26 April 2024 Friday

നയതന്ത്ര സ്വർണ്ണക്കടത്ത് കേസിൽ കുറ്റപത്രം സമർപ്പിച്ചു;എം.ശിവശങ്കർ ഉൾപ്പടെ 29 പ്രതികൾ

ckmnews

നയതന്ത്ര സ്വർണ്ണക്കടത്ത് കേസിൽ കുറ്റപത്രം സമർപ്പിച്ചു;എം.ശിവശങ്കർ ഉൾപ്പടെ 29 പ്രതികൾ

   

കൊച്ചി∙ സംസ്ഥാനത്ത് ഏറെ രാഷ്ട്രീയ കോളിളക്കങ്ങൾ സൃഷ്ടിച്ച സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് കുറ്റപത്രം സമർപ്പിച്ചു. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയിലാണ് 3000 പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കർ ഉൾപ്പടെ 29 പ്രതികളാണ് കേസിലുള്ളത്. കേസിൽ ആരെയും മാപ്പു സാക്ഷികളാക്കിയിട്ടില്ല. വിമാനത്താവളത്തിൽ നിന്നു സ്വർണം കടത്തുന്നതിനു മുൻപന്തിയിൽ നിന്ന പി.എസ്. സരിത്താണ് കേസിലെ ഒന്നാം പ്രതി. എം. ശിവശങ്കർ കേസിലെ 29ാം പ്രതിയാണ്. കുറ്റപത്രത്തിന്റെ കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തു വരും.


2020 ജൂൺ 30ന്‌ തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലേറ്റിന്റെ പേരിൽ എത്തിയ നയതന്ത്ര ബാഗേജിൽ 30 കിലോ സ്വർണം കണ്ടെത്തിയതിനെ തുടർന്നു നടത്തിയ അന്വേഷണങ്ങളാണ് വിവാദമായ സ്വർണക്കടത്ത് കേസ്. രഹസ്യ വിവരത്തെ തുടർന്നു കസ്‌റ്റംസ്‌ ഉദ്യോഗസ്ഥർ കാർഗോ കോംപ്ലക്‌സിൽ എത്തി ബാഗേജ്‌ തടഞ്ഞു വച്ചു. ജൂലൈ അഞ്ചിന് ബാഗേജ് തുറന്നു പരിശോധനയ്ക്കു വിധേയമാക്കിയപ്പോഴാണ് സ്വർണക്കടത്ത് പിടിക്കപ്പെടുന്നത്. കോൺസുലേറ്റിലെ മുൻ പിആർഒ ആയിരുന്ന സരിത്തിനെയാണ് കേസിൽ ആദ്യം അറസ്റ്റു ചെയ്യുന്നത്. തുടർന്ന് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഉൾപ്പടെ 50ൽ എറെ പേർ അറസ്റ്റിലായി. കസ്റ്റംസിനു പുറമേ എൻഐഎ, ഇഡി തുടങ്ങിയ ഏജൻസികളും കേസ് അന്വേഷണം നടത്തി.


സംസ്ഥാന സർക്കാരിന്റെ നിർദേശത്തെ തുടർന്ന് ജൂലൈ 10ന് എൻഐഎ കേസെടുത്തതോടെയാണ് കാര്യങ്ങൾ മാറി മറിഞ്ഞത്. രണ്ടും നാലും പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് പി. നായരെയും ബെംഗളുരുവിലെത്തി എൻഐഎ പിടികൂടി കൊച്ചിയിലെത്തിച്ചു. രാജ്യാന്തര ഭീകര പ്രവർത്തനം മുതൽ സാമ്പത്തിക കുറ്റകൃത്യങ്ങൾ വരെ പ്രതികൾക്കെതിരെ ചുമത്തപ്പെട്ടു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേസെടുത്തു പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതികൾക്കെതിരെ കോഫെപോസ ഉൾപ്പടെ ചുമത്തിയാണ് ജയിലിൽ ഇട്ടത്. ഇതിനിടെ എം. ശിവശങ്കറും സന്ദീപ് പി. നായരും ഉൾപ്പടെയുള്ള പ്രതികൾ ജയിൽ മോചിതരായി. എൻഐഎ സന്ദീപിനെ മാപ്പു സാക്ഷിയാക്കിയിട്ടുണ്ട്. കസ്റ്റംസും ഇദ്ദേഹത്തെ മാപ്പുസാക്ഷിയാക്കാൻ ആലോചിച്ചെങ്കിലും നിയമോപദേശം വേണ്ടതിനാൽ പ്രതിപ്പട്ടികയിൽ തന്നെയാണുള്ളത്