27 April 2024 Saturday

ഞാന്‍ പോയ ലക്ഷദ്വീപില്‍ അവിടത്തെ മണ്ണിന്റെ സൗന്ദര്യമാണ് അവിടത്തെ മനുഷ്യര്‍ക്കും മാതൃഭൂമി റിപ്പോര്‍ട്ടര്‍ ഫാറൂഖ് വെളിയങ്കോടിന്റെ അനുഭവക്കുറിപ്പ് വൈറലാവുന്നു

ckmnews

ഞാന്‍ പോയ ലക്ഷദ്വീപില്‍ അവിടത്തെ മണ്ണിന്റെ സൗന്ദര്യമാണ് അവിടത്തെ മനുഷ്യര്‍ക്കും


മാതൃഭൂമി റിപ്പോര്‍ട്ടര്‍ ഫാറൂഖ് വെളിയങ്കോടിന്റെ അനുഭവക്കുറിപ്പ് വൈറലാവുന്നു


ലക്ഷദ്വീപിനെ കുറിച്ചുള്ള ആശങ്കളും ചര്‍ച്ചകളും ലോകം ലോകം മുഴുവന്‍ ശ്രദ്ധനേടുമ്പോള്‍ മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ ഫാറൂഖ് വെളിയംകോട് തന്റെ ഫെയ്സ്ബുക്കില്‍ കുറിച്ച അനുഭവക്കുറിപ്പുകള്‍ ശ്രദ്ധനേടുകയാണ്.

ഞാൻ പോയ ലക്ഷദ്വീപിൽ അവിടുത്തെ മണ്ണിന്റെ സൗന്ദര്യമാണ് അവിടുത്തെ മനുഷ്യർക്കും എന്ന തലക്കെട്ടില്‍ എഴുതിയ അനുഭവങ്ങളാണ് പ്രത്യേക സാഹചര്യത്തില്‍ ശ്രദ്ധനേടുന്നത്...


കുറിപ്പ് ഇങ്ങനെ...

എന്റെ ജീവിതത്തിൽ ഇതുവരെയായി ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ യാത്ര നടത്തിയിട്ടുണ്ട്. ദ്രാവിഡ മക്കളുടെ തമിഴ്‌നാട്, കർണ്ണാടക, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഗുജാറാത്ത്, ആന്ധ്രാപ്രദേശ്, മഹാരാഷ്‌ട്ര, ഡൽഹി ഇങ്ങനെ പോകുന്നു.. നമ്മുടെ ജീവിതത്തിൽ ഒരുപാട് അനുഭവങ്ങളും അറിവുകളും തിരിച്ചറിവുകളും നൽകുന്ന യാത്രയോട് അത്രമാത്രം പ്രണയമായിരുന്നു.. 2002 -ലെ ചെറിയ പെരുന്നാളിനാണ് ആദ്യമായി കൂട്ടുകാരുമൊന്നിച്ച് പൊന്നാനി താലൂക്ക് വിട്ട് അപ്പുറത്തേക്ക് വിനോദയാത്രയായി ഗുരുവായൂർ ആനക്കോട്ടയിലേക്ക് പോകുന്നത്. പിന്നീട് ആവർഷം തന്നെ ബലിപെരുന്നാളിന് കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശ്ശൂർ വരെയെത്തി. തൊട്ടടുത്ത വർഷത്തെ പെരുന്നാളിന് അംബാസഡർ കാറിൽ ഡ്രൈവർ ഉൾപ്പെടെ 10 പേരുമായി കൊച്ചിയിലേക്ക് ഒരു ബല്യയാത്ര നടത്തി. ആ യാത്രയുടെ വിശേഷം പറഞ്ഞു തുടങ്ങിയാൽ എനിക്ക് 'ചിരി' അടക്കാനാവുകയില്ല. അങ്ങനെയാവുമ്പോൾ ലക്ഷദ്വീപിന്റെ യാത്രാനുഭവം നിങ്ങളുമായി പങ്കുവെക്കാൻ സാധിച്ചുവെന്ന് വരില്ല. പിന്നീടങ്ങോട്ട് യാത്രകളായിരുന്നു....

