05 May 2024 Sunday

പത്ത് അനാക്കോണ്ടകളുമായി യാത്രക്കാരൻ പിടിയിൽ

ckmnews


ബെംഗളൂരു: ലഗേജിൽ ഒളിച്ചുകടത്താൻ ശ്രമിച്ച 10 മഞ്ഞ അനാക്കോണ്ടകളുമായി ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരൻ പിടിയിലായി. ബാങ്കോക്കിൽനിന്നെത്തിയ യാത്രക്കാരനെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്. അനാക്കോണ്ടകളെ ആർക്കു കൈമാറാനാണ് ലക്ഷ്യമിട്ടിരുന്നതെന്നറിയാൻ ഇയാളെ ചോദ്യം ചെയ്യുകയാണ്.

ജലാശയങ്ങളോട് ചേർന്ന് കാണപ്പെടുന്ന പാമ്പാണ് മഞ്ഞ അനാക്കോണ്ട. പരാഗ്വേ, ബൊളീവിയ, ബ്രസീൽ, അർജന്റീനയുടെ വടക്കു കിഴക്കുഭാഗം, വടക്കൻ യുറഗ്വായ് എന്നിവിടങ്ങളിലാണ് ഇത്തരം പാമ്പുകൾ സാധാരണയായി കാണപ്പെടുന്നത്.


കഴിഞ്ഞവർഷം ബെംഗളൂരു വിമാനത്താവളത്തിൽ യാത്രക്കാരിൽനിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ 234 വന്യമൃഗങ്ങളെ രക്ഷപ്പെടുത്തിയിരുന്നു. ബാങ്കോക്കിൽനിന്ന് വന്ന യാത്രക്കാരനിൽനിന്ന് കംഗാരുക്കുഞ്ഞിനെയും കണ്ടെത്തിയിരുന്നു. പ്ലാസ്റ്റിക് പെട്ടിയിലായിരുന്ന കുഞ്ഞ് ശ്വാസംമുട്ടി ചത്ത നിലയിലായിരുന്നു.