05 May 2024 Sunday

‘ഇളയരാജ സംഗീതം നല്‍കിയ പാട്ടുകള്‍ക്കുമേലുള്ള അവകാശം അദ്ദേഹത്തിന് മാത്രമുള്ളതല്ല’; മദ്രാസ് ഹൈക്കോടതി

ckmnews



ഇളയരാജ സംഗീതം നല്‍കിയ പാട്ടുകള്‍ക്കുമേലുള്ള അവകാശം അദ്ദേഹത്തിന് മാത്രമുള്ളതല്ലെന്ന് മദ്രാസ് ഹൈക്കോടതി. ഇളയരാജ ഈണം നല്‍കിയ 4500 പാട്ടുകളുടെ പകര്‍പ്പവകാശവുമായി ബന്ധപ്പെട്ട കേസില്‍ സ്വകാര്യ റെക്കോര്‍ഡിങ് കമ്പനിയായ എക്കോ നല്‍കിയ അപ്പീല്‍ പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസ് ആര്‍.മഹാദേവന്‍, ജസ്റ്റിസ് മുഹമ്മദ് സാദിക്ക് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.


ഇളയരാജ സംഗീതം നല്‍കിയ പാട്ടുകളുടെ പകര്‍പ്പവകാശം സിനിമാനിര്‍മാതാക്കളില്‍നിന്ന് എക്കോ വാങ്ങിയിരുന്നു. ഇതിനെതിരേയുള്ള ഹര്‍ജി പരിഗണിച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പാട്ടുകളുടെ അവകാശം ഇളയരാജയ്ക്കാണെന്ന് വിധിച്ചിരുന്നു. ഇതിനെ എതിര്‍ത്താണ് കമ്പനി അപ്പീല്‍ ഹര്‍ജി സമര്‍പ്പിച്ചത്. പാട്ടിന്റെ ഈണത്തിനു മാത്രമാണ് ഇളയരാജയ്ക്ക് അവകാശമുള്ളത്. വരികള്‍, ശബ്ദം, വാദ്യങ്ങള്‍ എന്നിവയൊക്കെ ചേരുന്നതാണ് പാട്ടെന്നും അഭിഭാഷകന്‍ വാദിച്ചു.

ഈണത്തിനുമേല്‍ അവകാശമുണ്ടെങ്കിലും ഗാനത്തിനുമേലുള്ള പൂര്‍ണ അവകാശം ഇളയരാജയ്ക്ക് മാത്രമല്ലെന്നും നിരീക്ഷിച്ച കോടതി, വരികളില്ലാതെ ഗാനമുണ്ടോയെന്നും ചോദിച്ചു. ഹര്‍ജിയില്‍ വിശദമായി വാദംകേള്‍ക്കണമെന്ന് അഭിപ്രായപ്പെട്ട കോടതി ജൂണ്‍ രണ്ടാംവാരം വീണ്ടും പരിഗണിക്കുമെന്നും അറിയിച്ചു.