26 April 2024 Friday

കര്‍ഷകരോഷം തിരിച്ചടിച്ചു തദ്ദേശ തിരഞ്ഞെടുപ്പ് പഞ്ചാബിൽ തകർന്നടിഞ്ഞ് ബിജെപി കോൺഗ്രസിന് വൻ മുന്നേറ്റം

ckmnews

കര്‍ഷകരോഷം തിരിച്ചടിച്ചു തദ്ദേശ തിരഞ്ഞെടുപ്പ് പഞ്ചാബിൽ തകർന്നടിഞ്ഞ് ബിജെപി


 കോൺഗ്രസിന് വൻ മുന്നേറ്റം


കര്‍ഷക പ്രതിഷേധങ്ങള്‍ക്കിടെ പഞ്ചാബിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ തിരിച്ചടി. എട്ട് കോര്‍പ്പറേഷനിലേക്കും 109 നഗര പഞ്ചായത്തുകളിലേക്കും നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നേറ്റമാണ്. ബിജെപി ശക്തി കേന്ദ്രങ്ങളിലും പാര്‍ട്ടിക്ക് കാലിടറി.


കര്‍ഷക പ്രക്ഷോഭം ആരംഭിച്ചതിന് ശേഷം പഞ്ചാബില്‍ നടന്ന ആദ്യ രാഷ്ട്രീയ പരീക്ഷണത്തിലാണ് ബിജെപിക്ക് കാലിടറിയത്. വോട്ടെടുപ്പ് പുരോഗമിക്കുമ്പോള്‍ 8 കോര്‍പ്പറേഷനിലും കോണ്‍ഗ്രസാണ് മുന്നില്‍. ബതാല, പത്താന്‍കോട്ട് കോര്‍പ്പറേഷന്‍ കോണ്‍ഗ്രസ് തൂത്തുവാരി. ബിജെപിക്ക് സ്വാധീനമുള്ള ഗുരുദാസ്പൂര്‍ നഗരപഞ്ചായത്തില്‍ ആകെയുള്ള 29 വാര്‍ഡുകളും കോണ്‍ഗ്രസ് നേടി. കോര്‍പ്പറേഷനുകളിലും നഗരപഞ്ചായത്തുകളിലും ബിജെപി നില പരിതാപകരമാണ്. 


നേരത്തെ ബിജെപി സഖ്യകക്ഷിയായിരുന്ന ശിരോമണി അകാലിദളിനും കാര്യമായ നേട്ടമുണ്ടാക്കാനായില്ല. മജീദ, മാലൗട്ട് നഗരപഞ്ചായത്തുകള്‍ അകാലിദള്‍ നേടി. ചില നഗരപഞ്ചായത്തുകളില്‍ ആംആദ്മി പാര്‍ട്ടി മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും ഇവിടങ്ങളില്‍ കോണ്‍ഗ്രസിനെ മറികടക്കാനായില്ല. ശ്രീ അനന്ത്പൂര്‍ സാഹിബില്‍ 13 വാര്‍ഡിലും സ്വതന്ത്രന്മാരാണ് വിജയിച്ചത്. ഹോഷിയാര്‍പൂരില്‍ ബിജെപി മുന്‍മന്ത്രി ത്രിക്ഷാന്‍ സൂദിന്‍റെ ഭാര്യ പരാജയപ്പെട്ടു. വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള ജനവിധിയാണിതെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. 2015ലെ തിരഞ്ഞെടുപ്പില്‍ അകാലിദളും ബിജെപിയും സഖ്യത്തിലാണ് മല്‍സരിച്ചത്. കഴിഞ്ഞ തവണ 6 ശതമാനം വോട്ട് കൂടുതല്‍ കോണ്‍ഗ്രസിനേക്കാള്‍ സഖ്യത്തിന് ലഭിച്ചിരുന്നു. അകാലിദള്‍ സഖ്യം വിട്ടതും ബിജെപിയുടെ കനത്ത തിരിച്ചടിക്ക് കാരണമായി