27 April 2024 Saturday

കോവിഡ് പ്രതിസന്ധി:ഗള്‍ഫില്‍ നിന്ന് മടങ്ങാന്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്നവരെ സഹായിക്കണം:പിടി അജയ്മോഹന്‍

ckmnews


എരമംഗലം:കോവിഡ് -19 പശ്ചാത്തലത്തില്‍ വിദേശത്ത് നിന്നും മടങ്ങിവരുന്ന സാമ്പത്തികമായി പ്രയാസമനുഭവിക്കുന്ന പ്രവാസികളുടെ വിമാന ടിക്കറ്റ് തുക സര്‍ക്കാര്‍ വഹിക്കണമെന്ന് കെപിസിസി സെക്രട്ടറി പിടി അജയ്മോഹന്‍  സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.ആവശ്യം ഉന്നയിച്ച് മലപ്പുറം ജില്ലാ യുഡിഎഫ് ചെയർമാൻ കൂടിയായ പിടി അജയ് മോഹൻ   മുഖ്യമന്ത്രിക്ക് കത്തയച്ചു. കോവിഡ് 19 മൂലമുണ്ടായ പ്രതിസന്ധിയില്‍പ്പെട്ട് തൊഴില്‍ നഷ്ടപ്പെട്ടും മറ്റും സാമ്പത്തിക പ്രയാസങ്ങള്‍ അനുഭവിക്കുന്ന പ്രവാസികള്‍ ഏറെയാണ്. ഗള്‍ഫ് മേഖലയില്‍ ഇത്തരത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന നിരവധി പേരുണ്ട്. ഇവരെല്ലാം അവസരം കിട്ടിയാല്‍ നാട്ടിലേക്ക് മടങ്ങാന്‍ തയാറായിരിക്കുകയാണ്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ വിമാന ടിക്കറ്റിന് പണം കണ്ടെത്തുകയെന്നത് ഇവരെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ള കാര്യമാണ്. സര്‍ക്കാറിന് ടിക്കറ്റിനുള്ള പണം കണ്ടെത്താന്‍ കഴിയാത്ത സാഹചര്യമാണെങ്കില്‍ സഹകരണ ബാങ്കുകളില്‍ നിന്നും പലിശരഹിത വായ്പയായി തുക നല്‍കാം.ഇതിന് ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കണം.അണ്ടത്തോട്  സര്‍വീസ് സഹകരണ ബാങ്ക് പ്രവാസികള്‍ക്ക് വിമാന ടിക്കറ്റിനായി 25000/ രൂപ വരെ ആറുമാസത്തേക്ക് പലിശ രഹിത വായ്പയായി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ മാതൃക പിന്തുടരാന്‍ കേരളത്തിലെ മറ്റു സര്‍വീസ് സഹകരണ ബാങ്കുകളോട് നിര്‍ദേശിക്കണമെന്നും മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ അജയ് മോഹൻ ആവശ്യപെട്ടു.