26 April 2024 Friday

സംസ്ഥാനത്ത് മിനിമം ബസ് ചാർജ് 10 രൂപയാക്കി

ckmnews

ബസ് ചാർജ് വർധന കൊവിഡ് കാലത്തേക്ക് മാത്രമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ


സംസ്ഥാനത്ത് ബസ് ചാർജ് പത്ത് രൂപയാക്കി. ജസ്റ്റിസ് രാചന്ദ്രൻ കമ്മീഷന്റെ ശുപാർശ മന്ത്രിസഭായോഗം അംഗീകരിച്ചു. അതേസമയം, വിദ്യാർത്ഥികളുടെ മിനിമം ചാർജ് ഒരു രൂപയിൽ നിന്ന് അഞ്ച് രൂപയാക്കണമെന്ന ശുപാർശ മന്ത്രിസഭായോഗം തള്ളി. കൊവിഡ് കാലത്തേക്കാണ് ബസ് ചാർജ് വർധിപ്പിച്ചിരിക്കുന്നത്.

ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ മുന്നോട്ടുവച്ച മുഴുവൻ ശുപാർശകളും മന്ത്രിസഭായോഗം അംഗീകരിച്ചില്ല. മിനിമം ചാർജ് വർധിപ്പിക്കണമെന്ന ശുപാർശ അംഗീകരിക്കുകയായിരുന്നു. നിലവിൽ എട്ട് രൂപയാണ് മിനിമം ചാർജ്. വിദ്യാർത്ഥികളുടെ ബസ് ചാർജ് വർധിപ്പിക്കണമെന്ന ആവശ്യവും ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ മുന്നോട്ടുവച്ചിരുന്നു. എന്നാൽ ഇത് മന്ത്രിസഭായോഗം അംഗീകരിച്ചില്ല.

നിലവിലുള്ള മിനിമം നിരക്കിൽ സഞ്ചരിക്കാനുള്ള ദൂരം അഞ്ച് കിലോമീറ്ററാണ്. ഇത് രണ്ടര കിലോമീറ്ററാക്കി കുറയ്ക്കണമെന്ന് രാമചന്ദ്രൻ കമ്മീഷൻ ശുപാർശ ചെയ്തിരുന്നു. ഇത് മന്ത്രിസഭായോഗം അംഗീകരിച്ചില്ല. രണ്ടര കിലോമീറ്റർ എട്ട് രൂപയ്ക്കും അഞ്ച് കിലോമീറ്റർ യാത്ര ചെയ്യാൻ പത്ത് രൂപയും നൽകണം.

ബസ് ചാർജ് വർധന കൊവിഡ് കാലത്തേക്ക് മാത്രമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. ജനങ്ങളെ ബുദ്ധിമുട്ടിക്കണമെന്ന് സർക്കാരിനില്ലെന്നും മന്ത്രി പറഞ്ഞു. കൊവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്ന കാലത്ത് ബസ് നിരക്ക് എത്രയായിരിക്കണമെന്നാണ് ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ ശുപാർശ ചെയ്തത്. മറ്റ് നടപടികൾ പൂർത്തിയാക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

നേരത്തേയുള്ള മിനിമം ചാർജ് 8 രൂപ എന്നത് പത്ത് രൂപയാക്കണമെന്നായിരുന്നു രാമചന്ദ്രൻ കമ്മീഷൻ ശുപാർശ ചെയ്തത്. രണ്ടര കിലോമീറ്റർ ദൂരത്തിന് പത്ത് രൂപയും തുടർന്നുള്ള രണ്ട് കിലോമീറ്ററിന് പന്ത്രണ്ട് രൂപയും ഈടാക്കമെന്നും കമ്മീഷൻ ശുപാർശ ചെയ്തിരുന്നു. എന്നാൽ മിനിമം ചാർജിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് തീരുമാനിച്ചു. മിനിമം ചാർജ് ദൂരപരിധി രണ്ടര കിലോമീറ്ററായി കുറച്ചു. ആദ്യത്തെ രണ്ടര കിലോമീറ്ററിന് എട്ട് രൂപ ഈടാക്കും. തുടർന്നുള്ള രണ്ടര കിലോമീറ്ററിന് പത്ത് രൂപയായിരിക്കും. കെഎസ്ആർടിസി ഓർഡിനറി ബസുകൾക്കും നിരക്കുകൾ ബാധകമായിരിക്കും. സൂപ്പർക്ലാസ് ബസുകളിൽ മിനിമം നിരക്കും കിലോമീറ്റർ നിരക്കും 25 ശതമാനം കൂടും. രണ്ട് ദിവസത്തിനകം പുതിയ നിരക്ക് പ്രാബല്യത്തിൽ വരുമെന്നും മന്ത്രി പറഞ്ഞു.

വിദ്യാർത്ഥികളുടെ മിനിമം ചാർജ് അഞ്ച് രൂപയാക്കണമെന്ന് കമ്മീഷൻ ശുപാർശ ചെയ്തിരുന്നു. എന്നാൽ സ്‌കൂളുകൾ അടച്ചിരിക്കുന്ന സാഹചര്യത്തിൽ അതിന്റെ ആവശ്യമില്ലെന്ന് മന്ത്രിസഭായോഗം തീരുമാനിക്കുകയായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.