26 April 2024 Friday

സ്ത്രീകളുടെയും കുട്ടികളുടെയും ആഭരണങ്ങൾ മോഷ്ടിക്കൽ, ഒളിഞ്ഞുനോട്ടം; ഹ്യുണ്ടായി അനസ് അറസ്റ്റിൽ

ckmnews

കോഴിക്കോട്: സ്ത്രീകളുടെയും കുട്ടികളുടെയും ആഭരണങ്ങൾ മോഷ്ടിക്കുന്ന കുപ്രസിദ്ധ മോഷ്ടാവിനെ ടൗൺ അസി. കമ്മീഷണർ പി ബിജുരാജിൻ്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും എലത്തൂർ പൊലീസും പിടികൂടി. ഒളവണ്ണ കൊടശ്ശേരിപറമ്പ് സ്വദേശി ഹ്യുണ്ടായി അനസ് (അനസ്)  ആണ് പിടിയിലായത്. അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന പിഞ്ചുകുഞ്ഞിനെ തട്ടിയെടുത്ത് ആഭരണങ്ങൾ കവർന്ന് വീടിന്റെ ടെറസിൽ ഉപേക്ഷിച്ച കേസിൽ ജയിലിലായിരുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും മേലുള്ള ആഭരണങ്ങളാണ് ഇയാൾ മോഷ്ടിക്കാറുള്ളത്.


പ്രതി കഴിഞ്ഞ ആഴ്ച എലത്തൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ മോഷണം നടത്തിയതോടെ വീണ്ടും പൊലീസിന്റെ നോട്ടപ്പുള്ളിയായി. മുൻപും നിരവധി മോഷണ കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ കോഴിക്കോട് ടൗൺ, പന്നിയങ്കര, നല്ലളം, മെഡിക്കൽ കോളേജ്, കുന്നമംഗലം, പന്തീരാങ്കാവ് എന്നീ സ്റ്റേഷനുകളിലായി നിരവധി കേസുകളുണ്ട്. പല കേസുകളിലും വിചാരണ നടന്നുകൊണ്ടിരിക്കുകയുമാണ്. നല്ലളം പോലീസ് സ്റ്റേഷൻ പരിധിയിൽ ഒളവണ്ണയിൽ തൊട്ടിലിൽ കിടന്നുറങ്ങുകയായിരുന്ന പിഞ്ചുകുഞ്ഞിൻ്റെ കൈചെ‌യിൻ മോഷ്ടിച്ചതുൾപ്പെടെ നിരവധി കേസുകളിൽ പ്രതി കുറ്റസമ്മതം നടത്തി.