26 April 2024 Friday

മലയാളി ബാസ്ക്കറ്റ് ബോൾ താരത്തിന്റെ ആത്മഹത്യ കോച്ചിനെതിരെ കേസെടുത്തു കൂടുതൽ അന്വേഷണം വേണം ബീഹാർ മുഖ്യമന്ത്രിക്ക് പിണറായി വിജയൻ കത്തയച്ചു

ckmnews

മലയാളി ബാസ്ക്കറ്റ് ബോൾ താരത്തിന്റെ ആത്മഹത്യ കോച്ചിനെതിരെ കേസെടുത്തു


കൂടുതൽ അന്വേഷണം വേണം ബീഹാർ മുഖ്യമന്ത്രിക്ക് പിണറായി വിജയൻ കത്തയച്ചു


പട്ന ∙ റെയിൽവേയിലെ മലയാളി ബാസ്ക്കറ്റ് ബോൾ താരം കെ.സി.ലിതാര (23) ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണ വിധേയനായ കോച്ച് രവി സിങ്ങിനെതിരെ ആത്മഹത്യാപ്രേരണാ കുറ്റത്തിനു കേസെടുത്ത് പൊലീസ്. ലിതാര ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ കൂടുതൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു കേരള മുഖ്യമന്ത്രി പിണറായി വിജയൻ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനു കത്തയച്ചു.


രാജീവ് നഗർ സ്റ്റേഷനിലെ എസ്ഐ ശംഭു ശങ്കർ സിങ്ങാണ് കേസ് അന്വേഷിക്കുന്നത്. വടകര വട്ടോളി കത്യപ്പൻചാലിൽ കരുണന്റെയും ലളിതയുടെയും മകളാണ് ലിതാര. പട്ന ഗാന്ധി നഗറിലെ ഫ്ലാറ്റിലാണ് ലിതാരയെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ലിതാരയുടെ അമ്മാവൻ സി.പി.രാജീവന്റെ പരാതിയെ തുടർന്നാണ് കോച്ചിനെതിരെ കേസെടുത്തത്.


കോച്ചിൽനിന്നു ലൈംഗികവും മാനസികവുമായ പീഡനമുണ്ടായിരുന്നതായി ലിതാര ഫോണിൽ അറിയിച്ചിരുന്നതായി രാജീവൻ പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു. കേസിൽ നിഷ്പക്ഷമായ അന്വേഷണം ആവശ്യപ്പെട്ടു മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഓഫിസിൽ ബന്ധപ്പെട്ടതായും ഇതേ തുടർന്ന് കേസന്വേഷണത്തിനു മേൽനോട്ടം വഹിക്കാൻ പട്ന പൊലീസ് സൂപ്രണ്ടിനു നിർദേശം ലഭിച്ചിട്ടുണ്ടെന്നും എൽജെഡി സംസ്ഥാന ജനറൽ സെക്രട്ടറി സലിം മടവൂർ അറിയിച്ചു.