക്രിയ നേരിടേണ്ടിവരും.ഇപ്പോള്‍ പുതിയ നിയമമനുസരിച്ച്‌, ഒരു കണക്ഷനില്‍ ഒരു വര്‍ഷത്തില്‍ 15 സിലിണ്ടറുകള്‍ മാത്രമേ ലഭ്യമാകൂ. ഇതില്‍ കൂടുതല്‍ സിലിണ്ടറുകള്‍ ഒരു വീട്ടിലേക്ക് ലഭിക്കില്ല. ഒരു മാസത്തെ ക്വാട്ടയും നിശ്ചയിച്ചിട്ടുണ്ട്. ഒരു ഉപഭോക്താവിന് ഒരു മാസത്തിനുള്ളില്‍ രണ്ടില്‍ കൂടുതല്‍ സിലിണ്ടറുകള്‍ എടുക്കാന്‍ കഴിയില്ല. ഗാര്‍ഹിക നോണ്‍-സബ്‌സിഡി കണക്ഷന്‍ ഉടമകള്‍ക്ക് എത്ര സിലിണ്ടറുകള്‍ വേണമെങ്കിലും ലഭിക്കും.


വാണിജ്യാടിസ്ഥാനത്തിലുള്ളതിനേക്കാള്‍ വിലക്കുറവുള്ളതിനാല്‍ സബ്‌സിഡിയില്ലാത്ത ഗാര്‍ഹിക റീഫില്ലുകള്‍ അവിടെ ഉപയോഗിക്കുന്നതായി ദീര്‍ഘകാലമായി വകുപ്പിന് പരാതികള്‍ ലഭിക്കുന്നുണ്ട്. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായി അനുവദിച്ച പാചക വാതകസിലിണ്ടറുകള്‍ (14.2 കിലോഗ്രാം) അനധികൃതമായി വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്നായിരുന്നു എണ്ണക്കമ്ബനികള്‍ പരാതിപ്പെട്ടിരുന്നത്. പ്രധാനമായും ഹോട്ടലുകള്‍, റസ്‌റ്റോറന്റുകള്‍, ചെറുകിട ഭക്ഷണശാലകള്‍, ഓട്ടോകള്‍ തുടങ്ങിയവയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഈ ദുരുപയോഗം തടയാന്‍ വേണ്ടിയാണ് കേന്ദ്രം ഇത്തവണ കണക്ഷന്‍ അടിസ്ഥാനത്തില്‍ ഒരു സാധാരണ ഉപഭോക്താവിന് 14.2 കിലോഗ്രാം സിലിണ്ടര്‍ പ്രതിവര്‍ഷം 15 എന്ന പ്രാരംഭ പരിധിയും മാസത്തില്‍ പരമാവധി 2 ആയും നിശ്ചയിച്ചത്.


ഈ മാറ്റങ്ങള്‍ ഇന്‍ഡെന്‍, ഭാരത് ഗ്യാസ്, എച്ച്‌പി ഗ്യാസ് എന്നീ എണ്ണ കമ്ബനികളുടെ ഉപഭോക്താക്കളില്‍നടപ്പിലാക്കിയിട്ടുണ്ട്. സബ്‌സിഡിയുള്ള ഗാര്‍ഹിക ഗ്യാസിന് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഈ നിരക്കില്‍ ഒരു വര്‍ഷത്തില്‍ 12 സിലിണ്ടറുകള്‍ മാത്രമേ ലഭിക്കൂ. ഇതില്‍ കൂടുതല്‍ ആവശ്യമുണ്ടെങ്കില്‍ സബ്‌സിഡിയില്ലാത്ത സിലിണ്ടര്‍ മാത്രമേ എടുക്കാവൂ. റേഷനിംഗ് പ്രകാരം ഒരു കണക്ഷനില്‍ ഒരു മാസത്തില്‍ രണ്ട് സിലിണ്ടറുകള്‍ മാത്രമേ ലഭ്യമാകൂ എന്നാണ് പറയുന്നത്. ഒരു വര്‍ഷത്തില്‍ ഇത് 15 ല്‍ കൂടുതല്‍ ആകാന്‍ പാടില്ല.