09 May 2024 Thursday

കടുത്ത ചൂട് ' 'വോട്ട് ചെയ്യാന്‍ സമയം എടുക്കുന്നു'പല ബൂത്തിലും വോട്ട് ചെയ്യാതെ മടങ്ങിയവര്‍ ധാരാളം കേരളത്തിലെ പോളിങ് 7.16% കുറഞ്ഞതിന് കാരണങ്ങള്‍ ഏറെ

ckmnews

കടുത്ത ചൂട് ' 'വോട്ട് ചെയ്യാന്‍ സമയം എടുക്കുന്നു'പല ബൂത്തിലും വോട്ട് ചെയ്യാതെ മടങ്ങിയവര്‍ ധാരാളം


കേരളത്തിലെ പോളിങ് 7.16% കുറഞ്ഞതിന് കാരണങ്ങള്‍ ഏറെ


തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും തണുപ്പൻ പ്രചാരണത്തിനാണ് ഇത്തവണ കേരളം സാക്ഷ്യം വഹിച്ചത്.പ്രചാരണത്തിലെ പോരാട്ട വീര്യം കുറഞ്ഞപ്പോൾ പോളിങ് ബൂത്തിലെത്തിയവരുടെ എണ്ണത്തിൽ വൻ ഇടിവ് ഇത്തവണയുണ്ടായി.പോളിങ് കുത്തനെ കുറഞ്ഞു. 2019 ൽ രേഖപ്പെടുത്തിയ 77.51 ശതമാനം പോളിങ് ഇത്തവണ 70.35 ശതമാനമായി കുറഞ്ഞു. 7.16 ശതമാനത്തിന്റെ കുറവ്. വോട്ടു ചെയ്തവരുടെ എണ്ണത്തിൽ ഏകദേശം 8 ലക്ഷത്തിന്റെ കുറവ്. പോളിങ് ഏറ്റവുമധികം കുറഞ്ഞതു പത്തനംതിട്ടയിലാണ്.10.95% പോളിങ് കുറഞ്ഞു. ചാലക്കുടി മുതൽ പത്തനംതിട്ട വരെയുള്ള മണ്ഡലങ്ങളിൽ പോളിങ് ഗണ്യമായി കുറഞ്ഞു


ഇത്തവണ പോളിങ് കുറയാൻ കാരണങ്ങൾ പലതാണ്. അതിൽ ഒന്നാമത്തെ ഘടകം കാലാവസ്ഥയാണ്. തിരഞ്ഞെടുപ്പ് പ്രഖ്യപിച്ച മാർച്ച് മുതൽ കേരളത്തിൽ പലയിടങ്ങളിലും താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിലെത്തി.സാമ്പത്തിക പ്രതിസന്ധി പ്രചാരണത്തെ ബാധിച്ചു. ജോലിക്കും പഠനത്തിനുമായി വിദേശത്തേക്കു കടക്കുന്നവരുടെ എണ്ണത്തിൽ വൻ വർധനയാണ് കഴിഞ്ഞ വർഷങ്ങളിൽ ദൃശ്യമായത് പ്രത്യേകിച്ച് എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ. ചാലക്കുടി, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, മാവേലിക്കര എന്നീ മണ്ഡലങ്ങളിലാണ് കുടിയേറ്റ തോത് ഉയർന്നു നിൽക്കുന്നത്. കേരളത്തിലെ മധ്യവർഗ വിഭാഗത്തിൽപ്പെട്ട കുടുംബത്തിലെ അംഗങ്ങളിൽ 33 ശതമാനത്തിലേറെ ജോലിക്കും പഠനത്തിനുമായി മറ്റു സംസ്ഥാനങ്ങളിലേക്കും വിദേശത്തേക്കും കുടിയേറിയവരാണ്. വരും വർഷങ്ങളിൽ ഇതിന്റെ തോത് ഉയരാനാണ് സാധ്യത.


ഇരട്ട വോട്ടിന് എതിരായി ഇത്തവണ വ്യാപക പരാതി ഉയർന്ന സാഹചര്യത്തിൽ ഇത്തരം ക്രമവിരുദ്ധ മാർഗങ്ങൾക്ക് ഒരു പരിധി വരെ തടയിടാനായി.തിരഞ്ഞെടുപ്പ് ഗതിയെ നിയന്ത്രിക്കുന്ന വിവാദ വിഷയങ്ങളുടെ അഭാവം വോട്ടർമാരുടെ ആവേശത്തെ ബാധിച്ചു. സംസ്ഥാന സർക്കാരിന് എതിരായ ശക്തമായ വികാരം ഒരു വിഭാഗം വോട്ടർമാരെ നിശബ്ദമാക്കിയെന്നത് യാഥാർഥ്യമാണ്. പ്രത്യേകിച്ച് ഇടത് അനുഭാവികളായ വോട്ടർമാരെ.കേരളത്തിൽ നിന്നു ജയിച്ചു ലോക്സഭയിലെത്തിയ എംപിമാരെല്ലാം കഴിഞ്ഞ 10 വർഷമായി പ്രതിപക്ഷത്താണ്.പ്രതിപക്ഷ മണ്ഡലങ്ങളിലെ വികസനത്തിന് തടസമായി നിൽക്കുന്ന രാഷ്ട്രിയം ഒരുപരിധി വരെ വോട്ടർമാരുടെ പ്രതീക്ഷക്ക് മങ്ങലേൽപ്പിച്ചു. പല ബൂത്തിലും യന്ത്രത്തകരാറും ഉദ്ധ്യോഗസ്ഥരുടെ അനാസ്ഥയും വോട്ടെടുപ്പ് വൈകിച്ചു.മണിക്കൂറുകള്‍ ക്യൂ നിന്ന പലരും വോട്ട് ചെയ്യാതെ മടങ്ങുന്ന അവസ്ഥയും ഉണ്ടായി


പ്രദേശികമായി ചെറിയ ഏറ്റക്കുറച്ചിൽ ഉണ്ടെങ്കിലും പോളിങ്ങിലുണ്ടായ കുറവ് സംസ്ഥാനത്തൊട്ടാകെ ഒരേ പാറ്റേണിലാണ് നടന്നിരിക്കുന്നത്.നല്ലൊരു വിഭാഗം വോട്ടർമാർ വോട്ടെടുപ്പിൽ നിന്നു മാറി നിന്നു. ഇതാണ് വരും ദിവസങ്ങളിൽ കേരളം കൂടുതൽ ചർച്ച ചെയ്യുക.