ലക്ഷദ്വീപുമായി എന്റെ ജന്മനാടായ വെളിയങ്കോടിന് സവിശേഷമായൊരു ബന്ധമുണ്ട്. സൂഫിസവുമായി ചുറ്റപ്പെട്ടുകിടക്കുന്ന ഹൃദയബന്ധമാണത്. കേരളത്തിലെ സൂഫി കണ്ണികളിൽ പ്രമുഖനായ പാടത്തകായിൽ സ്വാലിഹ് മൗലയുമായി ചേർന്നുനിൽക്കുന്നതാണ്. കവരത്തി ദ്വീപിലെ ഒരു പ്രധാനകുടുംബ പരമ്പരയിൽ ഉൾപ്പെടുന്ന ബാദുഷ സാഹിബ് കേരളത്തിൽ എത്തിയാൽ പാടത്തകായിൽ പള്ളി സന്ദർശിക്കുന്നതിനായി  വരുമായിരുന്നു. ബാദുഷ തങ്ങൾ എന്നാണ് ഏറെ സ്‌നേഹത്തോടെ വിളിക്കുക. വെളിയങ്കോട് മുഹിയുദ്ദീൻ ജുമാഅത്ത് പള്ളിയിൽ ചെറുപ്പത്തിൽ പള്ളി ദറസിൽ പഠിച്ചിരുന്ന വ്യക്തികൂടിയാണ് കവരത്തി ദ്വീപ് സ്വദേശിയായ ബാദുഷ തങ്ങൾ. ഇതുപോലെ ലക്ഷദ്വീപിൽ കവരത്തിയെന്ന പോലെ മനുഷ്യവാസമുള്ള ഓരോ ദ്വീപുമായും വെളിയങ്കോട് എന്ന എന്റെ ഗ്രാമത്തിന് അത്രമേൽ ബന്ധമുണ്ട്. എന്റെ കുടുംബവുമായി ബാദുഷ തങ്ങളുടെ കുടുംബത്തിനുണ്ടായിരുന്ന ബന്ധമായിരുന്നു എനിക്ക് ലക്ഷദ്വീപ് സന്ദർശിക്കുന്നതിന് അവസരമായത്. എന്റെ ഉമ്മയുടെ ഇളയ സഹോദരൻ ഷെമീറിന്റെ അഭ്യർത്ഥന ഏറെ സന്തോഷത്തോടെ സ്വീകരിച്ചായിരുന്നു ബാദുഷ തങ്ങളും കുടുംബവും ദ്വീപ് സന്ദർശിക്കുന്നതിനുള്ള യാത്രാ രേഖകൾ ശരിയാക്കിയത്. എന്റെ ജീവിതത്തിൽ വലിയൊരു ആഗ്രഹമായിരുന്നു ലക്ഷദ്വീപ് സന്ദർശിക്കുകയെന്നത് 2012 സെപ്റ്റംബറിലാണ് ഈ അവസരം തേടിയെത്തിയത്. പ്രിയ സുഹൃത്തുക്കളായ റഷീദ് പഴഞ്ഞി, ഹസീബ് പഴഞ്ഞി ഉൾപ്പെടെ ഞങ്ങൾ മൂന്നുപേരും കൊച്ചിയിൽനിന്ന് കവരത്തി കപ്പലിലായിരുന്നു യാത്ര. വൈകുന്നേരം അഞ്ചുമണിക്ക് കൊച്ചി തുറമുഖത്ത് നിന്ന് പുറപ്പെട്ട കപ്പൽ അടുത്തദിവസം രാവിലെ 11 മണിയോടെയാണ് കവരത്തി തുറമുഖത്തെത്തിയത്. കപ്പലിൽനിന്ന് നേരിട്ട് തുറമുഖത്ത് ഇറങ്ങാൻ സൗകര്യമില്ലായിരുന്നു. കപ്പലിൽനിന്ന് ചെറുബോട്ടുകളിൽ കയറിവേണം തുറമുഖത്തെത്താൻ. അതിനുശേഷം