27 April 2024 Saturday

ഞാൻ സർക്കാർ ഉദ്യോഗസ്ഥനാണ്, ഇതിലും കൂടുതൽ സ്ത്രീധനം കിട്ടും’: കിരൺ പറഞ്ഞത്

ckmnews

‘ഞാൻ സർക്കാർ ഉദ്യോഗസ്ഥനാണ്, ഇതിലും കൂടുതൽ സ്ത്രീധനം കിട്ടും’: കിരൺ പറഞ്ഞത്


കൊല്ലം ∙ ‘ഞാൻ സർക്കാർ ഉദ്യോഗസ്ഥനാണ്, എനിക്ക് ഇതിലും കൂടുതൽ സ്ത്രീധനം ലഭിക്കും’ – ഇതുപറഞ്ഞാണ് വിസ്മയയെ ഭർത്താവ് നിരന്തരം ഉപദ്രവിച്ചിരുന്നതെന്ന് വിസ്മയയുടെ സഹോദരൻ വിജിത്ത്. 

ഒന്നര ഏക്കറോളം സ്ഥലവും 12 ലക്ഷം രൂപയുടെ കാറും സ്വർണാഭരണങ്ങളും വിവാഹസമയത്തു നൽകിയിരുന്നു. ഇതിലും വിലകൂടിയ കാർ വേണമെന്നും 10 ലക്ഷം രൂപ കൂടി നൽകണമെന്നും ആവശ്യപ്പെട്ട് വിസ്മയയെ നിരന്തരം ഉപദ്രവിച്ചിരുന്നെന്ന് വിജിത്ത് പറഞ്ഞു. 


‘മാസങ്ങൾക്കു മുൻപ് അയാൾ മദ്യലഹരിയിൽ ഞങ്ങളുടെ വീട്ടിൽ വന്നു ബഹളമുണ്ടാക്കി. ഞങ്ങളുടെ മുൻപിൽ വച്ച് വിസ്മയയെ അടിച്ചു. ഞാൻ തടസ്സം പിടിച്ചപ്പോൾ എനിക്കും മർദനമേറ്റു. ആളുകൾ ഓടിക്കൂടിയപ്പോൾ അയാൾ ഇറങ്ങിയോടി. 


പൊലീസ് പിടിച്ചപ്പോൾ അവരെ ആക്രമിക്കാൻ ശ്രമിച്ചു. മോട്ടർ വെഹിക്കിൾ ഡിപ്പാർട്മെന്റിലെയും പൊലീസിലെയും ചിലർ ഇടപെട്ടാണു കേസ് ഒത്തുതീർപ്പാക്കിയത്. ആ ഒത്തുതീർപ്പിലാണ് എനിക്കെന്റെ സഹോദരിയെ നഷ്ടമായത്. അതിനു ശേഷം വിസ്മയ വീട്ടിൽ നിന്നാണു ക്ലാസിൽ പോയത്. ഭർത്താവ് കോളജിൽ ചെന്നു കൂട്ടിക്കൊണ്ടുപോയി. പിന്നെ അവിടെ നടക്കുന്ന ഉപദ്രവങ്ങളൊന്നും വീട്ടിൽ അറിയാതെയായി. 



മരിച്ച ദിവസം രാത്രിയിലും അവൾ അമ്മയെ വിളിച്ചിരുന്നു; പരീക്ഷയ്ക്ക് വിടുന്നില്ല എന്നു പറഞ്ഞു കരഞ്ഞു. ആയിരം രൂപ വേണമെന്നും അമ്മയോടു പറഞ്ഞു. അയച്ചുകൊടുക്കാമെന്നും പറഞ്ഞു. പിന്നീട് ഞങ്ങൾ അറിയുന്നത് അവളുടെ മരണവാർത്തയാണ്. 


വിസ്മയ നേരത്തേ ഒരു കൂട്ടുകാരിക്ക് അയച്ച സന്ദേശം അവർ എനിക്ക് ഇപ്പോൾ അയച്ചു തന്നു. ഭർത്താവ് തന്നെ കൊല്ലുമെന്ന് അവൾ ആ കൂട്ടുകാരിയോടു പറഞ്ഞിരുന്നു. തെളിവെല്ലാം ഞാൻ പൊലീസിനു സമർപ്പിച്ചിട്ടുണ്ട്– വിജിത്ത് പറയുന്നു. 


പീഡനങ്ങൾക്കു തെളിവായി വാട്സാപ് ചാറ്റ് 


കൊല്ലം∙ മരണത്തിന് കുറച്ചുനാൾ മുൻപ് വിസ്മയ ബന്ധുക്കൾക്ക് അയച്ച വാട്സാപ് സന്ദേശങ്ങളിലൂടെ പുറത്തുവന്നത് സ്ത്രീധനത്തിന്റെ പേരിൽ അനുഭവിക്കേണ്ടി വന്ന ക്രൂരതകൾ. സന്ദേശങ്ങളിലെ ചില ഭാഗങ്ങൾ: 


‘വണ്ടി കൊള്ളില്ല എന്നു പറഞ്ഞ് എന്നെ തെറി വിളിച്ചു. അച്ഛനെ കുറേ പച്ചത്തെറി വിളിച്ചു. എന്റെ മുടിയിൽപ്പിടിച്ചു വലിച്ചു. ദേഷ്യം വന്നാൽ എന്നെ അടിക്കും. മിനഞ്ഞാന്ന് എന്റെ മുഖത്ത് ചവിട്ടി. ഞാൻ ഒന്നും ആരോടും പറഞ്ഞില്ല. ഞാൻ അടികൊണ്ട് കിടന്നപ്പോൾ കാലുകൊണ്ട് മുഖത്ത് അമർത്തി.’