08 May 2024 Wednesday

ആയിരത്തോളം കവർച്ച കേസുകളിൽ ഉൾപ്പെട്ട കുപ്രസിദ്ധ മോഷ്ടാവ് സന്തോഷ് എന്ന തൊരപ്പൻ സന്തോഷ് പോലിസിന്റെ പിടിയിലായി

ckmnews

ആയിരത്തോളം കവർച്ച കേസുകളിൽ ഉൾപ്പെട്ട  കുപ്രസിദ്ധ മോഷ്ടാവ് സന്തോഷ് എന്ന തൊരപ്പൻ സന്തോഷ് പോലിസിന്റെ പിടിയിലായി


കണ്ണൂർ : പോലിസിനെ കബളിപ്പിച്ച് ഒളിച്ചു നടക്കുകയായിരുന്ന, ആയിരത്തോളം കവർച്ച കേസുകളിൽ ഉൾപ്പെട്ട  കുപ്രസിദ്ധ മോഷ്ടാവിനെ പയ്യന്നൂർ പോലിസ്  തന്ത്രപരമായി അറസ്റ്റു ചെയ്തു. കുടിയാൻമല നടുവിൽ പുലിക്കുരുമ്പയിലെ സന്തോഷ് എന്ന തൊരപ്പൻ സന്തോഷി (40) നെയാണ് മട്ടന്നൂർ ചാലോട് പയ്യന്നൂർ ഡിവൈ.എസ്.പി എം.സുനിൽകുമാറിന്റെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിലെയും കർണാടകയിലും തമിഴ്‌നാട്ടിലെ ഗൂഡല്ലൂരിലും നിരവധി മോഷണ കേസുകളിലെ പ്രതിയാണ്. പോലീസിന് പിടികൊടുക്കാതെ മാസങ്ങളായി ഒളിച്ചു കഴിയുകയായിരുന്നു. തളിപ്പറമ്പിലെ അഭിഭാഷകന്റെ വീട്ടിലും സൂപ്പർ മാർക്കറ്റിലും നടത്തിയ കവർച്ചകളിലും മട്ടന്നൂർ, ഇരിട്ടി, കാസർകോട്, പൊയിനാച്ചി, ബേക്കൽ, വെള്ളരിക്കുണ്ട്, ചന്തേര, നീലേശ്വരം എന്നിവിടങ്ങളിൽ നടന്ന നിരവധി കവർച്ച കേസുകളിലും ഇയാൾ പ്രതിയാണ്. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് എക്‌സിക്യൂട്ടിവ് സ്‌റ്റൈലിൽ വിലസി നടന്ന ഇയാളെ പിടികൂടിയത്. മൊബൈൽ ഫോൺ ഉപയോഗിക്കാറില്ലെന്നു മനസിലാക്കിയ പോലിസ് ഇയാളുടെ കൂട്ടാളിയുടെ നീക്കങ്ങൾ പരിശോധിച്ചാണ് ആളെ തിരിച്ചറിഞ്ഞത്. തൊപ്പിയും കൂളിങ് ഗ്ലാസും ധരിച്ച് ബണ്ടിച്ചോറിനെ അനുകരിക്കരിക്കും വിധം ബാഗുമായി നിൽക്കുകയായിരുന്നു. പെരിങ്ങോം വൈപ്പിരിയത്തെ ആഗ്ര ടൈൽസിൽ നിന്നും നിരീക്ഷണ കാമറകൾ കേടുവരുത്തി ഒരുലക്ഷത്തോളം രൂപ അപഹരിച്ച സംഭവവുമുൾപ്പെടെയുള്ള നിരവധി കേസുകളിൽ ഇയാൾ പ്രതിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. 

ചക്കരക്കല്ലിലെ ഫസീല എന്ന സ്ത്രീയിൽ നിന്നും വാടകയ്ക്ക് എടുത്ത് തിരിച്ചു കൊടുക്കാതിരുന്ന ഗുഡ്‌സ് ഓട്ടോയിൽ സഞ്ചരിച്ചാണ് കവർച്ച നടത്തിയിരുന്നത്. കഴിഞ്ഞ മാസം പെരിങ്ങോത്തെ ഒരു നഴ്‌സറിയിൽ നിന്ന് കവർന്ന വില കൂടിയ പൂച്ചെടികളും മറ്റും ഈ വാഹനത്തിൽ കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിച്ച് നൽകിയത് വിവാദമായിരുന്നു. ഇവിടെ നിന്നും മടങ്ങും വഴി പറശ്ശിനി പാലത്തിന് സമീപം വെച്ച് പോലീസിനെ കണ്ട് ഓട്ടോ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. ഇതിന് ശേഷമുള്ള ദിവസങ്ങളിലാണ് പയ്യന്നൂർ മേഖലയിൽ വ്യാപകമായി കവർച്ചകൾ നടത്തിയത്. ഒരു ദിവസം തന്നെ നിരവധി സ്ഥാപനങ്ങളിൽ കവർച്ച നടത്തുകയാണ് രീതി. ഇയാളുടെ രണ്ട് കൂട്ടാളികൾ കഴിഞ്ഞ മാസം പിടിയിലായെങ്കിലും സന്തോഷിനെ പിടികൂടാൻ കഴിഞ്ഞില്ല. മുൻ കാലങ്ങളിൽ കാവിമുണ്ടും ഷർട്ടും ധരിച്ച് അലസമായി നടന്നിരുന്ന ഇയാൾ അടുത്തിടെ ജീൻസും ടീഷർട്ടും ധരിക്കാൻ തുടങ്ങിയതും ആളെ പിടികൂടുന്നതിന് തടസ്സമായി. നേരത്തെ കവർച്ച കേസുകളിൽ പലതവണ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. ജയിലിൽ വെച്ച് പരിചയപ്പെടുന്നവരെയാണ് പിന്നീട് പുറത്തിറങ്ങുമ്പോൾ തന്റെ സംഘത്തിൽ ഉൾപ്പെടുത്താറുള്ളത്. കവർച്ച നടത്തി കിട്ടുന്ന പണം മദ്യപിക്കാനും മറ്റുമാണ് ഉപയോഗിക്കാറുള്ളത്. പയ്യന്നൂർ ഇൻസ്‌പെക്ടർ ഓഫ് പോലീസ് എം.സി പ്രമോദ്, എസ്.ഐ കെ.ടി ബിജിത്ത്, അഡീഷണൽ എസ്.ഐ മനോഹരൻ, എ.എസ്.ഐ എ.ജി അബ്ദുൽ റൗഫ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.