26 April 2024 Friday

'തുടരാനാവില്ല, ദുഷ്പ്രചാരണം നടക്കുന്നു'; കോഴിക്കോട് മെഡിക്കൽ കോളേജിലെ അഞ്ച് ഹോസ്റ്റലുകളിലെ വാർഡൻമാർ രാജിവച്ചു

ckmnews

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിലെ അഞ്ച് ഹോസ്റ്റലുകളിലെയും വാർഡൻമാർ രാജിവച്ചു. റാഗിങ്ങിനും ലഹരി വിൽപ്പനയ്ക്കും എതിരെ നിലപാട് എടുത്ത വാർഡന്മാര്‍ക്കെതിരെ വിദ്യാർത്ഥികൾ വ്യാജ പ്രചാരണം നടത്തുന്നതായാരോപിച്ചാണ് രാജി.  മുതിർന്ന ഡോക്ടർമാരാണ് രാജിവച്ച അഞ്ചുപേരും. മാർച്ച് 17  ന് ഹോസ്റ്റൽ ചീഫ് വാർഡൻ ഡോക്ടർ സന്തോഷ് കുര്യാക്കോസ് മർദ്ദിച്ചു എന്നാരോപിച്ച് രണ്ടാം വര്‍ഷ വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധത്തോടെയാണ് സംഭവങ്ങളുടെ തുടക്കം. 

മെൻസ് ഹോസ്റ്റലിൽ കിടന്ന് ഉറങ്ങുകയായിരുന്ന വിദ്യാർത്ഥിയെ വാർഡൻ അകാരണമായി മർദ്ദിച്ചെന്നായിരുന്നു പരാതി. എന്നാൽ ജൂനിയർ വിദ്യാർത്ഥികളെ റാഗ് ചെയ്തവരോട് ഹോസ്റ്റൽ മാറാൻ ആവശ്യപ്പെട്ടാണ് എത്തിയതെന്നും ഈ നിർദ്ദേശം അംഗീകരിക്കാത്തവരാണ് വ്യാജ പ്രചാരണത്തിന് പിന്നിലെന്നുമാണ് ചീഫ് വാർഡൻ ഡോക്ടർ സന്തോഷ് കുര്യാക്കോസിന്‍റെ വിശദീകരണം. ഹോസ്റ്റലില്‍ ലഹരിമരുന്ന് ഉപയോഗവും ലഹരി കൈമാറ്റവും നടക്കുന്നതായും ഡോ. സന്തോഷ് ഉള്‍പ്പെടെയുളള വാര്‍ഡന്‍മാര്‍ പ്രിന്‍സിപ്പലിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്‍റെ പേരിലാണ് തങ്ങള്‍ക്കെതിരെ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ സമൂഹമാധ്യമങ്ങളിലൂടെ ദുഷ്പ്രചാരണം നടത്തുന്നതെന്നും ഇനി തുടരാനില്ലെന്നും വ്യക്തമാക്കിയാണ് സന്തോഷ് ഉള്‍പ്പെടെ അഞ്ചുപേരും വാര്‍ഡന്‍ സ്ഥാനം രാജി വയ്ക്കുന്നതായി കാട്ടി പ്രിന്‍സിപ്പാളിന് കത്ത് നല്‍കിയത്.