01 May 2024 Wednesday

കവിയും ഗാനരചയിതാവുമായ എസ്.രമേശൻ നായർ അന്തരിച്ചു

ckmnews

കവിയും ഗാനരചയിതാവുമായ എസ്.രമേശൻ നായർ അന്തരിച്ചു


കൊച്ചി ∙ കവിയും ഗാനരചയിതാവുമായ എസ്.രമേശന്‍ നായര്‍ (73) അന്തരിച്ചു. അർബുദരോഗബാധിതനായിരുന്ന അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രണ്ടു ദിവസം മുൻപ് കോവിഡ് നെഗറ്റീവായിരുന്നു.


1985ല്‍ പുറത്തിറങ്ങിയ ‘രംഗം’ എന്ന ചലച്ചിത്രത്തിനു ഗാനരചന നിർവഹിച്ചാണ് മലയാളചലച്ചിത്ര രംഗത്തേക്കു പ്രവേശിക്കുന്നത്. തപസ്യ കലാസാഹിത്യ വേദിയുടെ സംസ്ഥാന പ്രസിഡന്റായിരുന്നു. ഭക്തിഗാനങ്ങൾ ഉൾപ്പെടെ അഞ്ഞൂറിലധികം ഗാനങ്ങൾ രചിച്ചു. തിരുക്കുറൽ, ചിലപ്പതികാരം എന്നിവയുടെ മലയാള വിവർത്തനവും നിർവഹിച്ചു.



എസ്.രമേശന്‍ നായര്‍ (ഫയൽ ചിത്രം)

ഹൃദയവീണ, പാമ്പാട്ടി, ഉർവശീപൂജ, ദുഃഖത്തിന്റെ നിറം, കസ്തൂരിഗന്ധി, അഗ്രേപശ്യാമി, ജന്മപുരാണം, കളിപ്പാട്ടങ്ങൾ, ചരിത്രത്തിന്നു പറയാനുള്ളത് എന്നിവയാണ് പ്രധാന കൃതികൾ. സ്വാതിമേഘം, അളകനന്ദ, ശതാഭിഷേകം, വികടവൃത്തം തുടങ്ങിയ നാടകങ്ങളും രചിച്ചു.


‘ഗുരുപൗർണമി’ എന്ന കാവ്യ സമാഹാരത്തിനു 2018 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. 2010-ലെ കേരളസാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരവും ആറാം വെണ്ണിക്കുളം സ്മാരക പുരസ്കാരവും ആശാൻ പുരസ്കാരവും ലഭിച്ചു.


1948 മേയ് 3ന് കന്യാകുമാരി ജില്ലയിലെ കുമാരപുരത്തായിരുന്നു ജനനം. പരേതരായ ഷഡാനനന്‍ തമ്പിയും പാര്‍വതിയമ്മയുമാണ് മാതാപിതാക്കള്‍. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സബ് എഡിറ്ററായും ആകാശവാണിയില്‍ നിര്‍മാതാവായും രമേശന്‍ നായര്‍ പ്രവര്‍ത്തിച്ചു. തൃശൂര്‍ വിവേകോദയം സ്‌കൂള്‍ റിട്ട. അധ്യാപികയും എഴുത്തുകാരിയുമായ പി.രമയാണ് ഭാര്യ. ഏക മകന്‍ മനു രമേശന്‍ സംഗീത സംവിധായകനാണ്.