09 May 2024 Thursday

റേഷൻ കടകൾ ' ഹെൽത്തി'യാകുന്നു ; ഗോതമ്ബിന് പകരം റാഗിയും , പ്രോടീൻ റിച്ച് കാബൂളിക്കടലയും

ckmnews

ചോറും അരികൊണ്ടുണ്ടാക്കിയ പലഹാരങ്ങളും കഴിഞ്ഞാല്‍ പിന്നെ മലയാളികള്‍ക്ക് പ്രിയം ചപ്പാത്തിയാണ്. പക്ഷെ കേരളത്തിന് വിഹിതമായി ലഭിച്ചുകൊണ്ടിരുന്ന 6450.074 മെട്രിക് ടണ്‍ ഗോതമ്ബ് കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കിഇതിലൂടെ സംസ്ഥാനത്തെ 57% വരുന്ന മുന്‍ഗണനേതര വിഭാഗത്തില്‍പ്പെട്ട കാര്‍ഡ് ഉടമകള്‍ക്ക് ഗോതമ്ബ് ലഭിക്കാതെയായി. ഇതിന് ക്രിയാത്മകായ ഒരു പരിഹാരവുമായാണ് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി ആര്‍ അനിലും സംഘവും ദില്ലിയിലെത്തിയത്.


ഗോതമ്ബിന് പകരം റാഗി നല്‍കണമെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയലിനെ കണ്ട് ഭക്ഷ്യമന്ത്രി ആവശ്യപ്പെട്ടു. കേരളത്തിന്‍റെ ആവശ്യത്തോട് അനുഭാവപൂര്‍വം പ്രതകരിച്ച മന്ത്രി 991 മെട്രിക് ടണ് റാഗി നല്‍ക്കുമെന്ന് ഉറപ്പ് നല്‍കി. തുടക്കമെന്ന നിലയില്‍ സംസ്ഥാനത്ത് ഒരു പഞ്ചായത്തിലെ ഒരു റേഷന്‍ കടയിലും ഇടുക്കി പാലക്കാട് വയനാട് ജില്ലകളിലെ മുഴുവന്‍ റേഷന്‍ കടകളിലൂടെയും റാഗി പൊടിച്ച്‌ മാവാക്കി നല്‍കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.


കേരളത്തില്‍ കൂടിവരുന്ന ജീവിതശൈലി രോഗങ്ങള്‍ കൂടി കണക്കിലെടുത്താണ് സര്‍ക്കാരിന്‍റെ തീരുമാനം. ആരോഗ്യ വകുപ്പും ഭക്ഷ്യ കമ്മീഷനും നല്‍കിയ നിര്‍ദേശങ്ങളും ഭക്ഷ്യ വകുപ്പ് പരിഗണിച്ചു. ആദിവാസി മേഖലകളിലും, മലയോര പ്രദേശങ്ങളിലും ഭക്ഷ്യ കമ്മീഷന്‍ നടത്തിയ പഠനത്തില്‍ സ്ത്രീകളിലും കുട്ടികളിലും അനീമിയ പോലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ വ്യാപകമാണെന്ന് കണ്ടെത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ കൂടിയാണ് കൂടുതല്‍ പയര്‍ വര്‍ഗ്ഗങ്ങളും, പോഷകമൂല്യമുള്ള ധാന്യങ്ങളും പൊതുവിതരണ സംവിധാനത്തില്‍ ഉള്‍പ്പെടുത്തുന്നത്.


അരിയേക്കാളും ഗോതമ്ബിനേക്കാളും പോഷകമൂല്യമുള്ള അന്നജാഹാരമാണ് റാഗി. എന്ത് കൊണ്ടും നമ്മുടെ ഭക്ഷ്യരീതിക്ക് അനുയോജ്യമാണിത്. മുത്താറിയെന്നും പഞ്ഞപ്പുല്ല് എന്നും പേരുണ്ട് റാഗിക്ക്. വിറ്റമിന്‍ ബി6, ഫോളിക് ആസിഡ്, തുടങ്ങിയേറേയാണ് പോഷകമൂല്യം. പെട്ടന്ന് ദഹിക്കുന്ന റാഗി കുഞ്ഞുങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആരോഗ്യപ്രദമാണ്. റാഗി മാത്രമല്ല കാല്‍സ്യത്തിന്‍റെയും പ്രോടീന്‍റെയും കലവറയായ കാബൂളി കടല പോലുള്ളവയും റേഷന്‍കടകളിലേക്കായി അനുവദിക്കാന്‍ കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.


ഇതിനോടും അനുകൂലമായി തന്നെയാണ് കേന്ദ്രം പ്രതികരിച്ചത്. ആദ്യഘട്ടത്തില്‍ പഞ്ചായത്തിലെ ഒരു റേഷന്‍കടയിലും, മുന്‍സിപ്പാലിറ്റികളിലെ ഒന്നിലധികം കടകളിലുമാകും കാബൂളി കടല വിതരണം ചെയ്യുക. ഗോതമ്ബ് വിഹിതം വെട്ടിക്കുറച്ചത് കേരളത്തിന് വെല്ലുവിളി തന്നെയാണെന്നിരിക്കെ ശരാശരി മലയാളിയുടെ ആരോഗ്യ പരിപാലനത്തിന് റേഷന്‍ കടകള്‍ ഹെല്‍ത്ത് കോണ്‍ഷ്യസാകുന്നത് ഗുണകരമാണ്.