26 April 2024 Friday

താലിചാര്‍ത്താനായി പന്തലിലെത്തിയത്​ രണ്ട്​ വരന്‍മാര്‍ ; സര്‍പ്രൈസ് നല്‍കി വധു

ckmnews

ലഖ്​നോ: ഒരു പെണ്‍കുട്ടിക്ക് താലി ചാര്‍ത്താന്‍ രണ്ടു വരന്‍മാര്‍ അണിഞ്ഞൊരുങ്ങി പന്തലില്‍ എത്തിയാല്‍ എന്താകും സ്ഥിതി ? ഉത്തര്‍ പ്രദേശിലെ ഇറ്റാ ജില്ലയിലെ കോട്​വാലി പൊലീസ്​ സ്​റ്റേഷന്‍ പരിധിയില്‍ അങ്ങനെയൊരു സംഭവം നടന്നു .


വധുവായ മോഹനിയും ഫുലന്‍പൂര്‍ സ്വദേശിയായ ബാബ്​ലുവും തമ്മിലുള്ള വിവാഹമാണ്​ നിശ്ചയിച്ചിരുന്നത്​. വിവാഹ ദിവസം രാവിലെ ബബ്​ലുവും ബന്ധുക്കളും വധുവിന്‍റെ വീട്ടിലെത്തി. വധുവിന്‍റെ ബന്ധുക്കള്‍ വരനെ സ്വീകരിക്കുന്ന ചടങ്ങിനിടെ ഹയാത്​നഗര്‍ ഗ്രാമത്തിലെ രാജാറാമിന്‍റെ മകനായ അജിത്തും വരനായി മോഹിനിയുടെ വീട്ടിലെത്തിയതോടെയാണ്​ സംഘര്‍ഷങ്ങള്‍ക്ക് തുടക്കമിട്ടത് .


വധുവായ മോഹിനിയും അജിത്തും തമ്മില്‍ നേരത്തെ പ്രണയത്തിലായിരുന്നുവെന്നാണ്​ റിപ്പോര്‍ട്ടുകള്‍. ഇരുവരുടെയും ബന്ധം എതിര്‍ത്ത മോഹിനിയുടെ ബന്ധുക്കള്‍ ബബ്​ലുവുമായി വിവാഹം ഉറപ്പിക്കുകയായിരുന്നു. മറ്റൊരാളുമായി മോഹിനിയുടെ വിവാഹം ഉറപ്പിച്ചെന്ന വാര്‍ത്തയറിഞ്ഞതോടെയാണ്​ അജിത്ത്​ ബന്ധുക്കളെയും കൂട്ടി വിവാഹപ്പന്തലില്‍ എത്തിയതെന്ന്​ പ്രമുഖ ദേശീയ മാധ്യമം റിപ്പോര്‍ട്ട്​ ചെയ്​തു​.


രണ്ടാമത്തെയാളെ വിവാഹം ചെയ്​ത്​ വധു പോയതോടെ ആദ്യത്തെയാളും കുടുംബവും പ്രശ്​നമുണ്ടാക്കി. ഒടുവില്‍ പൊലീസ്​ ഇടപെട്ടാണ്​ രംഗം ശാന്തമാക്കിയത്​. വധുവിന്‍റെ പിതാവിനെയും അമ്മാവനെയും പൊലീസ്​ കസ്റ്റഡിയിലെടുത്ത്​ ചോദ്യം ചെയ്​തു. കൂടാതെ രണ്ടാമത് എത്തിയ വരന്‍റെ ബന്ധുക്കളെയും പൊലീസ്​ അറസ്റ്റ്​ ചെയ്​തിട്ടുണ്ട്​. സംഭവത്തില്‍ പൊലീസ്​ കൂടുതല്‍ വിശദീകരണം നല്‍കിയില്ല .