30 April 2024 Tuesday

ചെന്നൈക്കെതിരെ സെഞ്ച്വറി; മുംബൈ ഇന്ത്യൻസിനായി അപൂർവ്വ റെക്കോർഡിട്ട് ഹിറ്റ്മാൻ

ckmnews


മുംബൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിം​ഗ്സിനോട് മുംബൈ പരാജയപ്പെട്ടുവെങ്കിലും മുംബൈ ആരാധകർക്ക് ആശ്വാസമായത് രോഹിത് ശർമ്മയുടെ സെഞ്ച്വറിയാണ്. ഇതോടെ ഒരു അപൂർവ്വ റെക്കോർഡും ഹിറ്റ്മാൻ സ്വന്തമാക്കി. ഐപിഎൽ ചരിത്രത്തിൽ ആദ്യമായാണ് ഒരു മുംബൈ ഇന്ത്യൻസ് താരം രണ്ട് തവണ സെഞ്ച്വറി നേടുന്നത്.

63 പന്തിൽ 105 റൺസുമായി രോഹിത് ശർമ്മ പുറത്താകാതെ നിന്നു. 11 ഫോറും അഞ്ച് സിക്സും സഹിതമാണ് ഹിറ്റ്മാന്റെ ഇന്നിം​ഗ്സ്. മുമ്പ് 2012ലാണ് രോഹിത് മുംബൈയ്ക്കായി സെഞ്ച്വറി നേടിയത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 60 പന്തിൽ 109 റൺസുമായി രോഹിത് പുറത്താകാതെ നിന്നു.

ഇതുവരെ ആറ് താരങ്ങളാണ് മുംബൈയ്ക്കായി സെഞ്ച്വറി നേടിയിട്ടുള്ളത്. സന്നത് ജയസൂര്യ, സച്ചിൻ തെണ്ടുൽക്കർ, ലെൻഡൽ സിമൻസ്, സൂര്യകുമാർ യാദവ്, കാമറൂൺ ​ഗ്രീൻ എന്നിവർ മുമ്പ് സെഞ്ച്വറി തികച്ചിരുന്നു. സന്നത് ജയസൂര്യ പുറത്താകാതെ നേടിയ 114 റൺസാണ് ഒരു മുംബൈ ഇന്ത്യൻസ് താരത്തിന്റെ ഉയർന്ന വ്യക്തി​ഗത സ്കോർ.