നമ്മളുടെ ടിക്കറ്റും മറ്റു യാത്രാ രേഖകളും ഉദ്യോഗസ്ഥർ പരിശോധിച്ചശേഷമാണ് തുറമുഖത്തിന്റെ ഗേറ്റ് കടന്നു ദ്വീപിൽ പ്രവേശിക്കാനാവൂ .. പരിശോധന അവിടെയും അവസാനിക്കുന്നില്ല. നമ്മൾ കപ്പൽ ഇറങ്ങിയശേഷം മണിക്കൂറുകളുടെ വ്യത്യാസത്തിൽ കവരത്തി പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യുകയുംവേണം. ഇതൊക്കെ പറഞ്ഞത് ദ്വീപുകാരല്ലാത്ത ഒരാൾക്ക് അവിടെ ഇറങ്ങിനടക്കണമെങ്കിൽ ഇത്രമാത്രം പരിശോധനകൾ പൂർത്തിയാക്കേണ്ടതുണ്ടെന്നും ചുളിവിൽ അങ്ങോട്ട് കയറിപ്പറ്റാൻ സാധ്യമല്ലെന്നുമാണ്. ഞങ്ങൾക്ക് യാത്രാസൗകര്യം ഒരുക്കിയ ബാദുഷ തങ്ങളുടെ ബന്ധുകൂടിയായ കവരത്തിയിലെ അൽബി കമ്പനിയുടെ ഉടമ ആലിക്കോയ എന്നവരുടെ ഗസ്റ്റ് ഹൗസിലായിരുന്നു ഞങ്ങളുടെ താമസമെന്നതിനാൽ പോലീസ് സ്റ്റേഷനുകളിൽ ഉൾപ്പെടെയുള്ള പരിശോധനകളിൽ കാലതാമസമുണ്ടായില്ലെങ്കിലും കർശനമായ പരിശോധനതന്നെയായിരുന്നു. പ്ലസ്‌ടു പഠനകാലം കഴിഞ്ഞശേഷം ഇടക്കാലത്ത് എന്റെ സഹോദരൻ ഫർഷാദ് കവരത്തിദ്വീപിൽ കുറച്ചുകാലമുണ്ടായിരുന്നു. സ്‌കൂളുകളിൽ ഉൾപ്പെടെ കായിക മത്സരത്തിൽ സജീവമായിരുന്ന അവൻ ദ്വീപുകാർക്കിടയിലും ഫുട്‍ബോൾ കളിക്കാരനായി സജീവമായിരുന്നതിനാൽ ഞങ്ങൾക്ക് അവിടെ അപരിചിതത്വമെന്നത് അറിഞ്ഞതേയില്ല. ഞങ്ങളെ തിരിച്ചറിഞ്ഞ പലരും 'ഫർഷാദിന്റെ ഇക്കയും കൂട്ടുകാരുമല്ലേ ..' എന്നു പറഞ്ഞുകൊണ്ട് ഇങ്ങോട്ട് സൗഹൃദവുമായി എത്തുകയായിരുന്നു. പ്രഭാതത്തിലും സായാഹ്നത്തിലും സവാരിക്കിറങ്ങുമ്പോൾ എത്ര വീടുകളുടെ മുറ്റത്തുനിന്ന് സ്‌നേഹത്തിന്റെ പുഞ്ചിരികൾ ഞങ്ങൾക്കുനേരെ വരുമായിരുന്നു അവയെല്ലാം സ്‌നേഹത്തോടെ തന്നെ സ്വീകരിച്ചു. ഹൃദയം തുറന്നു സ്‌നേഹത്തിൽ പൊതിഞ്ഞുള്ള വിരുന്നുകൾ പലതും അത്രതന്നെ സ്‌നേഹത്തോടെ മറ്റു നിവൃത്തിയില്ലാത്തതിനാൽ നിരസിക്കുകയായിരുന്നു.. ഞങ്ങൾക്ക് അവിടുത്തെ വീടുകളിൽനിന്ന് ലഭിച്ച വിരുന്നുകളിൽ അത്രമാത്രം വിഭവസമൃദ്ധമായിരുന്നു. ദ്വീപ് ഹൽവ മുതൽ ഇലപ്പത്തിരി വരെ നീളും തീൻമേശയിലെ വിഭവങ്ങൾ. ലക്ഷദ്വീപിലെ മീൻ അച്ചാറിന്റെ രുചി വേറെ ലെവലാ ... സൽക്കാരപ്രിയരായ ലക്ഷദ്വീപ് നിവാസികളുടെ വിരുന്നിൽ വയറും മനസ്സും നിറച്ചായിരുന്നു ഞങ്ങൾ മടക്കം. ഞങ്ങളെ ഏറെ അത്ഭുതപ്പെടുത്തിയത് അവിടുത്തെ കുട്ടികൾ മുതൽ പ്രായമായവർ വരെയുള്ളവരുടെ മുഖത്തെ നിഷ്‌കളങ്കമായ ചെറുപുഞ്ചിരികളാണ്. കവരത്തിയുടെ ഓരോ വഴികളിലൂടെ സഞ്ചരിക്കുമ്പോൾ കൗതുകകരമായി തോന്നുന്നവയെ അറിയാനായി ദ്വീപ് നിവാസികളോട് ചോദിക്കുമ്പോൾ ഞങ്ങൾക്ക് മനസ്സിലാവുന്നരീതിയിൽ വിവരിച്ചുതരുന്നതിനിടയിൽ ഞങ്ങളുടെ ക്ഷേമാന്വേഷണവും ചോദിച്ചറിയുന്നുണ്ടായിരുന്നു. അൽബി ഉടമ ആലിക്കോയയുടെയും അവരുടെ ജീവനക്കാരൻ കാസിമും ഞങ്ങൾ ഭക്ഷണം കഴിച്ചുവെന്നറിയാനും വല്ല സഹായവും ആവശ്യമുണ്ടോയെന്ന് അറിയാൻ പലവട്ടങ്ങളിലായി ഫോൺ ചെയ്‌തുകൊണ്ടേയിരിക്കും. ഇടയ്ക്ക് കാസിം ഞങ്ങളുടെ റൂമിലെത്തിയും അന്വേഷിക്കും. കവരത്തിദ്വീപിലെ അറിയപ്പെടുന്ന സമ്പന്നമായിരുന്ന ആലിക്കോയ ഞങ്ങളുടെ കാര്യങ്ങൾ ഒരുകുറവും കൂടാതെ നോക്കുവാനുമായി അവരുടെ മകൻ നൗഫലിനെ ഏൽപ്പിച്ചിരുന്നു. ഇതൊക്കെയാണ് ദ്വീപിലെ മനുഷ്യർ. സ്‌നേഹംകൊണ്ട് സമ്പന്നമായ അവിടുത്തെ മനുഷ്യർക്ക് എത്ര സമ്പത്തുണ്ടായയിലും അപരന് സ്‌നേഹം പകരുന്നവരായിരിക്കും. പദവികൾ ഉയരുന്തോറും എളിമകൊണ്ട്‌ സമ്പന്നനായ പി.എം. സഈദിന്റെ പിൻഗാമികൾക്ക് ഇങ്ങനെയാവാനേ പറ്റൂ ... കവരത്തിദ്വീപിലേക്ക് ഞാൻ പോകുന്നകാര്യം ബഹു. നിയമസഭാ മുൻ സ്‌പീക്കർ പി. ശ്രീരാമകൃഷ്‌ണനോട് പങ്കുവെച്ചിരുന്നു. ഉടനെ അവിടുത്തുകാരനായ എസ്.ആർ.