08 May 2024 Wednesday

കര്‍ഷക സമരം; ഡല്‍ഹിയില്‍ പച്ചക്കറി വില കുതിക്കുന്നു

ckmnews

ന്യൂഡല്‍ഹി–ഡല്‍ഹിയില്‍ കര്‍ഷക പ്രതിഷേധത്തെ തുടര്‍ന്ന് പ്രധാന റോഡുകള്‍ അടച്ചതിന്‍്റെ പശ്ചാത്തലത്തില്‍ ഗതാഗതം തടസ്സപ്പെട്ടതിനെ തുടര്‍ന്ന് പച്ചക്കറി വില വര്‍ധിക്കുന്നു.ഡല്‍ഹിയിലെ ഏറ്റവും വലിയ ഹോള്‍സെയില്‍ മാര്‍ക്കറ്റായ ആസാദ്പൂര്‍ മന്ദിയില്‍ അടക്കം സ്റ്റോക്ക് കുറഞ്ഞ് വില കുതിക്കുകയാണ്.

കര്‍ഷകരുടെ പ്രക്ഷോഭം തടയാന്‍ ഡല്‍ഹിയിലേക്കുള്ള കൂടുതല്‍ അതിര്‍ത്തികള്‍ പൊലീസ് അടച്ചിരുന്നു. ഡല്‍ഹി-നോയിഡ ലിങ്ക് റോഡിലെ ചില്ല അതിര്‍ത്തിയാണ് അടച്ചത്.

ഹരിയാനയോട് ചേര്‍ന്നുള്ള സിംഗു, തിക്രി, ജരോഡ, ജാട്ടിഖ്റ അതിര്‍ത്തികള്‍ അടഞ്ഞുതന്നെ കിടക്കുമെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു. കൂടുതല്‍ കര്‍ഷകര്‍ എത്തുന്ന സാഹചര്യത്തില്‍ അതിര്‍ത്തി മേഖലകളില്‍ പൊലീസ് വിന്യാസം വര്‍ധിപ്പിച്ചു.

അതേസമയം കാര്‍ഷിക നിയമങ്ങളിലെ വിവാദ വ്യവസ്ഥകള്‍ വ്യക്തമാക്കി കേന്ദ്രസര്‍ക്കാരിന് കര്‍ഷക സംഘടനകള്‍ കരട് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടിന് കര്‍ഷക സംഘടനകള്‍ യോഗം ചേരും. സിംഗു അതിര്‍ത്തിയിലെ പ്രക്ഷോഭ സ്ഥലത്താണ് ചര്‍ച്ച. നിയമങ്ങളിലെ പ്രശ്‌നങ്ങള്‍ രേഖാമൂലം അറിയിക്കാന്‍ ഇന്നലെ കേന്ദ്രം ആവശ്യപ്പെട്ടിരുന്നു.

കര്‍ഷക സമരത്തിലെ പ്രതിനിധികളുമായി കേന്ദ്ര സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഉചിതമായ നടപടി ഉണ്ടാകുന്നതുവരെ സമരം തുടരുമെന്നാണ് കര്‍ഷകര്‍ അറിയിച്ചിരിക്കുന്നത്.