26 April 2024 Friday

കടകള്‍ നാളെ മുതല്‍ തുറക്കും മുഖ്യമന്ത്രിയുടെ വിരട്ടല്‍ വ്യാപാരികളോട് വേണ്ട നസറുദ്ദീന്‍

ckmnews

കടകള്‍ നാളെ മുതല്‍ തുറക്കും മുഖ്യമന്ത്രിയുടെ വിരട്ടല്‍ വ്യാപാരികളോട് വേണ്ട നസറുദ്ദീന്‍


തിരുവനന്തപുരം:കടകൾ നാളെ മുതൽ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി. നസിറുദ്ദീൻ. മുഖ്യമന്ത്രിയുടെ വിരട്ടൽ തങ്ങളോടു വേണ്ട. കൈകാര്യം ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞത് കാര്യമാക്കുന്നില്ലെന്നും നസറുദ്ദീൻ പറഞ്ഞു. ഇന്നു വൈകുന്നേരം മൂന്നരയ്ക്കാണ് മുഖ്യമന്ത്രിയും വ്യപാരികളുമായുള്ള കൂടിക്കാഴ്ച.


മുഖ്യമന്ത്രിയുടെ ഭാഷ തങ്ങൾ അംഗീകരിക്കുന്നില്ലെന്നും തങ്ങളോടു വിരട്ടൽ വേണ്ടെന്നാണ് നസറുദ്ദീൻ വ്യക്തമാക്കിയത്. നാളെയും മറ്റന്നാളും(ശനി, ഞായർ) സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ ആണ്. എന്നാൽ അത് കാര്യമാക്കാതെ കടകൾ തുറന്നുപ്രവർത്തിക്കുമെന്നാണ് നസറുദ്ദീൻ പറയുന്നത്. എല്ലാ ദിവസവും കടകൾ തുറക്കാനുള്ള അനുമതി ഇന്നുമുതൽ നൽകണമെന്നാണ് വ്യാപാരികളുടെ ആവശ്യം. അല്ലാതെയുള്ള ഒരു നിയന്ത്രണവും അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.



ഇന്നു വൈകിട്ട് മൂന്നരയ്ക്ക് മുഖ്യമന്ത്രിയുമായി ചർച്ച നടക്കാനിരിക്കെയാണ് നസറുദ്ദീന്റെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്. വ്യാപാരികൾ ആവശ്യപ്പെട്ട പ്രകാരം മുഖ്യമന്ത്രി രാവിലെ കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചിരുന്നു. എന്നാൽ പ്രധാനമന്ത്രിയുമായുള്ള യോഗത്തിലും സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റിലും മുഖ്യമന്ത്രിക്ക് പങ്കെടുക്കേണ്ടത് കൊണ്ട് സമയം മാറ്റുകയായിരുന്നു.


പ്രദേശികമായി ടി.പി.ആർ. നോക്കി നടപ്പാക്കുന്ന നിയന്ത്രണങ്ങൾ അശാസ്ത്രീയമാണെന്നും ആഴ്ചയിൽ അഞ്ച് ദിവസം കടകൾ തുറക്കാൻ അനുവദിക്കണമെന്നുമാണ് വ്യാപാരികളുടെ ആവശ്യം. എന്നാൽ കേരളത്തിൽ ടി.പി.ആർ. പത്ത് ശതമാനത്തിന് താഴേക്ക വരാത്തതിനാൽ ഇക്കാര്യത്തിൽ ഇന്ന് തീരുമാനം ഉണ്ടാകുമോയെന്ന കാര്യം വ്യക്തമല്ല.



കടകൾ തുറന്ന് പ്രവർത്തിക്കുന്നതിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ സംബന്ധിച്ച് വ്യാപാരികളും സർക്കാരും തമ്മിൽ ഏറ്റുമുട്ടലിന്റെ വക്കിലെത്തിയിരുന്നു. നിയന്ത്രണങ്ങൾ ലംഘിച്ച് കടകൾ തുറന്ന് പ്രവർത്തിക്കുമെന്ന് വ്യാപാരികൾ നിലപാടെടുത്തതോടെ സർക്കാരും ശക്തമായി പ്രതികരിക്കുമെന്ന നിലവന്നു. ഇതിനു പിന്നാലെയാണ് പ്രശ്നപരിഹാരത്തിന്റെ ഭാഗമായി ഇന്ന് ചർച്ച നടക്കാനിരിക്കുന്നത്.