കെയുടെ സുഹൃത്ത് ലുഖ്‌മാനെ വിളിക്കുകയും ഞങ്ങൾവരുന്നവിവരം അറിയിക്കുകയും അവരുടെ നമ്പർ കൈമാറുകയും ചെയ്‌തിരുന്നു. അവിടെയെത്തി വിളിച്ചപ്പോൾ ഫോൺസ്വിച് ഓഫ്. രാത്രി ഏഴുമണിനേരം ഒരുപ്രസംഗം കേൾക്കുകയുണ്ടായി പള്ളിയിലെ ഉസ്‌താദുമാരുടെ കാര്യങ്ങളാണ് കേൾക്കുന്നത്. മതപ്രസംഗമായിരിക്കുമെന്ന് കരുതി അങ്ങോട്ട് ഞങ്ങൾ മൂന്നുപേരും നടന്നു.. ഡി.വൈ.എഫ്.ഐയുടെ കൊടികൾ കെട്ടിയിരിക്കുന്നു. ഇതെന്താ ഈ വേദിയിൽ ഞങ്ങൾ പരസ്‌പരം നോക്കി. പ്രസംഗിക്കുന്നത് ആരാണെന്ന് തിരക്കിയപ്പോൾ നേരത്തെ വിളിച്ചപ്പോൾ ഫോൺസ്വിച് ഓഫ് ആയിരുന്ന ലുഖ്‌മാൻ സഖാവ് തന്നെ. പ്രസംഗം കഴിഞ്ഞശേഷം സലാം പറഞ്ഞുകൊണ്ടാണ് ഞങ്ങൾ സംസാരിച്ചത്. പിന്നീട് നിരവധിതവണ ഞങ്ങളുടെ റൂമിൽ സൗഹൃദം പറഞ്ഞുവരുമായിരുന്നു. ഇപ്പോഴും ആ സൗഹൃദമുണ്ട്. ഞങ്ങൾ നാട്ടിലേക്ക് തിരിക്കുന്നനേരം തുറമുഖത്തുവെച്ചാണ് ഗായകനായ ഷിഹാബിനെയും സുഹൃത്ത് റഷീദിനേയും പരിചയപ്പെടുന്നത്. അഞ്ചുമിനിറ്റുകൾ പോലുമില്ല ആ കണ്ടുമുട്ടലിന് പരസ്‌പരം മൊബൈൽ നമ്പറുകൾ കൈമാറി. പിന്നീട് അങ്ങോട്ട് ഇടയ്ക്ക് അവർ രണ്ടുപേരും വിശേഷമറിയാൻ ഫോൺ ചെയ്യും ഇടയ്ക്ക് ഞാൻ അങ്ങോട്ടും വിളിക്കും. 2012 -ന് ശേഷംഇതുവരെ ഞങ്ങൾ നേരിൽ കണ്ടില്ലെങ്കിലും അവർ രണ്ടുപേരും കൂടെയെന്നപോലെയാണ് അത്രമാത്രം അവരുമൊത്തുള്ള സൗഹൃദം ദൃഢമായിരുന്നു.  നാളികേരവും മത്സ്യവുമാണ് അവിടുത്തെ വരുമാനമാർഗങ്ങളിൽ പ്രധാനമെങ്കിലും അവിടുത്തെ ഓരോ വീട്ടിലും ലക്ഷദ്വീപ് സർക്കാരിന്റെ ഉദ്യോഗസ്ഥരുണ്ടാവും. ഇത്രമേൽ സ്‌നേഹസമ്പന്നരായ മനുഷ്യസ്‌നേഹികളായവരാണ് ദ്വീപ് നിവാസികൾ. അവിടുത്തുകാർക്ക് ഒരിക്കലും തീവ്രവാദിയും ഭീകരവാദിയും ആവാൻ സാധ്യമല്ലെന്ന് ദ്വീപിന്റെ സ്‌നേഹം നേരിട്ടറിഞ്ഞവർ ഉറപ്പായും ഉച്ചത്തോടെയും പറയും.. ലക്ഷദ്വീപിന്റെ സൗന്ദര്യങ്ങൾ ആസ്വദിച്ചു ഒരാഴ്‌ച നീണ്ടുപോയെങ്കിലും അവിടുന്ന് തിരിച്ചുവരുവാൻ മനസ്സനുവദിച്ചിരുന്നില്ല. അത്രമേൽ ലക്ഷദ്വീപും അവിടുത്തെ ജനങ്ങളും ഞങ്ങളുടെ ഹൃദയത്തിൽ കുടിയേറിക്കഴിഞ്ഞിരുന്നു. ഒടുവിൽ ദ്വീപിനോട് യാത്ര പറയുന്നതിന് മുമ്പായി ഇന്നദിവസം നാട്ടിലേക്ക് തിരിക്കുമെന്ന് പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണം. അതിനായി പോകുമ്പോഴാണ് കാടുപിടിച്ചുകിടക്കുന്ന കവരത്തി സബ് ജയിൽശ്രദ്ധയിൽപ്പെടുന്നത്. പോലീസ് സ്റ്റേഷനിലെത്തിയപ്പോൾ അവിടുത്തെ ഒരു പോലീസുകാരനുമായി സൗഹൃദത്തിലായി. തൃശ്ശൂർ പോലീസ് അക്കാദമിയിൽനിന്ന് പരിശീലനം കഴിഞ്ഞ ഈ പോലീസുകാരൻ എന്റെ നാട്ടുകാരനായ റിട്ട. എസ്.പി. വി.കെ. അക്ബർക്കയുടെ ശിഷ്യനാണ്. അതിനാൽ അവരുടെ അധ്യാപകന്റെ നാട്ടുകാരനെന്ന നിലയിൽ ഞങ്ങളുമായി ഏറെനേരം സംസാരിച്ചു. ആ പോലീസുകാരൻ കവരത്തി സ്റ്റേഷനിൽ എത്തിയിട്ട് മൂന്നുവർഷമാവുന്നു അതിനിടയിൽ ദ്വീപ് നിവാസികളുടെ പേരിൽ ഒരു ക്രിമിനൽ കേസുപോലും ഉണ്ടായിട്ടില്ല. ഇടയ്ക്ക് ചെറിയ വാക്കേറ്റങ്ങൾ ഉണ്ടാവുമെങ്കിലും പോലീസ് എത്തുമ്പോഴേക്കും ഇരുവിഭാഗവും സൗഹൃദത്തിലായിരിക്കും. ഞങ്ങൾ സബ് ജയിൽ എന്താ ഇങ്ങനെയെന്ന് ചോദിച്ചപ്പോൾ 'സ്റ്റേഷൻ ജാമ്യത്തിൽ വിടാണെങ്കിലും ഒരു കേസ് കിട്ടേണ്ട എന്നിട്ടല്ലെ ജയിലിൽ' പോലീസുകാരന്റെ ഈ മറുപടിയിൽ ഒരാഴ്‌ചത്തെ ഞങ്ങളുടെ നേരനുഭവം സാക്ഷ്യപ്പെടുത്തുകകൂടിയായിരുന്നു. അത്രമേൽ സ്‌നേഹവും സൗഹൃദവും കാത്തുസൂക്ഷിക്കുന്നവരാണ് ലക്ഷദ്വീപുകാർ. ലക്ഷദ്വീപിന്റെ സ്വൈര്യജീവിതം ഇല്ലാതാക്കാൻ പ്രഫുൽ പട്ടേലിന് സാധിച്ചെന്നിരിക്കാം .. എന്നാൽ അവരുടെ മനസ്സിന്റെ നന്മയെ ഇല്ലാതാക്കാൻ നിങ്ങൾക്കാവുകയില്ല. ലക്ഷദ്വീപിന്റെ മണ്ണിന്റെ സൗന്ദര്യമാണ് അവിടുത്തെ മനുഷ്യർക്കും. ഈ സൗന്ദര്യത്തെ തിരിച്ചറിയാതെ പോകുന്നവൻ യഥാർത്ഥ മനുഷ്യനല്ല.


ഫാറൂഖ് വെളിയങ്കോട്

മൊബൈൽ; 9846473002