26 April 2024 Friday

കോഴി വില വീണ്ടും കുതിച്ചുയരുന്നു

ckmnews

തിരുവനന്തപുരം: കോഴിയിറച്ചി വില വീണ്ടും മുകളിലോട്ട്. ഇടക്കാലത്ത് ഒന്ന താഴ്‌ന്നെങ്കിലും ഇപ്പോള്‍ കോഴിക്ക് 140 രൂപയും ഇറച്ചിക്ക് 200 രൂപക്ക് മുകളിലും കടന്നു. ഇറച്ചിക്ക് 220 മുതല്‍ 240 രൂപവരെയാണ് വില. മലബാര്‍ മേഖലയെ അപേക്ഷിച്ച് തെക്കന്‍മേഖലയില്‍ വില കൂടുതലാണ്. വലിയ പെരുന്നാളിനോടനുബന്ധിച്ചാണ് കോഴിവില ആദ്യം ഉയരുന്നത്. ഉല്‍പാദന ചെലവ് വര്‍ധിച്ചതാണ് വില ഉയരാന്‍ കാരണമായി വ്യാപാരികളും ഫാം ഉടമകളും പറയുന്നത്. കോഴിക്കുഞ്ഞ് മുതല്‍ തീറ്റവരെ വലിയ ചെലവേറിയതായി ഫാം ഉടമകള്‍ പറയുന്നു.


നേരത്തെ 15-20 രൂപക്ക് ലഭിച്ചിരുന്ന കോഴിക്കുഞ്ഞുങ്ങള്‍ക്ക് ഇപ്പോള്‍ 30 രൂപവരെ നല്‍കണം. ചാക്കിന് 1200 രൂപയുണ്ടായിരുന്ന കോഴിത്തീറ്റക്ക് ഇപ്പോള്‍ ഇരട്ടിവിലയായി. കോഴിത്തീറ്റ ഇറക്കുമതി കുറഞ്ഞതും രാജ്യത്തെ കമ്പനികള്‍ ഉല്‍പാദനം കുറച്ചതുമാണ് തിരിച്ചടിയായത്.


തമിഴ്‌നാട്, ആന്ധ്ര, കര്‍ണാടക എന്നിവിടങ്ങളിലെ വന്‍ ഫാമുകളെയാണ് കേരളത്തിലെ കോഴി ഫാം ഉടമകള്‍ ആശ്രയിക്കുന്നത്. വില കൂടിയതോടെ ഇവിടെനിന്നുള്ള വരവ് കുറഞ്ഞിരിക്കുകയാണ്. ഉല്‍പാദന ചെലവ് കുറക്കാന്‍ സര്‍ക്കാര്‍ ഇടപെട്ടാല്‍ കോഴിവില കുറയുമെന്നാണ് മേഖലയിലുള്ളവര്‍ പറയുന്നത്. വില വര്‍ധിച്ചതോടെ ചിക്കന്‍ വില്‍പനയിലും ഇടിവുണ്ടായി.