26 April 2024 Friday

ആറൻമുള വഞ്ചിപ്പാട്ട് മത്സരം; പൂവത്തൂർ പള്ളിയോടക്കര ജേതാക്കളായി

ckmnews

ആറൻമുള പാർഥസാരഥി ക്ഷേത്രത്തിലെ വഞ്ചിപ്പാട്ട് മൽസരത്തിൽ പൂവത്തൂർ പള്ളിയോടക്കര ജേതാക്കളായി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും പള്ളിയോട സേവാസംഘത്തിന്റെയും നേതൃത്വത്തിലായിരുന്നു മൽസരം. 52 പവന്റെ എവര്‍ റോളിങ്ങ് ട്രോഫിയാണ് ജേതാക്കൾക്ക് നൽകുന്നത്.വിധികർത്താക്കൾക്കൊപ്പം മൽസരാർഥികൾ നതോന്നതയിൽ പാടിക്കയറി. പിന്നെ മേഖലാ മൽസരങ്ങളിൽ വിജയിച്ച മൂന്നു കരകൾ മാറ്റുരച്ചു. പൂവത്തൂർ കിഴക്ക് ഒന്നാം സ്ഥാനവും കീഴ് വന്മഴി രണ്ടാം സ്ഥാനവും കീക്കൊഴൂർ -വയലത്തല മൂന്നാം സ്ഥാനവും നേടി. പള്ളിയോടക്കരകൾക്ക് മാത്രമായി നടന്ന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ പൂവത്തൂർ കിഴക്കിന് 52 പവൻ സ്വർണത്തിന്റെ വഞ്ചിപ്പാട്ട്-സോപാനം എവർ റോളിങ് സുവർണ ട്രോഫിയും 25000 രൂപയും സമ്മാനമായി ലഭിച്ചു. രണ്ടാം സ്ഥാനം നേടിയ കീഴ്‌വന്മഴി പള്ളിയോടത്തിന് ട്രോഫിയും 15000 രൂപയും കീക്കൊഴൂർ വയലത്തലയ്ക്ക് ട്രോഫിയും 10,000 രൂപയും സമ്മാനമായി ലഭിച്ചു. മേഖലാ മത്സരത്തിൽ രണ്ടും മൂന്നും സ്ഥാനം നേടിയ 6 ടീമുകൾക്ക് 5001 രൂപ വീതം സമ്മാനമായി നൽകി. ഫൈനൽ മത്സരം ഓയിൽ പാം ഇന്ത്യ ലിമിറ്റഡ് ചെയർമാൻ എം. വി. വിദ്യാധരൻ നായർ ഉദ്ഘാടനം ചെയ്തു.