08 May 2024 Wednesday

സ്വകാര്യതയിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നാൽ ഇന്ത്യ വിടും'; നിലപാട് കടുപ്പിച്ച് വാട്ട്സ്ആപ്പ്

ckmnews



ദില്ലി: സന്ദേശങ്ങളിലെ എന്‍ക്രിപ്ഷ്ഷന്‍ ഇല്ലാതാക്കി ഉപയോക്താക്കളുടെ സ്വകാര്യതയില്‍ വിട്ടുവീഴ്ച ചെയ്യേണ്ട സാഹചര്യം വന്നാല്‍ ഇന്ത്യ വിടേണ്ടി വരുമെന്ന് വാട്ട്സ്ആപ്പ്.  കമ്പനിയ്ക്ക് വേണ്ടി ഹാജരായ അഡ്വ. കീര്‍ത്തിമാന്‍ സിങാണ് ഇക്കാര്യം ദില്ലി ഹൈക്കോടതിയെ ഇക്കാര്യം അറിയിച്ചത്. 2021​ലെ ഇൻഫർമേഷൻ ടെക്നോളജി നിയമത്തിലെ ഭേദഗതി ചോദ്യം ചെയ്ത് വാട്ട്സ്ആപ്പും മാതൃകമ്പനിയായ മെറ്റയും നൽകിയ ഹര്‍ജികൾ  ഹൈക്കോടതി പരിഗണിക്കവെയാണ് അഭിഭാഷകന്‍ ഇക്കാര്യം അറിയിച്ചത്. 


ആപ്പ് ഉറപ്പുനല്കുന്ന സ്വകാര്യതയും സന്ദേശങ്ങള്‍ എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് ചെയ്തതിനാലുമാണ് കൂടുതല്‍ പേര്‍ വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നതെന്ന് അഭിഭാഷകന്‍ കൂട്ടിച്ചേര്‍ത്തു. ആപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന അധികസുരക്ഷയ്ക്ക് എന്തിനാണ് വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടി വരുന്നതെന്ന് മനസിലാകുന്നില്ലെന്നും ലോകത്ത് ഒരിടത്തും ഇത്തരം നിയമങ്ങള്‍ നിലവിലില്ലെന്നും അഭിഭാഷകന്‍ വാദിച്ചു. അതേസമയം  വ്യാജ സന്ദേശങ്ങൾ തടയുകയും ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവരെ കണ്ടെത്തുകയുമാണ് ഭേദഗതിയുടെ ഉദ്ദേശമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദം. കേസ് ഓഗസ്റ്റ് 14ന് വീണ്ടും പരിഗണിക്കും.